ഇറ്റാലിയന്‍ സ്ഥാനപതി രാജ്യം വിടരുതെന്ന് സുപ്രീം കോടതി

Posted on: March 14, 2013 11:20 am | Last updated: March 14, 2013 at 11:38 pm
SHARE

italian ambassidarന്യൂഡല്‍ഹി:ഇറ്റാലിയന്‍ നാവികരെ തിരിച്ചെത്തിക്കാമെന്ന് സുപ്രീം കോടതിയില്‍ ഉറപ്പ് നല്‍കിയ ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയല്‍ മന്‍സീനി ഈ മാസം 18 വരെ ഇന്ത്യ വിടരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. തിങ്കളാഴ്ച സ്ഥാനപതിയും കേസിലെ പ്രതികളായ നാവികരും കോടതിക്ക് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്ഥാനപതിക്ക് ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ മൂന്നംഗ ബഞ്ച് നോട്ടീസ് അയച്ചു. തിങ്കളാഴ്ച സ്ഥാനപതി കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ അപൂര്‍വ ഉത്തരവാണ് ഇന്നലെ സുപ്രീം കോടതി ഇറക്കിയത്.

മറ്റൊരു രാജ്യത്തിന്റെ സ്ഥാനപതിക്ക് നോട്ടീസ് അയക്കുന്നതും കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ഉത്തരവിടുന്നതും അത്യപൂര്‍വ സംഭവമാണ്. ഇറ്റലിയിലേക്ക് പോയ നാവികര്‍ തിരിച്ചുവരുമെന്ന് സുപ്രീം കോടതിക്ക് ഉറപ്പ് നല്‍കിയത് സ്ഥാനപതി ഡാനിയല്‍ മസീനിയാണ്. നാവികര്‍ തിരിച്ചുവരില്ലെന്ന് ഇറ്റലി അറിയിച്ചതോടെയാണ് സ്ഥാനപതി രാജ്യം വിടരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്.
കേസ് പരിഗണിച്ചപ്പോള്‍ നാവികര്‍ തിരിച്ചുവരില്ലെന്ന് ഇറ്റലി രേഖാമൂലം അറിയിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇറ്റലിയുടെ നിലപാട് ആശങ്കാജനകമാണെന്നും ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും കേന്ദ്രം കോടതിയില്‍ നിലപാട് സ്വീകരിച്ചു. കഴിഞ്ഞ 11 നാണ് ഇറ്റലിയുടെ കത്ത് ലഭിച്ചതെന്നും അത് അംഗീകരിക്കാനാകില്ലെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. ഇറ്റലിയുമായുള്ള ആശയവിനിമയം നിരീക്ഷിക്കുകയാണെന്നും പരമോന്നത കോടതിയെ വഞ്ചിക്കുകയാണ് ഇറ്റലി ചെയ്തതെന്നും എ ജി പറഞ്ഞു.
നാവികര്‍ തിരിച്ചെത്തുന്നതു വരെ രാജ്യം വിടില്ലെന്ന് നേരത്തെ അംബാസഡര്‍ സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ 22 നാണ് നാവികര്‍ക്ക് നാട്ടില്‍ പോകാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്.
ഇറ്റാലിയന്‍ സ്ഥാനപതിയെ രാജ്യം വിടാന്‍ അനുവദിക്കില്ലെന്ന് വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. ഇതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാവികരെ തിരിച്ചെത്തിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ 11.20ന് സുപ്രീം കോടതിയുടെ ഉത്തരവ് വന്ന ശേഷം വിദേശകാര്യ മന്ത്രാലയത്തില്‍ തിരക്കിട്ട ചര്‍ച്ചകളായിരുന്നു. സുപ്രീം കോടതി ഉത്തരവിനു ശേഷവും ഇറ്റലി മുന്‍ നിലപാടില്‍ ഉറച്ചു നിന്നതോടെയാണ് സല്‍മാന്‍ ഖുര്‍ഷിദ് നിലപാട് വ്യക്തമാക്കിയത്. ഇറ്റലി അന്താരാഷ്ട്ര മര്യാദ പാലിക്കുമെന്ന് കരുതുന്നതായി വിദേശകാര്യ മന്ത്രാലയം വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ വൈകീട്ട് പറഞ്ഞു. അഞ്ച് മിനുട്ടിന് ശേഷം 4.10 ന് വിദേശകാര്യ മന്ത്രാലയം ഇറക്കിയ പത്രകുറിപ്പില്‍ ഇറ്റലിയുമായുള്ള നയതന്ത്ര ബന്ധം പുനഃപരിശോധിക്കേണ്ടിവരുമെന്ന് വ്യക്തമാക്കി. 5.10ന് നാവികരെ തിരിച്ചെത്തിക്കാന്‍ ഇറ്റലിക്കുമേല്‍ സമ്മര്‍ദം ചെലുത്താന്‍ യൂറോപ്യന്‍ യൂനിയന്‍ സ്ഥാനപതിയോട് ഇന്ത്യ അഭ്യര്‍ഥിച്ചു. വൈകീട്ട് ഏഴിന് ഇറ്റാലിയന്‍ സ്ഥാനപതിയെ വിദേശകാര്യ മന്ത്രാലയം വീണ്ടും വിളിച്ചുവരുത്തി. സുപ്രീം കോടതി ഉത്തരവ് അറിയിക്കാനാണ് സ്ഥാനപതിയെ വീണ്ടും വിളിച്ചുവരുത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.