Connect with us

Kozhikode

ടി പി വധം: പ്രതികളെ ചോമ്പാല ഹാര്‍ബറില്‍ കണ്ടതായി സി പി എം പ്രവര്‍ത്തകനായ സാക്ഷിയുടെ മൊഴി

Published

|

Last Updated

കോഴിക്കോട്: ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തുന്നതിനായി അദ്ദേഹത്തെ നിരന്തരമായി നിരീക്ഷിച്ചുകൊണ്ട് പലയിടങ്ങളിലായി ഇന്നോവ കാറില്‍ സഞ്ചരിച്ച പ്രതികളെ ചോമ്പാല ഹാര്‍ബറില്‍ കണ്ടതായി സി പി എം പ്രവര്‍ത്തകനായ സാക്ഷിയുടെ മൊഴി. അഴിയൂര്‍ കല്ലാമലയില്‍ നിര്‍മാണ ജോലിക്കാരനും കേസിലെ 16-ാം സാക്ഷിയുമായ അഴിയൂര്‍ കല്ലാമല കെ കെ ഹൗസില്‍ റനീഷാണ് കേസിലെ 16-ാം പ്രതി കണ്ണൂര്‍ പാട്യം മാരാജിന്റവിട ഷിബു, 17-ാം പ്രതി കണ്ണൂര്‍ പാട്യം മീത്തലെ പുരയില്‍ കെ ശ്രീജിത്ത് എന്നിവര്‍ ചോമ്പാല ഹാര്‍ബറില്‍ ഇന്നോവ കാറിലെത്തിയതായി എരഞ്ഞിപ്പാലം പ്രത്യേക അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടിക്ക് മുമ്പാകെ മൊഴി നല്‍കിയത്.
താന്‍ ആര്‍ എം പി പ്രവര്‍ത്തകനല്ലെന്നും ഇപ്പോഴും സി പി എം പ്രവര്‍ത്തകനാണെന്നും അറിയിച്ചതോടെ പ്രദേശത്തെ സി പി എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയുടേയും ഏരിയാ സെക്രട്ടറിയുടേയും പേര് പറയാന്‍ പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും തനിക്കറിയില്ലെന്നും എന്നാല്‍ തന്റെ പിതാവ് രാജന്‍ ആര്‍ എം പി പ്രവര്‍ത്തകനാണെന്നും റനീഷ് സാക്ഷിവിസ്താരത്തില്‍ അറിയിച്ചു.
ടി പി ചന്ദ്രശേഖരന്‍ സ്ഥിരമായി രാവിലെ ചോമ്പാല ഹാര്‍ബറില്‍ മത്സ്യം വാങ്ങാനെത്താറുണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞാണ് പ്രതികള്‍ അദ്ദേഹത്തെ പിന്തുടര്‍ന്ന് എത്തിയിരുന്നതെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടാണ് സാക്ഷി വിസ്താരത്തില്‍ റനീഷ് ഇന്നോവ കാറിലെത്തിയ പ്രതികളെ തിരിച്ചറിഞ്ഞതായി കോടതിയില്‍ മൊഴി നല്‍കിയത്.
ഏപ്രില്‍ 27ന് രാവിലെ ഒമ്പതോടു കൂടി തന്റെ ബൈക്കില്‍ മത്സ്യം വാങ്ങിക്കാനായി ചോമ്പാല ഹാര്‍ബറില്‍ എത്തിയിരുന്നു. ബൈക്ക് പാര്‍ക്ക് ചെയ്തതിന്റെ അടുത്തായി ഒരു ഇന്നോവ കാര്‍ നിര്‍ത്തുകയും തനിക്ക് പരിചയമുള്ള ഷിബുവും ശ്രീജിത്തും കാറില്‍ നിന്നിറങ്ങുകയും ചെയ്തു. ഈ സമയം കാറിനുള്ളില്‍ മൂന്ന് നാല് പേര്‍ ഉണ്ടായിരുന്നതായും എന്നാല്‍ ഈ രണ്ടുപേരൊഴികെ മറ്റാരും കാറില്‍ നിന്ന് ഇറങ്ങിയിരുന്നില്ലെന്നും റനീഷ് മൊഴി നല്‍കി.
രണ്ട് പ്രതികളേയും പ്രതികള്‍ സഞ്ചരിച്ച കെഎല്‍ 58 ഡി 8144 നമ്പര്‍ ഇന്നോവ കാറും സാക്ഷി തിരിച്ചറിഞ്ഞു. പ്രോസിക്യൂഷന് വേണ്ടി അസി പ്രോസിക്യൂട്ടര്‍ കെ കുമാരന്‍ കുട്ടിയും പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകരായ എം അശോകന്‍, വിനോദ് ചമ്പളോന്‍ എന്നിവരും ഹാജരായി.