സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്‌: തൊഴിലില്ലായ്മ കൂടുന്നു

Posted on: March 15, 2013 12:23 am | Last updated: March 15, 2013 at 1:28 pm
SHARE

economics.2തിരുവനന്തപുരം:സംസ്ഥാനത്തിന്റെ വളര്‍ച്ചാ നിരക്ക് 9.5 ശതമാനമായി ഉയര്‍ന്നതായി സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ വളര്‍ച്ചാ നിരക്കാണിത്. പ്രതിശീര്‍ഷ വരുമാനം 8.85 ശതമാനമായി വര്‍ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംസ്ഥാനത്ത് തൊഴിലില്ലായ്മ വര്‍ധിച്ചുവരികയാണ്. കടബാധ്യത കൂടുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

ഇന്ന് ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് ധനമന്ത്രി കെ എം മാണി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പുറത്തിറക്കിയത്. സംസ്ഥാനത്തിന്റെ മൊത്തം കടം 89,418 കോടിയായി ഉയര്‍ന്നപ്പോള്‍ ആളോഹരി കടം 24,600 രൂപയായി. 13.7 ശതമാനം വര്‍ധനവാണ് കടത്തില്‍ ഉണ്ടായിരിക്കുന്നത്. നികുതി വരുമാനത്തില്‍ 18 ശതമാനത്തിന് മേല്‍ വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ ബജറ്റില്‍ നികുതി വരുമാനം 26641 കോടി രൂപയായാണ് കണക്കാക്കിയിരുന്നത്. ഇതില്‍ 25719 കോടി രൂപ ലഭ്യമായിട്ടുണ്ട്.
അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയില്‍ പതിനൊന്നാം പദ്ധതിയില്‍ 1.3 ശതമാനം നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജനുവരി മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കണക്കുകള്‍ ഉദ്ധരിച്ചാണ് വിലനിലവാരം താരതമ്യപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, കേരളത്തിന്റെ ഉത്പന്നങ്ങളായ വെളിച്ചെണ്ണ, തേങ്ങ, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ വില കുത്തനെ കുറഞ്ഞു. ഭക്ഷ്യധാന്യമല്ലാത്തവയുടെ വിലയിലും കുറവുണ്ടായി. വീടുകളില്‍ പച്ചക്കറി കൃഷി നടത്തിയും മുട്ട, പാല്‍ എന്നിവയുടെ ഉത്പാദനം വര്‍ധിപ്പിച്ചും വില നിലവാരം നിയന്ത്രിക്കണമെന്നാണ് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നത്.
കാര്‍ഷിക മേഖലയുടെ വരുമാനത്തില്‍ 4.5 ശതമാനത്തിന്റെ കുറവുണ്ടായി. നാളികേര ഉത്പാദനത്തിലും വന്‍ കുറവ് രേഖപ്പെടുത്തി. കേരളത്തിലെ മൊത്തം കൃഷിയിടത്തിന്റെ 40.2 ശതമാനവും നാളികേരമാണ്. എന്നാല്‍, കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ 1.2 ശതമാനവും 6.7 ശതമാനവും കുറവാണ് രേഖപ്പെടുത്തിയത്. എന്നാല്‍, പാലുത്പാദനത്തില്‍ വളര്‍ച്ചയുണ്ടായി. 5.1 ശതമാനമാണ് ഈ മേഖലയിലെ ശരാശരി വാര്‍ഷിക വളര്‍ച്ച. ഇത് ഇന്ത്യയിലെ മൊത്തം ഉത്പാദനത്തിന്റെ 4.4 ശതമാനം കൂടുതലാണ്. മുട്ട ഉത്പാദനത്തില്‍ 7.4 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി.
ഉത്പന്ന മേഖലയില്‍ 13.5 ശതമാനത്തിന്റെ കുറവുണ്ടായി. സംസ്ഥാനത്തെ ചെറുകിട വ്യവസായ സംരംഭകരുടെ എണ്ണവും വര്‍ധിച്ചു. കഴിഞ്ഞ മാര്‍ച്ച് 31 വരെയുള്ള കണക്ക് അനുസരിച്ച് 20,5987 സംരംഭങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറ് ശതമാനം കൂടുതലാണിത്.
നികുതിയേതര വരുമാനത്തിന്റെ മുഖ്യ പങ്ക് വനവിഭവങ്ങളില്‍ നിന്നും സാമൂഹിക വികസന സേവനങ്ങളില്‍ നിന്നുമാണ്. 34.3 ശതമാനം വര്‍ധനവാണ് നികുതിയേതര വരുമാനത്തിലുണ്ടായത്.
പദ്ധതി, പദ്ധതിയേതര വരുമാനത്തിലും ചെലവിലും വര്‍ധനയുണ്ടായി. 44961 കോടി രൂപയാണ് പോയ വര്‍ഷത്തെ റവന്യൂ ചെലവ്. സബ്‌സിഡി കുത്തനെ ഉയര്‍ന്നു. 2007-08ല്‍ 202 കോടി സബ്‌സിഡി നല്‍കിയതെങ്കില്‍ കഴിഞ്ഞവര്‍ഷം ഇത് 1014 കോടിയായി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വരുമാന കമ്മി വരുമാന ചെലവിനേക്കാള്‍ കൂടി നില്‍ക്കുന്ന ചുരുക്കം സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളം. തൊഴിലില്ലായ്മയുടെ കാര്യത്തില്‍ സംസ്ഥാനം നാലാം സ്ഥാനത്താണ്. 45 ലക്ഷം തൊഴില്‍രഹിതരാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 43 ലക്ഷമായിരുന്നു. തൊഴില്‍രഹിതരില്‍ 27.5 ലക്ഷം പേര്‍ സ്ത്രീകളാണ്. അന്തര്‍സംസ്ഥാന തൊഴിലാളികള്‍ കൂടുതല്‍ പാലക്കാട്ടും കുറവ് ഇടുക്കിയിലുമാണ്. 4.9 ശതമാനമാണ് കേരളത്തിലെ ജനസംഖ്യാ വളര്‍ച്ചാനിരക്ക്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ജനസംഖ്യാ വളര്‍ച്ചാനിരക്ക് കുറഞ്ഞുവരികയാണ്. മലപ്പുറം ജില്ലയാണ് ജനസംഖ്യാനുപാതത്തില്‍ മുന്നില്‍. 12.3 ശതമാനം. കുറവ് വയനാട്ടിലും. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി വിദേശികളുടെ വരവില്‍ കുറവുണ്ടായെങ്കിലും 2012ല്‍ ഇത് വര്‍ധിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 11 ശതമാനത്തിന്റെ വര്‍ധനവാണ് 2011-12ല്‍ ഉണ്ടായത്.