കോണ്‍ഗ്രസ് തലപ്പത്ത് 15 വര്‍ഷം ദൗത്യം എളുപ്പമായിരുന്നില്ലെന്ന് സോണിയാ ഗാന്ധി

Posted on: March 15, 2013 6:00 am | Last updated: March 14, 2013 at 10:31 pm
SHARE

soniya gandhiന്യൂഡല്‍ഹി: 127 വര്‍ഷത്തെ പാരമ്പര്യമുള്ള കോണ്‍ഗ്രസ് സംഘടനയുടെ തലപ്പത്ത് തുടര്‍ച്ചയായി പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുകയെന്നത് അത്ര ‘എളുപ്പമുള്ള ദൗത്യമായിരുന്നി’ല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഏറ്റെടുത്ത ചുമതല നിര്‍വഹിക്കാന്‍ സഹായിച്ചതിന്റെ മുഴുവന്‍ ബഹുമതിയും പാര്‍ട്ടി അണികള്‍ക്കാണെന്ന് അവര്‍ പറഞ്ഞു.
‘ഇതൊരു എളുപ്പമുള്ള ദൗത്യമായിരുന്നില്ല. പാര്‍ട്ടിയുടെ അടിത്തട്ടിലുള്ള സാധാരണക്കാരായ പ്രവര്‍ത്തകരുടെ സഹായവും, സ്‌നേഹവും, അടുപ്പവുമാണ് ദൗത്യം എളുപ്പമാക്കിയത്. അതിന്റെ മുഴുവന്‍ ബഹുമതിയും അവര്‍ക്കുള്ളതാണ്’. 66കാരിയായ പാര്‍ട്ടി അധ്യക്ഷ പറഞ്ഞു. ഏറ്റവും കൂടുതല്‍ കാലം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമലങ്കരിക്കുന്ന വ്യക്തിയെന്ന ബഹുമതി ഇപ്പോള്‍ സോണിയക്ക് സ്വന്തമാണ്. നാലാം തവണ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇവരുടെ നിലവിലെ കാലാവധി 2015ലാണ് പൂര്‍ത്തിയാകുക. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് മൂന്ന് വര്‍ഷത്തേക്കായിരുന്നത് ഇപ്പോള്‍ അഞ്ച് വര്‍ഷത്തേക്കാണ്. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കുന്ന മുഹൂര്‍ത്തം വലിയ ആഘോഷമാക്കാന്‍ ഏതാനും പി സി സികളും മറ്റും അനുമതി ചോദിച്ചിരുന്നുവെങ്കിലും, രാജ്യത്തിന്റെ ചില ഭാഗങ്ങള്‍ കടുത്ത വരള്‍ച്ചയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ ആഘോഷം ഒഴിവാക്കാന്‍ സോണിയാ ഗാന്ധി ഉപദേശിക്കുകയായിരുന്നുവത്രെ.
1998 മാര്‍ച്ചിലാണ് അവര്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. 2004 മെയ് മാസത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കേന്ദ്രത്തില്‍ അധികാരത്തിലെത്തിച്ചതാണ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ഓര്‍മിക്കപ്പെടുന്ന മുഹൂര്‍ത്തമെന്ന് സോണിയ വിശ്വസിക്കുന്നു. അവര്‍ പ്രധാനമന്ത്രിപദത്തിലേറുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരിക്കെ, അത് നിരസിച്ച് മന്‍മോഹന്‍ സിംഗിനെ തത്സ്ഥാനത്തേക്ക് കൊണ്ടുവന്നത് സോണിയാ ഗാന്ധിയുടെ ഏറ്റവും വലിയ രാഷ്ട്ര തന്ത്രജ്ഞതയായിരുന്നു. ഇപ്പോള്‍ മകന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി ഉപാധ്യക്ഷനാണ്. അദ്ദേഹത്തില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ അടുത്ത പ്രധാനമന്ത്രിയെ കാണുന്നുണ്ടെങ്കിലും രാഹുല്‍ പൂര്‍ണമായും മനസ് തുറന്നിട്ടില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും പി സി സി അധ്യക്ഷന്മാരും അടക്കം നിരവധിപേര്‍ സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ച് ആശംസകളര്‍പ്പിച്ചു.