കേരളത്തിന് മൂന്ന് പുതിയ ട്രെയിനുകള്‍

Posted on: March 13, 2013 2:20 pm | Last updated: March 14, 2013 at 12:13 am
SHARE

KONICA MINOLTA DIGITAL CAMERA
ന്യൂഡല്‍ഹി:റെയില്‍വേ ബജറ്റ് മറുപടി പ്രസംഗത്തില്‍ കേരളത്തിനായി കൂടുതല്‍ പ്രഖ്യാപനങ്ങള്‍. നാല് പുതിയ ട്രെയിനുകളാണ് ലഭിച്ചത്. ഡല്‍ഹി – തിരുവനന്തപുരം പ്രതിവാര എക്‌സ്പ്രസ്, ആലപ്പുഴ വഴിയും കോട്ടയം വഴിയും എറണാകുളം- കൊല്ലം മെമു സര്‍വീസുകള്‍ എന്നിവക്ക് പുറമെ മംഗലാപുരം-ബംഗളൂരു എക്‌സ്പ്രസ് ആഴ്ചയില്‍ രണ്ട് തവണ പാലക്കാട് വഴിയാക്കി. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി കണ്ണൂര്‍ വരെ നീട്ടി. കോഴിക്കോട്- ഷൊര്‍ണൂര്‍ പാസഞ്ചര്‍ തൃശൂര്‍ വരെ നീട്ടി. കൊച്ചുവേളി-ലോകമാന്യതിലക് ആഴ്ചയില്‍ രണ്ട് തവണ സര്‍വീസ് നടത്തും. ആറ് റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കും.

വടക്കാഞ്ചേരി, തൃശൂര്‍, എടക്കാട്, ഗുരുവായൂര്‍ സ്റ്റേഷനുകളെ കൂടി ആദര്‍ശ് സ്റ്റേഷനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി നവീകരിക്കും. ചിങ്ങവനം, കൊല്ലം, കോഴിക്കോട്, തൃപ്പുണിത്തുറ സ്റ്റേഷനുകളെ ആദര്‍ശ് സ്റ്റേഷനുകളായി ബജറ്റില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറി നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും റെയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ പറഞ്ഞു. ശബരി പാത യാഥാര്‍ഥ്യമാക്കും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്തതോടെ ഭൂമി ഏറ്റെടുക്കും.
മറുപടി പ്രസംഗത്തെ തുടര്‍ന്ന് റെയില്‍വേ ബജറ്റ് ലോക്‌സഭ പാസാക്കി. ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ കക്ഷിഭേദമന്യേ എം പിമാര്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. കോണ്‍ഗ്രസ്, ഇടത് എം പിമാരും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും റെയില്‍വേ മന്ത്രിയുമായി പ്രത്യേകം കൂടിക്കാഴ്ചകള്‍ നടത്തി. പ്രതിരോധ മന്ത്രി എ കെ ആന്റണിയും ബന്‍സലിനെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.