Connect with us

Kerala

അടുത്ത വര്‍ഷത്തോടെ ലോഡ്‌ഷെഡിംഗ്‌ ഒഴിവാക്കാനാകും: ആര്യാടന്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത വര്‍ഷം മുതല്‍ ലോഡ്‌ഷെഡിംഗ് ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. 1700 മെഗാവാട്ട് വൈദ്യുതി നല്‍കാമെന്ന് വിവിധ വൈദ്യുതി ഉത്പാദന കമ്പനികളില്‍ നിന്ന് വാഗ്ദാനം ലഭിച്ചിട്ടുണ്ട്. പുറത്തു നിന്ന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വൈദ്യുതി ലഭിക്കുകയും ആഭ്യന്തര ഉത്പാദനം മെച്ചപ്പെടുകയും ചെയ്താല്‍ പ്രതിസന്ധിയില്ലാതെ മുന്നോട്ടുപോകാന്‍ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
സൗരോര്‍ജ പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. സൗരോര്‍ജം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് കൊറിയന്‍ കമ്പനിയായ പോസ്‌കോയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യമായ ഹാംഗ് ജോംഗ് ഇലക്ട്രിക്കല്‍ പ്രൈവറ്റ് ലിമിറ്റഡുമായി ധാരണയിലെത്തിയിട്ടുണ്ട്. നാല് വര്‍ഷത്തിനകം 350 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചു നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 3500 കോടിയാണ് പദ്ധതിയുടെ മൊത്തം ചെലവ്. അടുത്ത ഡിസംബറോടെ 50 മെഗാവാട്ട് ഉത്പാദിപ്പിച്ചു നല്‍കാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ടെന്‍ഡര്‍ ലഭിച്ച 15 കമ്പനികളില്‍ നിന്ന് തയ്യാറാക്കിയ ആറ് കമ്പനികളില്‍ ഏറ്റവും ലാഭകരമായ നിര്‍ദേശം നല്‍കിയ കമ്പനിയെ തിരഞ്ഞെടുക്കുകയായിരുന്നു.
കൂടംകുളം ആണവ നിലയത്തില്‍ നിന്നുള്ള വൈദ്യുതി സംസ്ഥാനത്തിന് ലഭിക്കും. ഈ ഉറപ്പ് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. കൂടംകുളത്തു നിന്ന് വൈദ്യുതി എത്തിക്കേണ്ട കൊച്ചി- ഇടമണ്‍ പാതയുടെ 152 കിലോമീറ്ററില്‍ 52 കിലോമീറ്ററിന്റെ നിര്‍മാണം പൂര്‍ത്തിയായി. അവശേഷഷിക്കുന്ന കിലോമീറ്ററിന്റെ കാര്യത്തില്‍ ഭൂമി ഏറ്റെടുക്കല്‍ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്.
ബ്രഹ്മപുരത്ത് ദ്രവീകൃത പ്രകൃതിവാതകം ഉപയോഗിച്ച് 300 മുതല്‍ 400 വരെ മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതിക്കരാര്‍ തയ്യാറായി വരുന്നു. പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറായാലുടന്‍ ആഗോള ടെന്‍ഡര്‍ ക്ഷണിച്ച് നിര്‍മാണപ്രവൃത്തി ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.