Connect with us

Kerala

ടി പി വധം: കാറില്‍ വാള്‍ പോലുള്ള സാധനങ്ങള്‍ കയറ്റുന്നത് കണ്ടതായി സാക്ഷി മൊഴി

Published

|

Last Updated

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട ദിവസം അഴിയൂരിനടുത്ത് കോറോത്ത് റോഡില്‍ വൃദ്ധസദനത്തിന് സമീപം നിര്‍ത്തിയിട്ട ഇന്നോവ കാറിലേക്ക് വാളുപോലുള്ള സാധനങ്ങള്‍ കയറ്റുന്നത് കണ്ടതായി സാക്ഷി മൊഴി. കേസിലെ 17-ാം സാക്ഷി കോറോത്ത് റോഡ് കൈവയലില്‍ കുനിയില്‍ സുബോധാണ് പ്രോസിക്യൂഷന്‍ വിസ്താരത്തിനിടെ മൊഴി നല്‍കിയത്. ഇന്നോവ കാറും പ്രതികളായ ടി കെ രജീഷ്, അണ്ണന്‍ സിജിത്ത്, ദില്‍ഷിദ് ഫസല്‍ എന്നിവരെയും ഇയാള്‍ തിരിച്ചറിഞ്ഞു. ഇന്നോവ കാറില്‍ അറബി അക്ഷരത്തില്‍ എഴുതിയ സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നതായും ഇയാള്‍ മാറാട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണപ്പിഷാരടി മുമ്പാകെ മൊഴി നല്‍കി.
ടി പി കൊല്ലപ്പെട്ട 2012 മെയ് നാലിന് രാത്രി ഒമ്പത് മണിയോടെയാണ് കോറോത്ത് റോഡില്‍ വൃദ്ധസദനത്തിന് സമീപം നിര്‍ത്തിയിട്ട കാറില്‍ സാധനങ്ങള്‍ കയറ്റുന്നത് കണ്ടത്. താനും കോറോത്ത് റോഡില്‍ ഫ്‌ളോര്‍മില്‍ നടത്തുന്ന സുഹൃത്ത് ശ്രീജേഷും ബൈക്കില്‍ മാഹി റെയില്‍വേ സ്റ്റേഷനടുത്തുള്ള മുരുകന്റെ കടയില്‍ പണം നല്‍കി തിരിച്ചുവരുമ്പോഴാണ് ഇന്നോവ കാര്‍ നിര്‍ത്തിയിട്ടതായി കണ്ടത്. ശ്രീജേഷ് അരിയും മറ്റും വാങ്ങുന്നത് മുരുകന്റെ കടയില്‍ നിന്നാണ്. ഇതിന്റെ പണം നല്‍കി തന്റെ ബൈക്കില്‍ വരികയായിരുന്നു. മദ്യപന്മാരുടെ ശല്യമുള്ള സ്ഥലമായതിനാല്‍ കോറോത്ത് റോഡില്‍ ഇന്നോവ കണ്ടപ്പോള്‍ ബൈക്ക് നിര്‍ത്തുകയായിരുന്നു. കാറിനടുത്ത് ദില്‍ഷാദ്, ഫസല്‍ എന്നിവര്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഇവരെ നേരത്തെ പരിചയമുള്ളതിനാല്‍ പെട്ടെന്ന് മനസ്സിലാക്കാനായി. ഇവരെ കൂടാതെ കാറിന് സമീപമുണ്ടായിരുന്ന ഉയരം കൂടിയ കറുത്ത് തടിച്ച് കഷണ്ടിയുള്ള ആളെയും കറുത്ത് തടിച്ച മറ്റൊരാളെയു തിരിച്ചറിയാന്‍ കഴിഞ്ഞെന്നും സുബോധ് മൊഴി നല്‍കി. കൊലയാളി സംഘത്തില്‍പെട്ട ടി കെ രജീഷും സിജിത്തുമാണ് ഇവരെന്ന് സുബോധ് മൊഴി നല്‍കി. കാറിനടുത്ത് ആറ് പേര്‍ ഉണ്ടായിരുന്നതായും ഇക്കാര്യം പൊലീസിന് നേരത്തെ മൊഴി നല്‍കിയിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.
ടി പി കൊല്ലപ്പെട്ട വിവരം മെയ് നാലിന് രാത്രി 11 മണിക്കാണ് അറിഞ്ഞത്. കൊലയാളികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ചൊക്ലിയില്‍ നിന്ന് കണ്ടെടുത്തതായി അറിഞ്ഞിരുന്നു. എടച്ചേരി പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് കാര്‍ കണ്ടതെന്നും സുബോധ് പറഞ്ഞു.
എന്നാല്‍ സുബോധ് ആര്‍ എം പിക്കാരനായതിനാലാണ് തെറ്റായ മൊഴികള്‍ നല്‍കുന്നതെന്ന് പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു. ശ്രീജേഷിന്റെ ഭാര്യ അനിഷ അഴിയൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ ആര്‍ എം പി സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചതാണെന്ന് പ്രതിഭാഗം അഭിഭാഷകനായ എം അശോകന്‍ വാദിച്ചു. ഉദയസൂര്യന്‍ എന്ന ചിഹ്നത്തിലാണ് അനിഷ മത്സരിച്ചതെന്ന അഭിഭാഷകന്റെ വാദം സാക്ഷി നിഷേധിച്ചു. തുലാസ് അടയാളത്തിലാണ് ഭാര്യ മത്സരിച്ചതെന്ന് സുബോധ് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പങ്കെടുത്തിരുന്നുവോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു സുബോധിന്റെ മറുപടി.

Latest