Connect with us

National

ഇറ്റലി കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരും: പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി:നീണ്ടകരയില്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന ഇറ്റാലിയന്‍ നാവികരെ തിരികെ ഇന്ത്യയിലെത്തിച്ചില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടാന്‍ ഇറ്റലി തയ്യാറാകേണ്ടി വരുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. ലോക്‌സഭയിലാണ് അദ്ദേഹം നിലപാടറിയിച്ചത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നേരത്തെ തന്നെ നിലപാടറിയിച്ചതാണെന്നും ഇറ്റലിയുടെ നടപടി സ്വീകാര്യമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അവര്‍ എല്ലാ നയതന്ത്ര മര്യാദകളും ലംഘിച്ചിരിക്കുകയാണ്. നാവികരെ തിരികെയെത്തിക്കാന്‍ കോടതിക്ക് ഉറപ്പ് നല്‍കിയ ഇറ്റാലിയന്‍ സ്ഥാനപതിക്കും ആ രാജ്യത്തിനും ബാധ്യതയുണ്ട്. ഇതിനു തയ്യാറായില്ലെങ്കില്‍ പ്രത്യാഘാതം നേരിടാന്‍ തയ്യാറാകണം.

രാവിലെ പാര്‍ലിമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. ഇതിനു മറുപടിയായി പ്രധാനമന്ത്രി ആദ്യം പ്രസ്താവന നടത്തിയത് ലോക്‌സഭയിലാണ്. ഒരു സര്‍ക്കാറിന്റെ പ്രതിനിധി നല്‍കുന്ന ഉറപ്പ് വിശ്വസിക്കുന്നത് വഞ്ചനയാകുമെന്ന സൂചനയാണ് മറ്റു രാജ്യങ്ങള്‍ക്ക് ഇറ്റലി നല്‍കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വിഷയം ഇന്നലെ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. സോണിയാ ഗാന്ധിയെ കണ്ടും മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചു.
നാവികര്‍ മടങ്ങിയെത്താന്‍ സുപ്രീം കോടതി അനുവദിച്ച നാലാഴ്ചത്തെ സമയം ഈ മാസം 23നാണ് അവസാനിക്കുന്നത്. അതുവരെ ഇറ്റലി സ്വീകരിക്കുന്ന നിലപാടുകള്‍ സൂക്ഷ്മമായി പരിശോധിച്ച ശേഷം നടപടികളുമായി മുന്നോട്ടുപോകാനാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നീക്കം. അതുവരെ നാവികര്‍ തിരിച്ചുവരില്ലെന്ന് സുപ്രീം കോടതിയെ അറിയിക്കില്ല. 23ന് നാവികര്‍ ഹാജരായില്ലെങ്കില്‍ നാവികര്‍ക്കെതിരെ കോടതിയലക്ഷ്യ കേസ് കൂടി വരും. തുടര്‍ന്ന് ഇറ്റലിയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കാനാകും. വിഷയത്തില്‍ എന്ത് നടപടി സ്വീകരിക്കാനാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അടുത്ത ആഴ്ച അന്തിമ തീരുമാനമുണ്ടാകും.
നാവികരെ തിരികെ എത്തിച്ചില്ലെങ്കില്‍ സുപ്രീം കോടതിക്ക് ഉറപ്പ് നല്‍കിയ സ്ഥാനപതി ഡാനിയേല മസീനിയെ പുറത്താക്കുകയും റോമിലെ ഇന്ത്യന്‍ സ്ഥാനപതിയെ തിരിച്ചുവിളിക്കുകയും ചെയ്യും. അതിനിടെ, മസീനിയുടെ നയതന്ത്ര പരിരക്ഷ ഒഴിവാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുള്ള അധികാരം രാഷ്ട്രപതിക്കാണ്. നയതന്ത്ര പരിരക്ഷയില്ലെങ്കില്‍ മസീനിയെ അറസ്റ്റ് ചെയ്യാനാകും. ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. നാവികരുടെ അഭാവത്തിലും വിചാരണ പൂര്‍ത്തിയാക്കാമെന്നും കുറ്റക്കാരാണെങ്കില്‍ ഇന്റര്‍പോള്‍ വഴി അറസ്റ്റ് നടത്താമെന്നും നിയമോപദേശമുണ്ട്. എന്നാല്‍, ഇവരെ പിടികൂടാനാകുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ട്.

---- facebook comment plugin here -----

Latest