രണ്ട് അയോഗ്യരും നമ്മുടെ ജനാധിപത്യവും

Posted on: March 14, 2013 9:34 am | Last updated: March 15, 2013 at 7:47 am
SHARE

സാമ്പത്തിക അസമത്വവും ജനാധിപത്യവും ഒരുമിച്ച് സാധ്യമാകില്ലെന്ന് മഹാന്മാര്‍ പറഞ്ഞുവെച്ചിട്ടുണ്ട്. ആ വാക്കുകള്‍ ശരിവെക്കുന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഇന്നത്തെ സാഹചര്യം. ഭരണ നിയന്ത്രണം വന്‍കിട കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ കരങ്ങളിലായിക്കഴിഞ്ഞിരിക്കുന്നു. അഴിമതിയുടെ പെരുപ്പവും സ്വകാര്യവത്കരണം സാധാരണക്കാരന്റെ ജീവിതം നിസ്സഹായമാക്കുന്നതും കോര്‍പ്പറേറ്റുകളുടെ കടന്നുകയറ്റം കൊണ്ടാണ്. ധനമൂലധനത്തിന്റെ കടന്നാക്രമണം ഭരണ തലത്തില്‍ മാത്രമല്ല, മനുഷ്യാവകാശ വിഷയങ്ങളിലും നീതിന്യായ വ്യവസ്ഥകളിലുമെല്ലാം ഇടപെടലുകള്‍ നടത്തുന്നു.
അന്താരാഷ്ട്ര സമൂഹത്തിനു പോലും കോര്‍പ്പറേറ്റ് താത്പര്യം മാനിച്ചുള്ള ചില മുന്‍കരുതലുകളുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്. കച്ചവടലാഭത്തിനുമപ്പുറമുള്ള രാഷ്ട്രീയത്തെ കുറിച്ചോ നൈതിക ഇടപാടുകളെ കുറിച്ചോ അവരില്‍ പലര്‍ക്കും സംസാരിക്കാനാകുന്നില്ല. സംഘട്ടനങ്ങളിലും യുദ്ധങ്ങളിലുമെല്ലാം മതചിഹ്നവും സാമ്പത്തിക ലാഭവും നോക്കാതെ പ്രതികരിക്കാനുമാകില്ല. 2002ലെ ഗുജറാത്ത് വംശഹത്യയോടും നരേന്ദ്ര മോഡിയോടും കോര്‍പ്പറേറ്റ് തമ്പുരാക്കന്‍മാര്‍ സ്വീകരിച്ച നിലപാടുകള്‍ ഇവിടെ ആലോചിക്കാവുന്നതാണ്.
2014ല്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇപ്പോള്‍ തന്നെ അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നു. വികസന പുരുഷനെന്ന് കോര്‍പ്പറേറ്റുകള്‍ വാഴ്ത്തുന്ന മോഡി ഗുജറാത്തില്‍ നിന്നും ഡല്‍ഹിയിലേക്ക് വണ്ടി കാത്തിരിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്നത്. 2002ല്‍ ലോകത്തെ നടുക്കിയ വംശഹത്യക്ക് നേതൃത്വം കൊടുത്ത ഒരു ഭരണാധികാരി നിയമകരങ്ങളില്‍ നിന്നും പൂര്‍ണമായി രക്ഷപ്പെട്ട് കോര്‍പ്പറേറ്റുകള്‍ പതിച്ചു നല്‍കിയ വികസന പ്രതിച്ഛായയുമായി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അവരോധിക്കപ്പെടുമ്പോള്‍ അത് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയെ പോലും നിരര്‍ഥകമാക്കുകയാണ്. സത്യത്തില്‍ നമ്മുടെ ജനാധിപത്യത്തെ കോര്‍പ്പറേറ്റുകളല്ലേ നിയന്ത്രിക്കുന്നത്? അവരല്ലേ, അവരുടെ താത്പര്യത്തിലുള്ള മാധ്യമങ്ങളല്ലേ വികസന നായകനെയും വികസന വിരോധിയെയും തീരുമാനിക്കുന്നത്?
ഭീതിയുടെ വിട്ടൊഴിയാത്ത ഇന്ത്യന്‍ ജനാധിപത്യത്തെ രക്ഷിച്ചെടുക്കാന്‍ കോണ്‍ഗ്രസിനാകില്ലെന്നത് വ്യക്തം. കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബരത്തില്‍ പാര്‍ട്ടിയിലെ രണ്ടാമനായി രാഹുല്‍ സ്ഥാനമേറ്റപ്പോള്‍ മോഡിക്കെതിരെയുള്ള കോണ്‍ഗ്രസ് പടക്കുതിര രാഹുലായിരിക്കുമെന്ന് വ്യക്തമായിക്കഴിഞ്ഞിരുന്നു. അവര്‍ക്കിപ്പോഴും കുടുംബ വാഴ്ചയുടെ മാറാപ്പ് കൈയൊഴിയാനുള്ള സന്നദ്ധതയില്ലെന്ന് വ്യക്തം. പരിചയസമ്പന്നനായ പ്രണബിനെ റൈസിനാ കുന്നിലേക്ക് അയച്ചപ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയാണ് രാഹുലിന്റെ ഈ വരവ്.
യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് ഈ രണ്ട് പേരുകളും അനിഷ്ടമാണ്. ഒന്നിന് ഭീതിയുടെ നിറമാണെങ്കില്‍ മറ്റേതിന് നൈരാശ്യത്തിന്റെ മുഖമാണ്. വംശഹത്യക്ക് ശേഷം അമേരിക്കയും യൂറോപ്യന്‍ യൂനിയനും മോഡിക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. കോര്‍പ്പറേറ്റ് ഇന്ത്യയുടെ രാജാക്കന്മാര്‍ പരസ്യമായി തന്നെ രോഷം പ്രകടിപ്പിച്ചു. എച്ച് ഡി എഫ് സി ബേങ്കിന്റെ സി ഇ ഒ. ദീപക് പരേഷ് ഇന്ത്യക്ക് മതേതര രാജ്യം എന്ന മുഖം നഷ്ടമായിട്ടുണ്ടെന്നും ഷിപ്പിംഗ് കമ്പനിയായ എ എഫ് എല്ലിന്റെ സി എം ഡി. സിറസ് ഗസ്ദര്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള കലാപം ഒരു വര്‍ഗനശീകരണമാണെന്നും വിലയിരുത്തി. ഇന്‍ഫോസിസിന്റെ നാരായണ മൂര്‍ത്തിയും വിപ്രോയുടെ അസീം പ്രേംജിയും 2002 ഏപ്രിലില്‍ നടന്ന സി ഐ ഐയുടെ മീറ്റിംഗില്‍ കലാപത്തെ ശക്തമായി അപലപിച്ചു. ഊര്‍ജ രംഗത്തെ അതികായകര്‍ തര്‍മാക്‌സിന്റെ ചെയര്‍വുമണ്‍ അനു ആഗതനും ജംഷഡ് ഗോദ്‌റെജും രാഹുല്‍ ബജാജും വിമര്‍ശകരില്‍ പെടും. കലാപം മൂലം 409 ബില്ല്യന്‍ ഡോളര്‍ വ്യവസായത്തിന് നഷ്ടം സംഭവിച്ചിട്ടുണ്ടാണ് കണക്ക്. 2002 സെപ്തംബറോടെ വിദേശ നിക്ഷേപങ്ങളെല്ലാം വറ്റിവരണ്ടു. ഗുജറാത്തില്‍ സുരക്ഷയില്ല, സുരക്ഷിതമല്ലാത്തിടങ്ങളില്‍ നിക്ഷേപമിറക്കാന്‍ തങ്ങള്‍ ഭയപ്പെടുന്നെന്ന് പറഞ്ഞ് കോര്‍പ്പറേറ്റുകള്‍ ഒന്നടങ്കം മോഡിയെ തള്ളിക്കളഞ്ഞു. എന്നാല്‍, മോഡി ഇതിനെ മുറിച്ചുകടന്നു. വികാസ് പുരുഷന്‍ എന്ന് സ്വയം മേനി നടിച്ച് അത് തരപ്പെടുത്താനുള്ള നീക്കങ്ങള്‍ നടത്തി. കോര്‍പ്പറേറ്റുകള്‍ക്ക് വിപണി തുറന്നു വ്യവസായികളുടെയും പ്രമുഖരുടെയും നല്ല പിള്ളയായി. ജനങ്ങളെ സേവിക്കുന്നതിലൂടെയല്ല, മറിച്ച് വ്യവസായികളെ സുഖിപ്പിക്കുന്നതിലൂടെയാണ് വിജയമെന്ന് മോഡിക്കറിയാം.
2002ല്‍ നിന്ന് 2011 ലെത്തിയപ്പോഴേക്കും ഗുജറാത്തിലെ വിപണിസാധ്യതയും മോഡിയിലെ പ്രധാനമന്ത്രി യോഗവും തിരിച്ചറിഞ്ഞ കോര്‍പ്പറേറ്റുകളും ആഗോള നിക്ഷേപകരും മോഡിയിലെ വിദ്വേഷിയെ മറന്നു കഴിഞ്ഞിരുന്നു. 2011 ജനുവരിയില്‍ വൈബ്രന്റ് ഗുജറാത്തിന്റെ ദൈ്വവാര്‍ഷിക സംഗമത്തിന്റെ അഞ്ചാം ഘട്ടത്തില്‍ പങ്കെടുക്കാന്‍ ഗാന്ധിനഗറിലെത്തിയ നൂറ് രാജ്യങ്ങളില്‍ നിന്നുള്ള വ്യവസായ പ്രമുഖര്‍ ഓരോരുത്തരായി മോഡിയെ പ്രശംസിച്ചു. മാധ്യമങ്ങള്‍ നിലക്കാത്ത വ്യാപാരി നിരയെയും മോഡിയിലെ വികസന പുരുഷനെയും വാഴ്ത്തിപ്പാടി. വേദിയില്‍ അദ്ദേഹത്തിന്റെ ഇരുവശത്തായി മേളയുടെ ഔദ്യോഗിക പങ്കാളികളായി ഒപ്പ് വെച്ച ജപ്പാന്‍ അംബാസഡറും കാനഡ ഹൈകമ്മീഷണറും ഇരുന്നു. രത്തന്‍ ടാറ്റയും അംബാനിയും അടക്കം ഡസന്‍കണക്കിന് കോര്‍പ്പറേറ്റ് മേധാവികള്‍ വേദിയില്‍ നിറസാന്നിധ്യമായി. റുവാണ്ടന്‍ പ്രധാനമന്ത്രി, യു എസ് – ഇന്ത്യ ബിസിനസ് കൗണ്‍സില്‍ പ്രസിഡന്റ് എന്നിവരും മോഡിയെ വാഴ്ത്താന്‍ ഗാന്ധിനഗറില്‍ എത്തിയിരുന്നു. യു എസ് – ഇന്ത്യ ബിസിനസ് കൗണ്‍സില്‍ പ്രസിഡന്റ് അടുത്ത യുനൈറ്റഡ് സ്റ്റേറ്റ് ഉച്ചകോടിയില്‍ പങ്കാളിയായി മോഡിയെ കാണാനുള്ള തന്റെ ആഗ്രഹം തുറന്നു പ്രകടിപ്പിച്ചു.
ഗുജറാത്ത് നരമേധങ്ങള്‍ക്ക് ശേഷം അമേരിക്കയും ബ്രിട്ടനും യൂറോപ്യന്‍ രാജ്യങ്ങളും കല്‍പ്പിച്ച വിലക്ക് പോലും മോഡിയും സ്തുതിപാഠകരും ചേര്‍ന്ന് അയച്ചെടുത്തു. ബ്രിട്ടന്‍ വിലക്ക് നീക്കിയതിന് പിന്നാലെ വാഷിംഗ്ടണില്‍ നിന്നും മോഡിക്ക് അനുകൂല നിലപാടുകളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.
യഥാര്‍ഥത്തില്‍ വ്യവസായ മേഖലയിലെ കോര്‍പ്പറേറ്റുകള്‍ കൊഴുത്തതൊഴിച്ചാല്‍ അടിസ്ഥാന വികസന കാര്യത്തില്‍ ഗുജറാത്ത് ഇന്നും പുറംതിരിഞ്ഞു നില്‍ക്കുകയാണ്്. കുട്ടികളുടെ പോഷകാഹാരക്കുറവിന്റെ കാര്യത്തില്‍ ഗുജറാത്ത് വളരെ പിന്നിലാണെന്ന മാര്‍ക്കണ്ഡേയ കട്ജുവിനെ പോലുള്ളവര്‍ വ്യക്തമാക്കിക്കഴിഞ്ഞു. വികസനം തൊട്ടുതീണ്ടാത്ത മുസ്‌ലിം പ്രദേശങ്ങളും ദാരിദ്ര്യം പേറുന്ന മുസ്‌ലിം ജനതയും അങ്ങേയറ്റം ശക്തി പ്രാപിച്ച വര്‍ഗീയ/ജാതീയ ചിന്തകളും ഗുജറാത്തിലെ കാഴ്ചയാണ്. ഗുജറാത്തിലെ മുസ്‌ലിംകള്‍ മോഡിയെ പിന്തുണക്കുന്നത് ഭയം കൊണ്ടുമാത്രമാണെന്ന് കട്ജു പറയുന്നു. എന്നിട്ടും മോഡി വരച്ചെടുത്ത വികാസ് പുരുഷനെന്ന നാമം മാത്രം പത്രക്കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു.
ഗുജറാത്ത് വികസനം നീണാള്‍ വാഴാന്‍ വേണ്ടി എത്ര പണമിറക്കാനും മോഡി തയ്യാറാണ്. അതു കൊണ്ട് തന്നെയാണ് ഇന്ത്യയില്‍ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പരസ്യം നല്‍കുന്ന സംസ്ഥാനമായി ഗുജറാത്ത് മാറിയത്. തീരുന്നില്ല, ലീഡര്‍ എന്ന് അര്‍ഥം വരുന്ന നാമോ എന്ന പേരില്‍ മോഡി ആരംഭിച്ച ചാനലിന്റെ ലക്ഷ്യം ആദ്യന്തം തന്റെ സ്തുതി പാടല്‍ തന്നെയാണ്. സഹപ്രവര്‍ത്തകരെ പോലും അടിച്ചമര്‍ത്തി മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിലേക്ക് ഉയര്‍ത്താന്‍ ഈ ചാനല്‍ വഹിച്ച പങ്കും അതുല്യമാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയിലെ ചേരിപ്പോര് മാത്രമാണ് മോഡിക്ക് വിലങ്ങുതടി എന്ന് പറയുമ്പോള്‍ സെക്യുലര്‍ ഇന്ത്യയുടെ മുഖം എത്രമാത്രം വികലമാണ് എന്ന് നമുക്ക് ബോധ്യപ്പെടുന്നു. മാധ്യമ/കോര്‍പ്പറേറ്റ് പിന്തുണയിലുപരി എതിര്‍ സ്ഥാനാര്‍ഥിയുടെ ദൗര്‍ബല്യത്തിലാണ് മോഡിയുടെ പ്രതീക്ഷ. പയറ്റിത്തെളിയിച്ച തന്ത്രവുമായി മോഡിയും അവസരം ലഭിച്ചിട്ടും കഴിവ് തെളിയിക്കാത്ത യുവത്വവും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ അന്തിമ വിജയം ആര്‍ക്കായിരിക്കുമെന്ന് ഊഹിക്കാവുന്നതാണ്.
അഴിമതിയിലും വിലക്കയറ്റത്തിലും സാമ്പത്തിക അസമത്വത്തിലും മുങ്ങിയ ഭരണവും രാഷ്ട്രീയ സാഹചര്യവുമെല്ലാം കോണ്‍ഗ്രസിന് എതിരാകുമ്പോഴും മോഡിയുടെ ഭീകര മുഖം ഉയര്‍ത്തിപ്പിടിച്ച് ഭരണ ചെങ്കോലേന്താന്‍ പ്രാപ്തിയുള്ള വ്യക്തിത്വം തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുകയാണെങ്കില്‍ പിടിച്ചുനില്‍ക്കാമായിരുന്നു. ജീവിതമെന്തെന്നോ ഇന്ത്യ എങ്ങനെ ജീവിക്കുന്നെന്നോ അറിയാതെ നീങ്ങുന്ന ഒരു യുവാവിനെയാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്. വെറുതെ ക്രിക്കറ്റ് കണ്ട്, പെണ്‍സുഹൃത്തിനൊപ്പം നാട് ചുറ്റുന്ന രാഷ്ട്രീയ നിരക്ഷരന്‍.
ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളില്‍ നിന്നും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവരെന്ന് ജനാധിപത്യത്തെ നിര്‍വചിക്കുമ്പോഴും നമ്പര്‍ വണ്‍ ജനാധിപത്യ രാഷ്ട്രമെന്ന് നാം ഊറ്റം കൊള്ളുമ്പോഴും രണ്ട് അയോഗ്യരെ ജനാധിപത്യത്തിന്റെ മുന്നില്‍ വെക്കേണ്ടിവരുന്നു നമുക്ക്. ഇവിടെയാണ് ഇന്ത്യാ മഹാരാജ്യം നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി മനസ്സിലാക്കേണ്ടത്്. ജനാധിപത്യവും മതേതരത്വവും വെറുമൊരു ചോദ്യചിഹ്നമായി നില്‍ക്കുമ്പോഴും എന്തുകൊണ്ട് മൂന്നാമതൊരു മുന്നണിയോ ബദല്‍ സംവിധാനമോ ഉയര്‍ന്ന് വരുന്നില്ല? ഇടതുപക്ഷത്തിന് എന്തുകൊണ്ട് ഒരു ദേശീയ ശക്തിയായി വളരാനാകുന്നില്ല? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ലളിതമാണ്. നിലവിലെ രാഷ്ട്രീയ കോര്‍പ്പറേറ്റ് ബന്ധങ്ങള്‍ മറികടന്ന് ഇന്ത്യന്‍ വിപണിയിലെ മുടിചൂടാമന്നന്മാരോട് ഇഷ്ടം കൂടാന്‍ ഇടത് പക്ഷത്തിന് എന്ന് സാധിക്കുന്നുവോ അന്ന് മുതല്‍ ഡല്‍ഹിയിലെ മുന്‍നിര സീറ്റുകലേക്ക് അവര്‍ക്കും കണ്ണ് വെക്കാം.