Connect with us

Kerala

ഓര്‍മ്മയിലെ പൊറ്റക്കാട്: അനുഭവങ്ങള്‍ പങ്കുവെച്ച് എസ് കെയൊടൊപ്പം ജീവിച്ചവര്‍

Published

|

Last Updated

കോഴിക്കോട്:അച്ഛന് വള്ളത്തോളിനെപ്പോലെ ഒരു കവിയാകാനായിരുന്നു ആഗ്രഹം. അതിന് വേണ്ടി അദ്ദേഹം കഠിനമായി ശ്രമിച്ചിരുന്നു. അച്ഛന് ജ്ഞാനപീഠം അവാര്‍ഡ് ലഭിച്ച വാര്‍ത്തയറിഞ്ഞ നിമിഷം ഒരിക്കലും മറക്കാന്‍ കഴിയില്ല. ആ നിമിഷം അച്ഛന്‍ അമ്മയുടെ ഫോട്ടോക്ക് മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന രംഗമാണ് ഞങ്ങള്‍ മക്കള്‍ കണ്ടത്. ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഒരു നാടോടിയായി ജനിക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നതെന്നും എസ് കെ പൊറ്റക്കാടിന്റെ മകള്‍ സുമിത്ര ഓര്‍ത്തെടുത്തു.

മനസ്സിന്റെ അടിത്തട്ടില്‍ കിടക്കുന്ന ഓര്‍മ്മകളിലേക്ക് ഒരിക്കല്‍ കൂടിയുള്ള മടക്കമായിരുന്നു എസ് കെ പൊറ്റക്കാട് ജന്മശതാബ്ദിയോടനുബന്ധിച്ച് നടന്ന ഓര്‍മ്മയിലെ പൊറ്റക്കാട് പരിപാടി. എസ് കെ യുടെ ജീവിതകാലത്ത് അദ്ദേഹത്തോടൊപ്പം ജീവിച്ചവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. ആദ്യ നാളുകളില്‍ അദ്ദേഹം ഏതാനും കവിതകള്‍ എഴുതിയിട്ടുണ്ട്. ചില കവിതാ മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങളും നേടിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് നടക്കുന്ന സ്വഭാവമുള്ള അച്ഛന്‍ സ്ഥിരമായി ഡയറി എഴുതുമായിരുന്നെന്നും ദേശത്ത് നടക്കുന്ന സംഭവങ്ങള്‍ കുറിച്ച് വെക്കാന്‍ ഒരു ഡയറി, വരവ് ചെലവ് കണക്കുകള്‍ കുറിച്ചുവെക്കാന്‍ മറ്റൊന്ന്, വ്യക്തിപരമായ കാര്യങ്ങള്‍ എഴുതിവെക്കാന്‍ വേറൊരെണ്ണം എന്നിങ്ങനെ ദിവസവും മൂന്ന് ഡയറി അച്ഛന്‍ സ്ഥിരമായി എഴുതുമായിരുന്നു. ചെറിയ സാധനങ്ങള്‍ പോലും സൂക്ഷിച്ചുവെക്കുന്ന സ്വഭാവക്കാരനായിരുന്നു അദ്ദേഹമെന്നും അച്ഛന്‍ ഇല്ലാതായപ്പോഴാണ് അദ്ദേഹത്തിന്റെ വില മനസ്സിലാകുന്നതെന്നും സുമിത്ര പറഞ്ഞു.
വലിയ സത്കാരപ്രിയരായിരുന്നു എസ് കെ പൊറ്റക്കാടും അദ്ദേഹത്തിന്റെ ഭാര്യയുമെന്ന് എം ടി വാസുദേവന്‍ നായര്‍ പറഞ്ഞു. സുഹൃത്തുക്കള്‍ ഒരുമിച്ചിരുന്നു സൊറ പറയുന്ന സമയത്ത് എസ് കെ ഒരിക്കലും എഴുത്തിനെക്കുറിച്ചും വായനയെക്കുറിച്ചും സംസാരിച്ചിരുന്നില്ല. എസ് കെ യുടെ സ്‌നേഹവും നര്‍മ്മവും എടുത്ത് പറയേണ്ടതാണെന്നും എം ടി പറഞ്ഞു. കോഴിക്കോടുള്ള എസ് കെയുടെ വീട്ടില്‍ (ചന്ദ്രകാന്തം) അതിക്രമിച്ച് കയറിത്താമസിച്ച് തങ്ങളുടെ മധുവിധു അഘോഷിച്ചതിനെക്കുറിച്ച് വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീര്‍ പറഞ്ഞപ്പോള്‍ സദസ്സ് കൗതുകം പൂണ്ടു. വീടിന്റെ യഥാര്‍ഥ ഉടമസ്ഥന്‍ ആദ്യമായി തന്നെ കാണാന്‍ വന്നപ്പോള്‍ കൊണ്ടുവന്ന കേക്കിന്റെ മധുരവും മുല്ലപ്പൂവിന്റെ മണവും ഓര്‍മ്മകളില്‍ ഇന്നും ബാക്കിയാണെന്ന് ഫാബി പറഞ്ഞു.