Connect with us

Malappuram

കാവനൂര്‍ വില്ലേജ് ജനകീയ സമിതി വാര്‍ഷികം; അഭിനന്ദനം അറിയിക്കാന്‍ റവന്യൂ മന്ത്രി ഇന്നെത്തും

Published

|

Last Updated

മലപ്പുറം: ഏറനാട് താലൂക്കിലെ കാവനൂര്‍ വില്ലേജ് വികസന സമിതി മൂന്നാം വാര്‍ഷികമാഘോഷിക്കുമ്പോള്‍ അഭിനന്ദനവുമായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് ഇന്നെത്തും.
30 വര്‍ഷമായി സിവില്‍ കോടതിയില്‍ പരിഹരിക്കാതെ കിടന്നിരുന്ന സ്വത്ത് തര്‍ക്ക കേസ്, കുടുംബ പ്രശ്‌നങ്ങള്‍, 15 വര്‍ഷമായുളള അതിര്‍ത്തി തര്‍ക്കം, വൃക്ഷം മുറിച്ചുമാറ്റുന്നത് സംബന്ധിച്ച പ്രശ്‌നം, ഇവക്കെല്ലാം പരിഹാരവും വഴി സംബന്ധിച്ച തര്‍ക്കത്തിനൊടുവില്‍ ജനകീയ പങ്കാളിത്തത്തോടെ റോഡ് നിര്‍മാണവും – മൂന്ന് വര്‍ഷം കൊണ്ട് കാവനൂരില്‍ ഇവയെല്ലാം സാധ്യമായത് വില്ലേജ് ഓഫീസും ഗ്രാമപഞ്ചായത്തും ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോഴാണ്. കഴിഞ്ഞ മൂന്ന് വര്‍ഷം ലഭിച്ച 125 പരാതികളില്‍ 119 ഉം സമയബന്ധിതമായി പൂര്‍ത്തിയാക്കി മാതൃകയായി കാവനൂര്‍ വില്ലേജ് ഓഫീസ്.
നോട്ടീസ് നല്‍കി, ബന്ധപ്പെട്ട കക്ഷികളുമായി സംസാരിച്ച്, സ്ഥല പരിശോധന നടത്തിയാണ് പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുന്നത്. മാസത്തില്‍ മൂന്നാമത്തെ ശനിയാഴ്ചകളിലാണ് സമിതി യോഗം ചേര്‍ന്ന് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുക. കഴിഞ്ഞ മൂന്ന് വര്‍ഷവും പൗരാവകാശരേഖ പ്രസിദ്ധീകരിച്ച് കുടുംബശ്രീ വഴി എല്ലാ വീടുകളിലും എത്തിച്ചിരുന്നു. ദുരന്തങ്ങള്‍ കാര്യക്ഷമമായി നേരിടാന്‍ പ്രതേ്യകം പരിശീലനം ലഭിച്ച 34 അംഗ യുവകര്‍മ സേന ഇവിടെ സജ്ജമാണ്.
2010 ല്‍ സംസ്ഥാനത്ത് ആദ്യമായി നെല്‍വയല്‍ തണ്ണീര്‍ത്തട ഡാറ്റാബേങ്ക് തയ്യാറാക്കിയതും കാവനൂര്‍ വില്ലേജാണ്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഇന്ന് വൈകീട്ട് മൂന്നിന് നടക്കുന്ന വാര്‍ഷികാഘോഷം റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും. പി കെ ബഷീര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ എം സി മോഹന്‍ദാസ് മുഖ്യാതിഥിയാവും.