അഫ്‌സല്‍ ഗുരു: ഇന്ത്യയെ കുറ്റപ്പെടുത്തി പാക് പാര്‍ലിമെന്റില്‍ പ്രമേയം

Posted on: March 14, 2013 8:47 pm | Last updated: March 15, 2013 at 8:25 pm
SHARE

afsal-guru

ഇസ്‌ലാമാബാദ്: പാര്‍ലിമെന്റ് ആക്രമണക്കേസില്‍ മുഹമ്മദ് അഫ്‌സല്‍ ഗുരുവിനെ വധശിക്ഷക്ക് വിധേയനാക്കിയ നടപടി അപലപിച്ച് പാക് പാര്‍ലിമെന്റില്‍ പ്രമേയം. തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറണമെന്നും പാക്കിസ്ഥാന്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
പാര്‍ലിമെന്റിന്റെ അധോസഭയായ നാഷനല്‍ അസംബ്ലിയുടെ കാലാവധി അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ നടപടിയെ വിമര്‍ശിച്ച് പാക്കിസ്ഥാന്‍ പ്രമേയം പാസാക്കിയത്. ജമാഅത്ത് ഉലമാ ഇ ഇസ്‌ലാം നേതാവ് ഫസ്‌ലുര്‍ റഹ്മാനാണ് പ്രമേയം കൊണ്ടുവന്നത്. കാശ്മീര്‍ പ്രശ്‌ന പരിഹാരത്തിനുള്ള പ്രത്യേക പാര്‍ലിമെന്ററി സമിതിയുടെ തലവനാണ് ഫസ്‌ലുര്‍ റഹ്മാന്‍.
വധശിക്ഷ നടപ്പാക്കിയതിനെ അപലപിച്ചതിന് പുറമെ ജമ്മു കാശ്മീരിലുണ്ടാക്കിയ പ്രതിഷേധങ്ങളില്‍ പ്രമേയം ഉത്കണ്ഠ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. തിഹാര്‍ ജയിലില്‍ സംസ്‌കരിച്ച അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
കാശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം കാഴ്ചക്കാരായി ഇരിക്കരുതെന്നും കാശ്മീര്‍ പ്രശ്‌നത്തില്‍ പരിഹാരമുണ്ടാക്കാന്‍ നടപടിയെടുക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഐക്യരാഷ്ട്ര സഭ രക്ഷാ സമിതി കാശ്മീര്‍ വിഷയത്തില്‍ പ്രമേയം കൊണ്ടുവരണമെന്നും പ്രമേയത്തില്‍ നിര്‍ദേശിക്കുന്നു. ജമ്മു കാശ്മീരിലെ കൊലപാതകങ്ങളെ വിമര്‍ശിക്കുന്ന പ്രമേയം കാശ്മീര്‍ താഴ്‌വരയിലെ നഗരങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. മേഖലയിലെ കരിനിയമങ്ങള്‍ റദ്ദാക്കണമെന്നും കര്‍ഫ്യൂ പിന്‍വലിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
ഫെബ്രുവരി ഒമ്പതിനാണ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്. വധശിക്ഷ നടപ്പാക്കിയതിനെ തുടര്‍ന്ന് ജമ്മു കാശ്മീരില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. പാക് തീവ്രവാദ സംഘടനകളായ ലശ്കറെ ത്വയ്യിബയും ജയ്‌ഷെ മുഹമ്മദും ഇതിന് പ്രതികാരം വീട്ടുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.