സപ്ലൈകോ ഇടപെടല്‍ ഫലം കണ്ടു; നെല്ലിന്റെ വിപണി വിലയില്‍ വര്‍ധന

Posted on: March 15, 2013 6:00 am | Last updated: March 14, 2013 at 10:46 pm
SHARE

nellu 2കൊച്ചി: രണ്ടാം ഘട്ട നെല്ല് സംഭരണം പുരോഗമിക്കുമ്പോള്‍ നെല്‍കര്‍ഷകന് ലഭിക്കുന്നത് സമീപകാലത്തെ മികച്ച വിപണി വില. 17 രൂപ താങ്ങുവില നല്‍കി സപ്ലൈകോ നെല്ല് സംഭരണം ശക്തമാക്കിയതോടെ സ്വകാര്യ മില്ലുകളും ഉയര്‍ന്ന വില കര്‍ഷകന് നല്‍കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. ഉത്പ്പാദനച്ചെലവ് പോലും ലഭിക്കാതെ നെല്‍കര്‍ഷകര്‍ ദുരിതത്തിലായപ്പോള്‍ 2005 മുതലാണ് സപ്ലൈകോയുടെ നേതൃത്വത്തില്‍ നെല്ല് സംഭരണം തുടങ്ങിയത്.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില 12.50 രൂപയാണ്. എങ്കിലും 4.50 രൂപ അധികം നല്‍കി 17 രൂപക്കാണ് സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോയിലൂടെ നെല്ല് സംഭരിക്കുന്നത്. കുറഞ്ഞ താങ്ങു വില പ്രഖ്യാപിക്കുകയും അത് കൃത്യമായി വിതരണം ചെയ്യുകയും ചെയ്തതോടെ നെല്ല് വില്‍ക്കുന്ന കര്‍ഷകന് സമീപകാലത്തെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഈ സീസണില്‍ ലഭിക്കുന്നത്. നെല്‍ കര്‍ഷകര്‍ക്കായി സപ്ലൈകോ ആരംഭിച്ച സംഭരണ പദ്ധതി ഫലം കാണുന്നുവെന്നാണ് വിപണി നല്‍കുന്ന സൂചന.
രണ്ടാം സീസണിലെ നെല്ല് സംഭരണത്തിലൂടെ സപ്ലൈകോ ഇതിനകം 2,28,596 ക്വിന്റല്‍ നെല്ല് സംഭരിച്ചു കഴിഞ്ഞു. നെല്ലിന്റെ വിലയും കാലതാമസമില്ലാതെ കര്‍ഷകന് വിതരണം ചെയ്യുന്നുണ്ട്. 28.15 കോടി രൂപ ഈ സീസണിലെ നെല്ല് സംഭരണത്തിന്റെ ഭാഗമായി ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. നെല്ല് കൈപ്പറ്റു രസീതിന്റെ പരിശോധന പൂര്‍ത്തിയാകുന്ന മുറക്ക് തുകയും വിതരണം ചെയ്യുന്നുണ്ട്. 70,000 ത്തോളം കര്‍ഷകര്‍ക്ക് സംഭരണത്തിന്റെ നേരിട്ടുളള പ്രയോജനം ലഭിച്ചിട്ടുണ്ട്.
സപ്ലൈകോയുടെ നെല്ല് സംഭരണം ഊര്‍ജിതമാക്കിയതോടെയാണ് ഉയര്‍ന്ന വില നല്‍കി നെല്ല് ശേഖരിക്കാന്‍ സ്വകാര്യ മില്ലുകള്‍ നിര്‍ബന്ധിതരായത്. തത്ഫലമായി കൂടുതല്‍ വിപണി വില കര്‍ഷകന് ലഭിക്കുന്ന സാഹചര്യം സംജാതമായി. നെല്ലിന് മികച്ച വില ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച നെല്ല് സംഭരണം ഫലപ്രദമാകുന്നുവെന്നാണ് വിപണി നല്‍കുന്ന സൂചന.
വരള്‍ച്ച, ഉപ്പുവെള്ള ഭീഷണി എന്നിവ മൂലം നെല്ലുത്പ്പാദനത്തില്‍ സാരമായ ഇടിവാണ് ഈ സീസണില്‍ ഉണ്ടായത്. ഉപ്പുവെള്ളം കയറിയതുമൂലം കോട്ടയം, ആലപ്പുഴ ജില്ലകളില്‍ വ്യാപകമായ കൃഷി നാശമുണ്ടായി. ഇക്കാരണം കൊണ്ട് നെല്ലിന്റെ ഗുണനിലവാരത്തിലും ചില മേഖലകളില്‍ ഇക്കുറി ഇടിവുണ്ടായിട്ടുണ്ട്.
സംഭരണത്തിലൂടെ ശേഖരിക്കുന്ന നെല്ല് അരിയാക്കി മാറ്റുന്നതിനൊപ്പം എഫ് സി ഐ യില്‍ നിന്ന് ലഭിക്കുന്ന അരികൂടി ഉപയോഗപ്പെടുത്തിയാണ് സബ്‌സിഡി നിരക്കില്‍ പൊതുവിതരണ ശൃംഖല വഴി ജനങ്ങള്‍ക്ക് വില്‍പ്പന നടത്തുന്നത്. ഇതിനാല്‍ സ്വകാര്യമില്ലുകള്‍ നടത്തുന്ന നെല്ല് സംഭരണം പൊതുവിതരണ മേഖലയെ ബാധിക്കില്ല. നെല്‍ കര്‍ഷകര്‍ക്ക് മികച്ച വിപണി വില ഉറപ്പാക്കാന്‍ കഴിഞ്ഞതും അവര്‍ക്കുള്ള പണം താമസമില്ലാതെ വിതരണം ചെയ്യാനായതും മികച്ച നേട്ടമായാണ് വിലയിരുത്തുന്നതെന്ന് സപ്ലൈകോ അറിയിച്ചു.