Connect with us

Palakkad

കൊടുംവേനല്‍: സൈലന്റ് വാലി ദേശീയോദ്യാനം ഏപ്രില്‍ 30 വരെ അടച്ചു

Published

|

Last Updated

പാലക്കാട്: കടുത്ത വേനലും വരള്‍ച്ചയും അനുഭവപ്പെടുന്നതിനാല്‍ സൈലന്റ് വാലി ദേശീയോദ്യാനത്തിലേക്കുളള സന്ദര്‍ശകരുടെ പ്രവേശനം ഏപ്രില്‍ 30 വരെ നിരോധിച്ചു. ജില്ലയിലെ രൂക്ഷമായ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ കാട്ടുതീയുണ്ടാകാനുളള സാധ്യത വളരെ കൂടുതലായതിനാലാണ് ഉദ്യാനം വേനല്‍ക്കാലത്ത് അടച്ചിടുന്നത്.
രണ്ട് മാസത്തിലധികമായി മഴ ലഭിക്കാത്തതിനാല്‍ വേനലിന്റെ കാഠിന്യം കൂടി. മുക്കാലി മുതല്‍ സൈരന്ധ്രി വരെയുളള റോഡിന്റെ പല സ്ഥലത്തും പുല്ല് ഉണങ്ങിക്കരിഞ്ഞിരിക്കുകയാണ്. മഴയില്ലാത്തതിനാല്‍ പൊടിയുടെ ശല്യവും ദുസഹമാണ്. ഈ സാഹചര്യത്തില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ശുപാര്‍ശ പ്രകാരമാണ് ഉദ്യാനം അടച്ചിടുന്നത്.
അഗ്നിപ്രതിരോധത്തിനായി ജീവനക്കാരുടെയും വാച്ചര്‍മാരുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിട്ടുണ്ട്. ടൂറിസത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ സമയവും ജീവനക്കാരുടെ ശ്രദ്ധയും സേവനവും കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനത്തിനായി വിനിയോഗിക്കുമെന്ന് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ വി. ഗോപിനാഥന്‍ അറിയിച്ചു.

Latest