Connect with us

Kerala

കുടിവെള്ളത്തില്‍ മാലിന്യം കൂടുതല്‍ കേരളത്തില്‍; ലാഭകരമല്ലാത്ത സ്‌കൂളുകള്‍ വര്‍ധിച്ചു

Published

|

Last Updated

തിരുവനന്തപുരം:രാജ്യത്ത് കുടിവെള്ളത്തില്‍ ഏറ്റവുമധികം മാലിന്യം കലര്‍ന്നിരിക്കുന്ന സംസ്ഥാനം കേരളമാണെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ലാഭകരമല്ലാത്ത സ്‌കൂളുകളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ 34 ശതമാനം കുടിവെള്ള സ്രോതസ്സും മലിനപ്പെട്ടിരിക്കുകയാണ്. കുടിവെള്ളത്തില്‍ ഇരുമ്പ്, ഫഌറൈഡ്, സാലിനിറ്റി, നൈട്രേറ്റ്, ബാക്ടീരിയ മുതലായവയുള്ളതായി പരിശോധനകളില്‍ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോഴിക്കോട് ജില്ലയിലെ കുടിവെള്ള സ്രോതസ്സുകളാണ് ഏറ്റവും കൂടുതല്‍ മലിനപ്പെട്ടിരിക്കുന്നത്. 54 ശതമാനം. തിരുവനന്തപുരം, കണ്ണൂര്‍, കാസര്‍കോട്, എറണാകുളം, പാലക്കാട് ജില്ലകളിലെ അവസ്ഥയും ഗുരുതരമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പത്തനംതിട്ട, മലപ്പുറം, ഇടുക്കി, വയനാട് ജില്ലകളാണ് ഇക്കാര്യത്തില്‍ മികച്ച നേട്ടം കൈവരിച്ചിരിക്കുന്നത്. രാജ്യത്താകെ 11 ശതമാനം കുടിവെള്ള സ്രോതസ്സുകളാണ് മലിനപ്പെട്ടിരിക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തിന് പിന്നില്‍ കര്‍ണാടകയാണ്. ഇവിടെ 17.98 ശതമാനം കുടിവെള്ള സ്രോതസ്സില്‍ മാലിന്യം കലര്‍ന്നിട്ടുണ്ട്. ആന്ധ്രയില്‍ 15.84 ശതമാനവും തമിഴ്‌നാടില്‍ 4.16 ശതമാനവുമാണ് കുടിവെള്ളത്തില്‍ മാലിന്യമുള്ളത്.
സംസ്ഥാനത്തെ ലാഭകരമല്ലാത്ത സ്‌കൂളുകളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. 2011-12ല്‍ 4614 ലാഭകരമല്ലാത്ത സ്‌കൂളുകളാണുള്ളത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 334 സ്‌കൂളുകള്‍ ഈ ഗണത്തില്‍ കൂടി. 2271 ലാഭകരമല്ലാത്ത സ്‌കൂളുകള്‍ സര്‍ക്കാര്‍ മേഖലയിലാണ്. 2343 വിദ്യാലയങ്ങള്‍ എയ്ഡഡ് മേഖലയിലും. ലാഭകരമല്ലാത്ത സ്‌കൂളുകള്‍ കൂടുതല്‍ കണ്ണൂരിലാണ്- 685. എറണാകുളത്ത് 260 വിദ്യാലയങ്ങളും കോട്ടയത്ത് 245ഉം ലാഭകരമല്ലാതെ പ്രവര്‍ത്തിക്കുന്നു. ലാഭകരമല്ലാത്ത സ്‌കൂളുകളില്‍ ഭൂരിഭാഗവും എല്‍ പി സ്‌കൂളുകളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
പുതുതായി സ്‌കൂളില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് ആറ് ശതമാനത്തിന്റെ കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ടിലെ മറ്റൊരു കണ്ടെത്തല്‍. 2012-13ല്‍ 39.86 ലക്ഷം പേരാണ് പുതുതായി സ്‌കൂളില്‍ ചേര്‍ന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആറ് ശതമാനം കുറവാണിത്.
എന്നാല്‍, കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കേരളത്തില്‍ കുറവാണ്. 2010-11ല്‍ കൊഴിഞ്ഞുപോക്ക് 0.53 ശതമാനമാണ്. ഹൈസ്‌കൂള്‍ തലത്തിലാണ് കൂടുതല്‍ പേര്‍ കൊഴിഞ്ഞുപോകുന്നത്. എസ് സി വിഭാഗത്തില്‍ നിന്നുള്ള ഒരു ശതമാനം പേരും എസ് ടിയിലെ രണ്ട് ശതമാനം പേരും പ്രതിവര്‍ഷം വിദ്യാലയങ്ങളില്‍ നിന്ന് കൊഴിഞ്ഞുപോകുന്നു. വയനാട്ടിലാണ് കൊഴിഞ്ഞുപോക്ക് കൂടുതല്‍. എല്‍ പി വിഭാഗത്തില്‍ 1.2 ശതമാനവും യു പിയില്‍ ഒരു ശതമാനവും ഹൈസ്‌കൂള്‍ തലത്തില്‍ 0.53 ശതമാനവുമാണ് കൊഴിഞ്ഞുപോക്ക്.
ശിശുമരണ നിരക്ക് കേരളത്തില്‍ കുറഞ്ഞുവരികയാണ്. സാക്ഷരതയിലെ മേല്‍ക്കൈ സംസ്ഥാനം ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട്. സാക്ഷരതാ നിരക്ക് കൂടുതല്‍ പത്തനംതിട്ടയിലും കുറവ് പാലക്കാട്ടുമാണ്.
വാഹനാപകടങ്ങളുടെ എണ്ണം പൊതുവില്‍ കുറഞ്ഞിട്ടുണ്ട്. 2011-12ല്‍ 11076 അപകടങ്ങള്‍ നടന്നു. മുന്‍ വര്‍ഷം ഇത് 30237 എണ്ണമായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 31 വരെയുള്ള കണക്ക് അനുസരിച്ച് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണം 68.65 ലക്ഷമാണ്.

Latest