ഹവാല കേസ്: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറുടെ അക്കൗണ്ടുകള്‍ സി ബി ഐ പരിശോധിച്ചു

Posted on: March 15, 2013 7:29 am | Last updated: March 15, 2013 at 7:29 am
SHARE

കോഴിക്കോട്: ഇരുപത്തിയഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങി ഹവാല കേസ് ഒതുക്കാന്‍ ശ്രമിച്ച കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടറുടെ ബേങ്ക് അക്കൗണ്ടുകള്‍ സി ബി ഐ പരിശോധിച്ചു. ജി എസ് ചാന്ദിനിയുടെ കല്ലായ് റോഡിലുള്ള അലഹബാദ് ബേങ്ക്, സെന്‍ട്രല്‍ ബേങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലെ അക്കൗണ്ടുകളും ലോക്കറുകളുമാണ് ഇന്നലെ രാവിലെ സി ബി ഐ കൊച്ചി യൂനിറ്റിലെ ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. ബേങ്കിടപാടുമായി ബന്ധപ്പെട്ട ഒട്ടേറെ രേഖകള്‍ ശേഖരിച്ച സി ബി ഐ സംഘം ചാന്ദിനിയുടെ പേരിലുള്ള ലോക്കറുകളില്‍ വിശദ പരിശോധന നടത്തി.
അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സി ബി ഐ സംഘം എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ പരമേശ്വരന്‍ നായരുടെ ബേങ്ക് ലോക്കറും അക്കൗണ്ടുകളും പരിശോധിച്ചിരുന്നു.
കേസില്‍ കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജി എസ് ചാന്ദിനി ഒന്നാം പ്രതിയും എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ പരമേശ്വരന്‍ നായര്‍ രണ്ടാം പ്രതിയുമാണ്. ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയ തിരുവള്ളക്കാവ് അയ്യപ്പത്ത് വീട്ടില്‍ ശങ്കരന്‍, തൃശൂര്‍ ചീരാച്ചി മണളി വീട്ടില്‍ ആന്റച്ചന്‍ എന്നിവരെ യഥാക്രമം മൂന്ന്, നാല് പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.