Connect with us

Kozhikode

ജില്ലയില്‍ കൂടുതല്‍ ആര്‍ഷ് ക്ലിനിക്കുകള്‍ തുടങ്ങുന്നു

Published

|

Last Updated

കോഴിക്കോട്: ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജില്ലയില്‍ രണ്ട് പുതിയ ആര്‍ഷ് (അഡോളസന്റ് റീ പ്രൊഡക്ടീവ് ആന്‍ഡ് സെക്ഷ്വല്‍ ഹെല്‍ത്ത് പ്രോഗ്രാം) ക്ലിനിക്കുകള്‍ കൂടി വരുന്നു. കൊയിലാണ്ടിയിലെയും പേരാമ്പ്രയിലെയും താലൂക്ക് ആശുപത്രികളിലാണ് കൗമാര പ്രായക്കാര്‍ക്കായി ഈ ക്ലിനിക്കുകള്‍ തുടങ്ങുന്നത്.
11 മുതല്‍ 19 വയസ്സ് വരെയുളള ആണ്‍കുട്ടികളും പെണ്‍കുട്ടികളും അനുഭവിക്കുന്ന ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ പഠന വിധേയമാക്കുകയും പരിഹരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ബീച്ച് ജനറല്‍ ആശുപത്രിയിലാണ് ജില്ലയില്‍ നിലവിലുളള ആര്‍ഷ് ക്ലിനിക് പ്രവര്‍ത്തിക്കുന്നത്. മാര്‍ച്ച് രണ്ട് മുതല്‍ പ്രവര്‍ത്തനം തുടങ്ങിയ ഇവിടെ കൗണ്‍സിലിംഗിനും മറ്റുമായി ഏറെ പേര്‍ എത്തുന്നുണ്ട്. കൗമാര ആരോഗ്യത്തില്‍ സ്‌പെഷ്യലൈസ് ചെയ്ത ഒരു ഡോക്ടര്‍, കൗണ്‍സലിംഗ് വിദഗ്ധന്‍, സ്റ്റാഫ് നഴ്‌സ് എന്നിവരടങ്ങുന്ന ഒരു മെഡിക്കല്‍ സംഘമാണ് ആര്‍ഷിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക.
പെണ്‍കുട്ടികളടക്കമുളള സ്ത്രീ സമൂഹത്തിന് നേരെ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കൗമാര പ്രായത്തില്‍ തങ്ങള്‍ക്കുണ്ടാകുന്ന ശാരീരിക മാറ്റങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും ക്ലിനിക്കിന്റെ ദൗത്യമാണ്.
അഞ്ച് ലക്ഷം രൂപ പ്രാരംഭ മുതല്‍മുടക്കുളള ആര്‍ഷ് ക്ലിനിക്കില്‍ കൗമാരക്കാര്‍ക്കാവശ്യമായ എല്ലാ മരുന്നുകളും ലഭ്യമാണ്. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരായി ഇവിടെയെത്തുന്ന കൗമാരക്കാര്‍ക്ക് നിയമ പരിരക്ഷ ഉറപ്പുവരുത്താനായി എന്‍ ആര്‍ എച്ച് എമ്മിന് കീഴിലുളള ഭൂമിക സെന്ററുകളിലേക്കയക്കും.
താലൂക്ക് ആശുപത്രി സൂപ്രണ്ടുമാരുടെ നേരിട്ടുളള മേല്‍നോട്ടത്തിലുളള ആര്‍ഷ് ക്ലിനിക്കുകളുടെ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത് ജില്ലാ മെഡിക്കല്‍ ഓഫീസറും എന്‍ ആര്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജരും ചേര്‍ന്നാണ്. എല്ലാ ദിവസങ്ങളിലും ഉച്ചക്ക് രണ്ട് മണി മുതല്‍ നാലു വരെയാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുക.

---- facebook comment plugin here -----

Latest