ഷിനു ഓടുന്നു; സഹജീവികളുടെ ജീവന്‍ നിലനിര്‍ത്താന്‍

Posted on: March 15, 2013 7:25 am | Last updated: March 15, 2013 at 7:25 am
SHARE

കോഴിക്കോട്:ഈ ഓട്ടം ജീവനുവേണ്ടിയുള്ളതാണ്. സഹജീവികളോടുള്ള സ്‌നേഹവും അനുകമ്പയുമാണ് ഷിനുവിനെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഒപ്പം പ്രിയപ്പെട്ടവരുടെ അകാലമരണവും. നെയ്യാറ്റിന്‍കര വിഷ്ണുപുരത്തെ ശ്രീനിവാസന്റെയും ശുഭാ ദേവിയുടെയും മകനായ എ എസ് ഷിനുവാണ് നിര്‍ധനരായ രോഗികളെ സഹായിക്കാന്‍ വേണ്ടി ഓട്ടം തുടങ്ങിയത്.

മൂന്ന് വര്‍ഷത്തിലേറെയായി ഓടുക തന്നെയാണ് ഷിനു. ആദ്യ മാരത്തോണിലൂടെ പെരുമ്പാവൂരിലെ ഏഴ് വയസ്സുകാരന്‍ അക്ഷയിനു 1, 40,000 രൂപയാണ് സ്വരൂപിച്ചത്. പതിനഞ്ചിലേറെ കാന്‍സര്‍ രോഗികള്‍ക്ക് 15 ലക്ഷത്തില്‍പ്പരം രൂപ ഷിനു നേടികൊടുത്തതും ഓടികൊണ്ട് തന്നെ.
ഇന്നലെ പ്രസ് ക്ലബ്ബ് പരിസരത്ത് നിന്ന് രാവിലെ 12.30ന് ആരംഭിച്ച ഓട്ടം എ പ്രദീപ്കുമാര്‍ എം എല്‍ എ ഫഌഗ് ഓഫ് ചെയ്തു. കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയാണ് ഇത്തവണത്തെ ഓട്ടം. പാലക്കാട്, എറണാകുളം, സ്വദേശികളായ കുട്ടികളുടെ ചികിത്സക്കായുള്ള ധന സമാഹരണമാണ് ഇത്തവണത്തെ ലക്ഷ്യമെന്ന് ഷിനു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാരത്തോണില്‍ ഷിനുവിന് എല്ലാ സഹായവും പിന്തുണയും നല്‍കുന്നത് സുഹൃത്തുക്കളാണ്.
ഓടുന്നതിനു മുമ്പ് സഹായമഭ്യര്‍ഥിച്ചുള്ള പ്രചാരണ വാഹനവുമുണ്ട്. വാഹനത്തിലുള്ളവര്‍ മൈക്കിലൂടെ ഉദ്ദേശം നാട്ടുകാരെ അറിയിക്കും. ഒരു രൂപ മുതല്‍ ആയിരം രൂപവരെ ആളുകള്‍ നല്‍കുന്നുണ്ടെന്ന് ഷിനു പറഞ്ഞു. ഒരു ദിവസം 50 മുതല്‍ 60കി ലോ മീറ്റര്‍ ലക്ഷ്യമിട്ടാണ് ഓടി തുടങ്ങുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ പാറശാല മുതല്‍ മഞ്ചേശ്വരം വരെയും പാറശാല മുതല്‍ വയനാട് വരെയും ഓടി സമാഹരിച്ച പണത്തിലൂടെ കോട്ടയം മെഡിക്കല്‍ കോളജ്., ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ എന്നിവടിങ്ങളിലെയും വിവിധ പ്രദേശങ്ങളിലെയും രോഗികള്‍ക്ക് വലിയൊരു തുക നല്‍കിയിരുന്നു.
.ആദ്യമായി 2006ല്‍ പ്രശസ്ത ഓട്ടക്കാരന്‍ ബാഹുലേയനോടൊപ്പമാണ് ഷിനു ഓടിയത്. 11 ദിവസം എടുത്താണ് ആ ദൗത്യം പൂര്‍ത്തിയാക്കിയത്. ആ ഓട്ടത്തില്‍ 19000 രൂപയാണ് ലഭിച്ചത.് .തുടര്‍ന്നങ്ങോട്ട് ഓട്ടം ജീവിതചര്യയാക്കുകയായിരുന്നു ഷിനു..
ഓടിമാത്രം സ്‌കൂളില്‍ പോയി ഓട്ടമത്സത്തില്‍ ജില്ലാതലങ്ങളില്‍ പങ്കാളയായി അവസാനം ഓട്ടം മറ്റുള്ളവര്‍ക്ക് വേണ്ടിയാക്കി മാറ്റുകയായിരുന്നു.
കാലുകൊണ്ട് അന്യന് കൈത്താങ്ങായി മാറുകയാണ് ഈ വേഗക്കാരന്‍. അതുകൊണ്ടു തന്നെ ജീവനുവേണ്ടിയുള്ള ഈ ഓട്ടം അവസാനിക്കുന്നില്ല.