നാണക്കേടുണ്ടാക്കിയത് കോടതിയിലെ കേന്ദ്ര നിലപാട്

Posted on: March 14, 2013 12:00 pm | Last updated: March 14, 2013 at 4:48 pm
SHARE

italian marinesന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ രക്ഷപ്പെട്ട സംഭവം പരമാധികാര രാജ്യമായ ഇന്ത്യയെയും പരമോന്നത നീതി പീഠത്തെയുമാണ് നാണക്കേടിലാക്കുന്നത്. രണ്ടാം തവണയും ഇറ്റാലിയന്‍ നാവികര്‍ സുപ്രീം കോടതിയില്‍ നാട്ടില്‍ പോകാന്‍ ഹരജി നല്‍കിയപ്പോള്‍ കേന്ദ്ര സര്‍ക്കാറിന്റെ കടുത്ത അലംഭാവമാണ് ഇത്തരമൊരു നാണക്കേടിലേക്ക് രാജ്യത്തെ നയിച്ചതെന്ന് നിയമ, നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ക്രിസ്മസ് ആഘോഷത്തിന് നാട്ടില്‍ പോകാന്‍ കര്‍ശന നിബന്ധനകളിലൂടെ മാത്രം കോടതി അനുമതി നല്‍കിയപ്പോള്‍ രണ്ടാം തവണ കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ച നിലപാടാണ് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത്. ക്രിസ്മസ് അവധിക്ക് പോകുമ്പോള്‍ ആറ് കോടി രൂപ കെട്ടിവെക്കുകയും ഇറ്റാലിയന്‍ അധികൃതരുടെ ബോണ്ടും കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെയും ഇറ്റലിയിലെയും യാത്ര പോലും അറിയിക്കണമെന്ന് കോടതി ഉത്തരവിട്ടു. അനുവദിച്ച സമയത്തിന് ആറ് ദിവസം മുമ്പ് തിരിച്ചെത്തി വിശ്വാസം നേടിയ നാവികര്‍ ഇറ്റാലിയന്‍ തിരഞ്ഞെടുപ്പിന് തൊട്ടടുത്ത ദിവസമാണ് സുപ്രീം കോടതിയില്‍ വീണ്ടും നാട്ടില്‍ പോകാന്‍ ഹരജി നല്‍കിയത്. കേന്ദ്ര സര്‍ക്കാറിന്റെ ഉന്നത നിയമ വിദഗ്ധനായ അറ്റോര്‍ണി ജനറലിനോട് പോലും അഭിപ്രായം തേടാതെയാണ് കേന്ദ്രം കോടതിയില്‍ നിലപാട് സ്വീകരിച്ചത്. നാവികര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കേന്ദ്ര സര്‍ക്കാറിന്റെ വീഴ്ച മുതലെടുക്കുകയും ചെയ്തു. ഇറ്റലിയില്‍ പോസ്റ്റല്‍ വോട്ടില്ലെന്നും വോട്ട് ചെയ്യാന്‍ നാട്ടില്‍ പോകുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നുമായിരുന്നു സാല്‍വെ സ്വീകരിച്ച നിലപാട്. എന്നാല്‍, അന്വേഷണത്തില്‍ ഇത് തെറ്റാണെന്ന് തെളിയുമായിരുന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ ഇതിനെ എതിര്‍ത്തില്ല.
ഇറ്റാലിയന്‍ സൈനികര്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും രാജ്യത്തിന് പുറത്താണെങ്കില്‍ പോസ്റ്റല്‍ വോട്ട് ചെയ്യാമെന്ന് ഇറ്റാലിയന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനത്തില്‍ പറയുന്നു. ഇറ്റാലിയന്‍ അംബാസഡര്‍ തന്നെ ഉറപ്പു നല്‍കാമെന്ന് കോടതിയെ അറിയിച്ചതും ഇറ്റലിയുടെ അഭിഭാഷകനാണ്. കോടതിക്ക് നടപടിയെടുക്കാന്‍ അധികാരമില്ലാത്ത സ്ഥാനപതിയുടെ ഉറപ്പ് സ്വീകരിച്ച് പാസ്‌പോര്‍ട് പോലും ഇല്ലാതെയാണ് നാവികര്‍ മടങ്ങിയത്.
നാവികര്‍ രക്ഷപ്പെടാനുള്ള സാഹചര്യമൊരുക്കി ഉത്തരവാദിത്വം കോടതിയുടെ മേല്‍ കെട്ടിവെക്കാനുള്ള പഴുതും കേന്ദ്ര സര്‍ക്കാര്‍ സൃഷിടിച്ചു. വോട്ട് ചെയ്യാന്‍ നാലാഴ്ചത്തെ അവധി എന്തിനാണെന്നും കേന്ദ്രം കോടതിയില്‍ ചോദിച്ചില്ല. വാക്ക് പാലിക്കാത്ത സ്ഥാനപതിയെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെടുകയോ ഇറ്റലിയുടെ അംബാസഡറെ പുറത്താക്കുകയോ ആണ് കേന്ദ്രത്തിന് മുന്നിലുള്ള വഴി. ഇത് ചെയ്താല്‍ നയതന്ത്ര ബന്ധം വഷളാകും. നാവികരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് ഇന്റര്‍പോള്‍ സഹായത്തോടെ പിടികൂടാനും ഇന്ത്യക്ക് കഴിയുമെങ്കിലും അവരെ ഇറ്റലി സംരക്ഷിച്ചാല്‍ ഇതും വെറുതെയാകും. ഇറ്റലിയുമായുള്ള വ്യാപാര ബന്ധങ്ങള്‍ അവസാനിപ്പിക്കുന്നതാണ് അവസാന നടപടി. സ്ഥാനപതിക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ കോടതിക്ക് അധികാരമില്ലെങ്കിലും രാഷ്ട്രപതിക്ക് അധികാരമുണ്ട്. എന്നാലിത്തരം സംഭവം രാജ്യത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല.