സ്ത്രീ സംരക്ഷണബില്ലിന് കേന്ദ്രമന്ത്രിസഭാ അംഗീകാരം

Posted on: March 14, 2013 7:15 pm | Last updated: March 15, 2013 at 1:58 am
SHARE

rape

ന്യൂഡല്‍ഹി: ബലാത്സംഗവിരുദ്ധ ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് തര്‍ക്ക വിഷയങ്ങളില്‍ സമവായത്തിലെത്തിയ ബില്ലാണ് മന്ത്രിസഭ അംഗീകരിച്ചത്. ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായ പരിധി 18ല്‍ നിന്ന് 16 ആയി കുറക്കുന്നതാണ് പുതിയ നിയമം. ലൈംഗികാതിക്രമം എന്ന വാക്കിന് പകരം ബലാത്സംഗം എന്ന് തന്നെ ഉപയോഗിക്കാനും തീരുമാനമായി.
ഇക്കാര്യങ്ങളിലായിരുന്നു മന്ത്രിസഭയില്‍ പ്രധാനമായും അഭിപ്രായ ഭിന്നതയുണ്ടായിരുന്നത്. ധനമന്ത്രി പി ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള ഉപസമിതി പ്രായപരിധി 18ല്‍ നിന്ന് 16 ആയി കുറക്കുന്നതിന് അനുകൂലമായ ശിപാര്‍ശയാണ് നല്‍കിയത്. ഒളിഞ്ഞുനോട്ടവും സ്ത്രീകളെ ശല്യം ചെയ്യലും ജാമ്യമില്ലാ കുറ്റമാക്കുന്നത് ഉള്‍പ്പെടെ കര്‍ശന വ്യവസ്ഥകളടങ്ങുന്നതാണ് ബലാത്സംഗ വിരുദ്ധ ബില്‍.
18ന് ചേരുന്ന സര്‍വകക്ഷി യോഗം നിര്‍ദിഷ്ട ബില്‍ ചര്‍ച്ച ചെയ്യും. സര്‍വകക്ഷി യോഗത്തിലെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പാര്‍ലിമെന്റില്‍ അവതരിപ്പിക്കുക. ഈ മാസം 22ന് മുമ്പ് ബില്‍ സഭയില്‍ അവതരിപ്പിക്കാനാണ് സാധ്യത.
ജസ്റ്റിസ് വര്‍മ കമ്മീഷന്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശിച്ച വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി നേരത്തെ സ്ത്രീ സുരക്ഷാ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. ഇതിന് പകരമായി വരുന്ന പുതിയ ബില്‍ ഓര്‍ഡിനന്‍സിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പാര്‍ലിമെന്റില്‍ അവതരിപ്പിക്കേണ്ടതുണ്ട്.