പുല്ലാണി മൂര്‍ഖന്റെ കടിയേറ്റ് വ്യാപാരിയും പാമ്പ് പിടുത്തക്കാരനും ആശുപത്രിയില്‍

Posted on: March 15, 2013 7:03 am | Last updated: March 15, 2013 at 7:04 am
SHARE

പരപ്പനങ്ങാടി: പാമ്പ്കടിയേറ്റ് വ്യാപാരിയും പാമ്പ് പിടുത്തക്കാരനും ആശുപത്രിയില്‍. ഇന്നലെ പുലര്‍ച്ചെ 6.30ഓടെയാണ് പരപ്പനങ്ങാടി റെയില്‍വേ ഗേറ്റിന് സമീപത്തെ പച്ചക്കറികടയിലെ വില്‍പ്പനക്കാരനായ കറുത്തേടത്ത് മുഹമ്മദി(42)ന് കറിവേപ്പിലക്കിടയില്‍ നിന്ന് പുല്ലാണി മൂര്‍ഖന്റെ കടിയേറ്റത്. പ്രാഥമിക ചികിത്സക്ക് ശേഷം ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരൂരില്‍ നിന്നെത്തിയ പാമ്പ് പിടുത്തക്കാരന്‍ ഹുസൈന്‍ കടിച്ച പാമ്പിനെ പിടികൂടി ചാക്കിലാക്കിയ ശേഷം കാറില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. യാത്രക്കിടെ ചാക്കിലെ പാമ്പ് അപ്രത്യക്ഷമായി. വിവരമറിഞ്ഞ് ഫറോക്ക് സ്വദേശിയായ പാമ്പ് പിടുത്തക്കാരന്‍ അബ്ദുലത്വീഫ് കാര്‍ അരിച്ചുപെറുക്കി പാമ്പിനെ വീണ്ടും പിടികൂടുന്നതിനിടയില്‍ അബ്ദുലത്വീഫിനും കടിയേല്‍ക്കുകയായിരുന്നു. ഇയാളെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുഹമ്മദ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. എന്നാല്‍ അബ്ദുലത്വീഫിന് കാര്യമായി വിഷയം തീണ്ടിയിട്ടില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. പിടികൂടിയ പുല്ലാണി മൂര്‍ഖനെ താമരശ്ശേരി വനശ്രീ അധികൃതര്‍ ഏറ്റുവാങ്ങി കാട്ടില്‍വിട്ടു.