Connect with us

Kozhikode

മൂര്‍ഖന്‍ വട്ടം കറക്കി; പൊറ്റമ്മലില്‍ പരിഭ്രാന്തിയുടെ മണിക്കൂറുകള്‍

Published

|

Last Updated

യുവാവിനെ കടിച്ചതിനെ തുടര്‍ന്ന് പിടികൂടിയ മൂര്‍ഖന്‍ പാമ്പ് കാറില്‍ നിന്ന് കാണാതായി. ദേശീയ പാതയില്‍ നിര്‍ത്തിയിട്ട കാറില്‍ പാമ്പിനായി യാത്രക്കാരുടെയും നാട്ടുകാരുടെയും ആവേശകരമായ തിരച്ചില്‍. തിരച്ചില്‍ മതിയാക്കുന്നതിനിടെ കാറിന്റെ ഡ്രൈവിംഗ് സീറ്റിന് അടിയില്‍ അതാ പാമ്പ്!. ഒടുവില്‍ മറ്റൊരാള്‍ പാമ്പിനെ പിടികൂടിയെങ്കിലും അയാള്‍ക്കും കടിയേറ്റു. അന്ത്യന്തം നാടകീയ സംഭവങ്ങള്‍ക്കാണ് ഇന്നലെ പൊറ്റമ്മല്‍ ടൗണ്‍ സാക്ഷ്യം വഹിച്ചത്.
പരപ്പനങ്ങാടി തിരൂര്‍ റോഡ് പെട്രോള്‍ പമ്പിന് സമീപം പച്ചക്കറികട നടത്തുന്ന കറുത്തേടത്ത് മുഹമ്മദി്‌ന് കടയില്‍ നിന്നും പാമ്പ് കടിയേറ്റു. ഇയാള്‍ക്ക് കടിയേറ്റ ഉടനെ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസെത്തി പാമ്പ് പിടുത്തക്കാരുടെ സഹായത്തോടെ മൂര്‍ഖനെ പിടികൂടി. പാമ്പ് കടിയേറ്റ യുവാവിനോടൊപ്പം കടിച്ച പാമ്പിനെയും തിരിച്ചറിയാനായി പോലീസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പുറപ്പെട്ടു. എന്നാല്‍ തൊണ്ടയാട് ബൈപ്പാസില്‍ പൊറ്റമ്മല്‍ ജംഗ്ഷനില്‍ എത്തിയപ്പോള്‍ പാമ്പ് ചാക്കില്‍ നിന്ന് പുറത്തുചാടിയതോടെ പോലീസും നാട്ടുകാരും പുലിവാല്‍ പിടിക്കുകയായിരുന്നു.
പാമ്പ് കടിയേറ്റ മുഹമ്മദിനെ മറ്റൊരു വാഹനത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തുടര്‍ന്നാണ് പോലീസും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചത്. മാത്തോട്ടം വനശ്രീയില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പാമ്പ് പിടുത്തക്കാരനായ ലത്വീഫും (ബാബു) തിരച്ചിലില്‍ പങ്കുകൊണ്ടു. പിന്നാലെ വന്ന വാഹനങ്ങളും തിരച്ചില്‍ ആരംഭിച്ചതോടെ ബൈപ്പാസില്‍ ഗതാഗത തടസ്സമുണ്ടായി.
മറ്റ് വാഹനങ്ങളിലുള്ളവരും റോഡിലിറങ്ങി. ഒടുവില്‍ പാമ്പ് രക്ഷപ്പെട്ടതായി കരുതി തിരച്ചില്‍ മതിയാക്കി പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് സീറ്റിനുള്ളില്‍ നിന്നും പാമ്പ് പ്രത്യക്ഷപ്പെട്ടത്.
ഒരു വിധത്തില്‍ ലത്വീഫ് പാമ്പിനെ പിടികൂടി ചാക്കിലാക്കി. എന്നാല്‍ ഫോട്ടോ ഗ്രാഫര്‍മാര്‍ക്കും ചാനല്‍ ക്യാമറാമാന്‍മാര്‍ക്കും പമ്പിനെ കാണണമെന്നായി. ഇവര്‍ക്ക് കാണാനായി പുറത്തെടുത്ത പാമ്പിനെ വീണ്ടും ചാക്കിലാക്കുന്നതിനിടെ ഇയാള്‍ക്കും കടിയേല്‍ക്കുകയായിരുന്നു. ഇയാളുടെ കൈവിരലിനാണ് കടിയേറ്റത്.
അബോധാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പക്കപ്പെട്ട മുഹമ്മദ് തീവ്ര പരിചരണ വിഭാഗത്തിലാണ്. ലത്വീഫിന്റെ പരുക്ക് ഗരുതരമുള്ളതല്ല.

---- facebook comment plugin here -----

Latest