ജോര്‍ജ് മാരിയോ ബര്‍ഗോലിയോ പുതിയ മാര്‍പ്പാപ്പ

Posted on: March 14, 2013 9:54 am | Last updated: March 21, 2013 at 10:24 am
SHARE

The newly elected Pope Francis I waves to the crowds from St Peter's basilica.വത്തിക്കാന്‍ സിറ്റി: 1300 വര്‍ഷങ്ങള്‍ക്കു ശേഷം കത്തോലിക്കാ സഭക്ക് യൂറോപ്പിന് പുറത്ത് നിന്നുള്ള അധിപന്‍. പുതിയ മാര്‍പാപ്പയായി ലാറ്റിനമേരിക്കക്കാരനായ കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബര്‍ഗോലിയോ തിരഞ്ഞെടുക്കപ്പെട്ടു. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസ് രൂപതാ അധ്യക്ഷനാണ് 77 കാരനായ ബര്‍ഗോലിയോ. അദ്ദേഹം ഫ്രാന്‍സിസ് ഒന്നാമന്‍ എന്ന പേരില്‍ അറിയപ്പെടും. ഇന്ത്യന്‍ സമയം രാത്രി 11. 40 ഓടെയാണ് (വത്തിക്കാന്‍ സമയം രാത്രി 8.15) മാര്‍പ്പാപ്പയെ തിരഞ്ഞെടുത്തതിന്റെ സൂചനയായി സിസ്റ്റീന്‍ ചാപ്പലിലെ ചിമ്മിനിയിലൂടെ വെളുത്ത പുക ഉയര്‍ന്നത്.
തൊട്ടു പിന്നാലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയില്‍ മണിമുഴങ്ങി. ഏകദേശം ഒരു മണിക്കുറിനകം പുതിയ സഭാധ്യക്ഷനെ പ്രഖ്യാപിക്കാന്‍ കര്‍ദിനാള്‍ ജീന്‍ ലൂയി ടോറന്‍ ബസലിക്കയുടെ മട്ടുപ്പാവില്‍ പ്രത്യക്ഷപ്പെട്ടു. പുതിയ പാപ്പയെ തെരഞ്ഞെടുത്ത വിവരം അറിയിച്ചതിനു പിന്നാലെ മാര്‍പാപ്പ ജോര്‍ജ് മാരിയോ ബര്‍ഗോലിയോ മട്ടുപ്പാവില്‍ പ്രത്യക്ഷപ്പെട്ടു. ഇതോടെ വിശ്വാസികളുടെ ഉച്ചത്തിലുള്ള ഹര്‍ഷാരവം കൊണ്ട് ബസലിക്കയും പരിസരവും നിറഞ്ഞു. ശേഷം പുതിയ പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തു ലഘുപ്രസംഗം നടത്തി. എന്റെ സഹോദരന്‍മാര്‍ ഏറെ ദൂരെയുള്ള ഒരാളെയാണ് കത്തോലിക്കാ സഭയുടെ തലപ്പത്ത് അവരോധിച്ചതെന്ന് വിശ്വാസികളെ സംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു. മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിന്റെ രണ്ടാംദിവസത്തിലെ രണ്ട് റൗണ്ട് വോട്ടെടുപ്പിലും തീരുമാനമായിരുന്നില്ല. ആര്‍ക്കും മൂന്നില്‍ രണ്ട് ഭൂരിപക്ഷമായ 77 വോട്ട് നേടാനാവാതെ പോയതോടെയാണ് ഉച്ചക്ക് 2.30, വൈകിട്ട് 4.10 എന്നീ സമയങ്ങളില്‍ നടന്ന വോട്ടെടുപ്പിനു പിന്നാലെ ഇന്ത്യന്‍ സമയം രാത്രി പത്തു മണിയോടെ അഞ്ചാം റൗണ്ട് വോട്ടെടുപ്പിലേക്ക് കര്‍ദിനാള്‍മാര്‍ നീങ്ങിയത്. ഈ റൗണ്ടിലാണ് മാര്‍പ്പാപ്പയുടെ കാര്യത്തില്‍ ധാരണയായത്.
1936 ഡിസംബര്‍ 17 ന് ബ്യൂണസ് ഐറസിലാണ് ജോര്‍ജ് മരിയോയുടെ ജനനം. 1969 ഡിസംബര്‍ ഡിസംബര്‍ 13 ന് വൈദിക പട്ടമേറ്റു. 1992 മെയ് 20 നാണ് ജോര്‍ജ് മരിയോ ബര്‍ഗോലിയോ, ബ്യൂണസ് ഐറസ് സഹ മെത്രാനായി തെരഞ്ഞെടുക്കപ്പെട്ടത്. 1998 ഫെബ്രുവരി 28 ന് ആര്‍ച്ച് ബിഷപ്പായി നിയമിതനായി.