Connect with us

National

ഹൈദരാബാദ് സ്‌ഫോടനക്കേസില്‍ പത്ത് പേര്‍ കൂടി അറസ്റ്റില്‍

Published

|

Last Updated

പാറ്റ്‌ന: ഹൈദരാബാദ് ഇരട്ട സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന സംശയത്തില്‍ ബീഹാറില്‍ നിന്ന് പത്ത് പേരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) അറസ്റ്റ് ചെയ്തു. സ്‌ഫോടനത്തില്‍ പ്രധാന പങ്കുവഹിച്ചുവെന്നാരോപിച്ച് ഇവരെ ബീഹാറിലെ മുംഗര്‍ ജില്ലയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇന്ത്യന്‍ മുജാഹിദീന്‍ അംഗം ഉബൈദുര്‍റഹ്മാനെ ഏഴ് ദിവസത്തേക്ക് ഡല്‍ഹിയിലെ കോടതി എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവര പ്രകാരമാണ് അറസ്റ്റ്. അയാളുടെ സിം കാര്‍ഡ് മുംഗറില്‍ നിന്നാണ് വാങ്ങിയത്. അറസ്റ്റിലായ പത്ത് പേരെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഹൈദരാബാദ് സ്‌ഫോടനത്തിന്റെ മുഴുവന്‍ ഗൂഢാലോചനയും പുറത്തുവരാന്‍ ഉബൈദുര്‍റഹ്മാനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന എന്‍ ഐ എയുടെ വാദം ജില്ലാ ജഡ്ജി ഐ എസ് മെഹ്ത അംഗീകരിക്കുകയായിരുന്നു. ഉബൈദ് ഇന്ത്യന്‍ മുജാഹിദീന്റെ പ്രധാന അംഗമാണെന്നും സ്‌ഫോടനങ്ങളില്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലെ അംഗങ്ങളെ സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നും എന്‍ ഐ എ കോടതിയില്‍ പറഞ്ഞു. ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ഉബൈദിനെ എന്‍ ഐ എ കൊണ്ടുവന്നത്.
ഇന്ത്യന്‍ മുജാഹിദീന്‍ അംഗങ്ങളായ സഈദ് മഖ്ബൂല്‍, ഇമ്രാന്‍ ഖാന്‍, മുഹമ്മദ് അഫ്താബ് ആലം എന്നിവരെയും 23 വരെ കസ്റ്റഡിയില്‍ വിട്ടു. മഖ്ബൂലിനെയും ഇമ്രാനെയും നേരത്തെ എന്‍ ഐ എ ചോദ്യം ചെയ്തിരുന്നു. സ്‌ഫോടനം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ഇവരില്‍ നിന്ന് ലഭിച്ചതായി എന്‍ ഐ എ കോടതിയില്‍ പറഞ്ഞു. പൂനെ സ്‌ഫോടന കേസില്‍ കഴിഞ്ഞ ആഗസ്റ്റില്‍ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ഇരുവരും തിഹാര്‍ ജയിലിലാണ് കഴിയുന്നത്. സ്‌ഫോടനം നടന്ന ദില്‍സുഖ്‌നഗര്‍ പ്രദേശം ഇരുവരും സന്ദര്‍ശിച്ച് നിരീക്ഷിച്ചിരുന്നുവത്രേ.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകന്‍ റിയാസ് ഭട്കല്‍ അടക്കം പത്ത് പേര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യന്‍ മുജാഹിദീന്‍ അംഗങ്ങളായ ഇഖ്ബാല്‍ ഭട്കല്‍, മുഹ്‌സിം ചൗധരി, അമീര്‍ റസാ ഖാന്‍, ഡോ. ഷാനവാസ് ആലം, അസദുദ്ദീന്‍ അക്തര്‍, അറീസ് ഖാന്‍, മുഹമ്മദ് ഖാലിദ്, മിര്‍സാ ശദാബ് ബേഗ്, മുഹമ്മദ് സാജിദ് എന്നിവര്‍ക്കെതിരെയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കഴിഞ്ഞ 21ന് ഹൈദരാബാദിലുണ്ടായ ഇരട്ട സ്‌ഫോടനങ്ങളില്‍ 17 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. റിയാസ് ഭട്കലിന്റെ നിര്‍ദേശ പ്രകാരമാണ് സ്‌ഫോടനം നടന്നതെന്നാണ് എന്‍ ഐ എ പറയുന്നത്.

---- facebook comment plugin here -----

Latest