കല്‍ക്കരിപ്പാടം: എല്ലാം വെളിച്ചത്ത് വരട്ടെ

Posted on: March 14, 2013 9:30 am | Last updated: March 14, 2013 at 9:30 am
SHARE

siraj copyസ്വകാര്യ കമ്പനികള്‍ക്ക് ചട്ടവിരുദ്ധമായി കല്‍ക്കരിപ്പാടം അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നു. 2006-09 കാലയളവില്‍ കല്‍ക്കിരപ്പാടങ്ങള്‍ അനുവദച്ചതില്‍ സര്‍ക്കാറിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും അപേക്ഷ സമര്‍പ്പിച്ച കമ്പനികളുടെ രേഖകള്‍ വേണ്ടത്ര പരിശോധിക്കാതെയാണ് ലൈസന്‍സ് നല്‍കിയതെന്നും കാണിച്ച് സി ബി ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ ആധാരമാക്കി സര്‍ക്കാറിനെ വിമര്‍ശിച്ച കോടതി, ക്രമക്കേട് തെളിഞ്ഞാല്‍ കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മുന്നറിയിപ്പ് നല്‍കുകയുണ്ടായി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ സി എ ജി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും കല്‍ക്കരിപ്പാടങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിയതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇതുമൂലം 1.86 ലക്ഷം പൊതു ഖജനാവിന് നഷ്ടം സംഭവിച്ചതായും ചൂണ്ടിക്കാണിച്ചിരുന്നു. റിപ്പോര്‍ട്ടിലെ ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിച്ച് തുടര്‍ നടപടി കൈക്കൊള്ളുന്നതിന് പകരം, ഭരണഘടനാ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സി എ ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് കുറ്റപ്പെടുത്തി മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു അന്ന് കേന്ദ്ര സര്‍ക്കാര്‍. ഇപ്പോള്‍ സുപ്രീം കോടതിയും സി എ ജിയുടെ ആരോപണം ശരിവെച്ച സാഹചര്യത്തില്‍ മന്‍മോഹന്‍ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായിരിക്കയാണ്.
1957ലെ ഖനി, ധാതു വികസന, നിയന്ത്രണ നിയമ പ്രകാരം കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്നും ഇത് സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ വരുന്നതാണെന്നും ജസ്റ്റിസുമാരായ ആര്‍ എം ലോധ, ജെ ചെലമേശ്വര്‍ എന്നിവര്‍ ഉള്‍പ്പെട്ട സുപ്രീം കോടതി ബഞ്ച് നേരത്തെ നിരീക്ഷിച്ചതാണ്. കല്‍ക്കരി കുംഭകോണം പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ ഗോപാലസ്വാമി, മുന്‍ നാവിക സേനാ മേധാവി എല്‍ രാംദാസ്, മുന്‍ കാബിനറ്റ് സെക്രട്ടറി ടി എസ് ആര്‍ സുബ്രഹ്മണ്യന്‍, അഭിഭാഷകന്‍ എന്‍ ശര്‍മ തുടങ്ങിയവര്‍ ചേര്‍ന്നു സമര്‍പ്പിച്ച പൊതു താത്പര്യ ഹരജിയോട് പ്രതികരിക്കവെ, കഴിഞ്ഞ ജനുവരി 24നായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. പ്രസ്തുത കേസില്‍ കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തന്നെ ധാതു ഖനന പാട്ടക്കരാര്‍ നടപ്പാക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും കേന്ദമല്ലെന്നും പറഞ്ഞ കാര്യവും ചൂണ്ടിക്കാണിച്ചിരുന്നു.
സി ബി ഐ ഡയറക്ടര്‍ നിയോഗിച്ച പ്രത്യേക സംഘമാണ് കല്‍ക്കരിപ്പാടം കുംഭകോണം അന്വേഷിക്കുന്നത്. യോഗ്യത മറികടന്നാണ് സര്‍ക്കാര്‍ കമ്പനികളെ തിരഞ്ഞെടുത്തതെന്നും വന്‍കിട കമ്പനികളുടെ അപേക്ഷകള്‍ നിരാകരിച്ചു യോഗ്യതയില്ലാത്ത ചെറുകിട കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കിയെന്നും സി ബി ഐ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ലൈസന്‍സ് ലഭിച്ചവരില്‍ ചില കോണ്‍ഗ്രസ് എം പിമാര്‍ക്ക് പങ്കാളിത്തമുള്ള ചെറുകിട കമ്പനികളും ഉള്‍പ്പെടുമെന്ന് പ്രതിപക്ഷം ആരോപണമുന്നയിച്ച പശ്ചാത്തലത്തില്‍ സി ബി ഐയുടെ ഈ നിരീക്ഷണം ഗൗരവതരമാണ്. സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കുന്നതില്‍ 1933 വരെ പ്രത്യേക വ്യവസ്ഥകളൊന്നുമുണ്ടായിരുന്നല്ല. എന്നാല്‍ ലേലം മുഖേന മാത്രമേ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കാവൂ എന്ന് കല്‍ക്കരി വകുപ്പ് സെക്രട്ടറി ചെയര്‍മാനായ സമിതി 2004-ല്‍ റിപ്പോര്‍ട്ട് നല്‍കുകയും സര്‍ക്കാര്‍ അത് അംഗീകരിക്കുകയം ചെയ്തതാണ്. ആ നിര്‍ദേശമാണ് സര്‍ക്കാര്‍ ലംഘിച്ചത്. 2005-09 കാലയളവില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനായിരുന്നു കല്‍ക്കരി വകുപ്പിന്റെ ചുമതല. ഈ ഘട്ടത്തിലാണ് ലേല നടപടികളില്ലാതെ ലൈന്‍സന്‍സ് നല്‍കിയത്.
പ്രശ്‌നത്തില്‍ സര്‍ക്കാറും സി ബി ഐയും തമ്മില്‍ രൂക്ഷമായ ഭിന്നതയിലാണെന്ന് സി ബി ഐ റിപ്പോര്‍ട്ടും സര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ജി ഇവഹന്‍വതിയുടെ നിലപാടും വ്യക്തമാക്കുന്നുണ്ട്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പാടങ്ങള്‍ അനുവദിച്ചതെന്ന് ബോധിപ്പിച്ച അറ്റോര്‍ണി ജനറല്‍ പ്രശ്‌നത്തില്‍ സി ബി ഐയുടെത് അന്തിമ വാക്കല്ലെന്നും പറയുകയുണ്ടായി. ഈ പ്രസ്താവനയെ വിമര്‍ശിച്ച കോടതി സി ബി ഐ അന്വേഷണത്തില്‍ മുന്‍ധാരണ അരുതെന്ന് അദ്ദേഹത്തെ ഉപദേശിക്കുകയുമുണ്ടായി.
കല്‍ക്കരി കുഭകോണം പ്രശ്‌നത്തില്‍ തലയൂരാന്‍ ശ്രമിക്കുന്തോറും പുതിയ കുരുക്കുകള്‍ സര്‍ക്കാറിനെ വരിഞ്ഞു മുറുക്കിക്കൊണ്ടിരിക്കയാണ്. ഭരണഘടനാ സ്ഥാപനമായ സി എ ജിയും സി ബി ഐയുമെല്ലാം പ്രശ്‌നത്തില്‍ ഒരേ നിലപാട് സ്വീകരക്കുമ്പോള്‍ അത് സര്‍ക്കാറിന് ദോശകരമാണെന്ന കാരണത്താല്‍ വിമര്‍ശിക്കുകയും അപ്പാടെ നിരാകരിക്കുകയും ചെയ്യുന്ന പ്രവണത ആശാവഹമല്ല. സര്‍ക്കാര്‍ നടപടികളില്‍ അരുതായ്മകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തുകയും ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുകയുമാണ് നീതിന്യായ വ്യവസ്ഥയോടും ഭരണഘടനാ സംവിധാനങ്ങളോടും ആദരവും വിധേയത്വവുമുള്ള ഭരണകൂടങ്ങള്‍ ചെയ്യേണ്ടത്. വസ്തുതകള്‍ വെളിച്ചത്ത് കൊണ്ടു വരാന്‍ സര്‍ക്കാര്‍ അന്വേഷണ ഏജന്‍സിയെ അനുവദിക്കുകയും സഹായിക്കുകയും ചെയ്യട്ടെ.