Connect with us

Kozhikode

ജലക്ഷാമം നേരിടാന്‍ തോടുകളിലും പുഴകളിലും താത്കാലിക തടയണകള്‍

Published

|

Last Updated

നരിക്കുനി: കടുത്ത ജലക്ഷാമത്തെ നേരിടാന്‍ തോടുകളിലും പുഴകളിലും താത്കാലിക തടയണകള്‍ നിര്‍മിക്കുന്നു.
നാടിന്റെ പ്രധാന ജല സ്രോതസുകളായിരുന്ന തോടുകളിലും പുഴകളിലുമാണ് കര്‍ഷകര്‍ ബണ്ടുകള്‍ നിര്‍മിക്കുന്നത്. പ്ലാസ്റ്റിക് ചാക്കുകളില്‍ മണല്‍ നിറച്ച് അട്ടിയിട്ടാണ് ബണ്ടുകളുടെ നിര്‍മാണം.
മടവൂര്‍ പഞ്ചായത്തിലെ കൂട്ടുംപുറത്ത് താഴം- മൂന്നാം പുഴ തോട്ടിലും കാക്കൂര്‍ പഞ്ചായത്തിലെ കാക്കൂര്‍ തോട്ടിലും ചേളന്നൂര്‍ പഞ്ചായത്തിലെ പാലത്ത് തോട്ടിലും പലയിടങ്ങളിലായി താത്കാലിക ബണ്ടുകള്‍ നിര്‍മിച്ചിട്ടുണ്ട്.
ബണ്ടുകള്‍ നിര്‍മിക്കുന്നതോടെ തോട്ടില്‍ ബാക്കിയുള്ള നീരൊഴുക്കുകളില്‍ നിന്നുള്ള വെള്ളം ശേഖരിക്കാന്‍ സാഹചര്യമൊരുക്കുന്നു. വെള്ളം കെട്ടിനിര്‍ത്തിയാണ് വേനല്‍കാല കൃഷിക്കുള്ള ജലസേചനം സാധ്യമാക്കുന്നത്.
കൂടാതെ കിണറുകളും കുളങ്ങളും ഉള്‍പ്പെടെയുള്ള സ്രോതസുകളില്‍ ജലനിരപ്പ് കൂടുതല്‍ താഴാതെ നിലനിര്‍ത്താനും സാധിക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി താത്കാലിക തടയണകള്‍ നിര്‍മിച്ചിരുന്നെങ്കിലും ഇക്കൊല്ലം ഈ പ്രവൃത്തി അനിശ്ചിതത്വത്തിലാണ്. തൊഴിലുറപ്പ് പദ്ധതിയിലേര്‍പ്പെടുന്ന തൊഴിലാളികള്‍ മിക്കവരും അവരവരുടെ തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തിയാക്കിയതിനാല്‍ തൊഴിലുറപ്പിന്റെ സഹായം തടയണ നിര്‍മാണത്തിന് ലഭ്യമാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ ക്രിസ്മസ് അവധിക്കാലത്ത് നാഷനല്‍ സര്‍വീസ് സ്‌കീം വളണ്ടിയര്‍മാര്‍ നിര്‍മിച്ച തടയണകളും ഇപ്പോള്‍ കര്‍ഷകര്‍ തന്നെ മുന്‍കൈയെടുത്ത് നിര്‍മിക്കുന്ന തടയണകളുമാണ് ജലശേഖരണം സാധ്യമാക്കുന്നത്.

 

Latest