ശ്രീജേഷിന് മുന്നില്‍ പാക്കിസ്ഥാന്‍ തോറ്റു

Posted on: March 13, 2013 1:07 am | Last updated: March 13, 2013 at 1:07 am
SHARE

shreejeshഇപോ(മലേഷ്യ) : സുല്‍ത്താന്‍ അസ്‌ലന്‍ഷാ കപ്പ് ഹോക്കിയില്‍ പാക്കിസ്ഥാനെ 1-3ന് തോല്‍പ്പിച്ച് ഇന്ത്യ ടൂര്‍ണമെന്റ് സാധ്യതകള്‍ നിലനിര്‍ത്തി. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യക്ക് പാക്കിസ്ഥാനെതിരായ മൂന്നാം മത്സരം നിര്‍ണായകമായിരുന്നു. ജയത്തോടെ മൂന്ന് പോയിന്റ് സ്വന്തമാക്കിയ ഇന്ത്യ പാക്കിസ്ഥാനെ പിന്തള്ളി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു. മലയാളി ഗോള്‍കീപ്പര്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.
നാലാം മിനുട്ടില്‍ ഗോള്‍ നേടി പാക്കിസ്ഥാന്‍ മുന്നിലെത്തിയതോടെ ഇന്ത്യ പകച്ചു. തൊട്ടടുത്ത മിനുട്ടില്‍ രുപീന്ദര്‍ പാല്‍ സിംഗും ഒമ്പതാം മിനുട്ടില്‍ ആകാശ്ദീപും ഗോള്‍ നേടിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തി. അമ്പത്താറാം മിനുട്ടില്‍ മന്‍ദീപ് സിംഗ് ജയമുറപ്പിച്ച മൂന്നാം ഗോള്‍ നേടി. മുഹമ്മദ് വഖാസായിരുന്നു പാക്കിസ്ഥാന്റെ സ്‌കോറര്‍.
കോച്ച് മൈക്കല്‍ നോബ്‌സിന് കീഴില്‍ യുവനിരയുമായി ഇറങ്ങിയ ഇന്ത്യന്‍ ഹോക്കി ടീം ഏറെ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് ടൂര്‍ണമെന്റില്‍ കാഴ്ചവെച്ചത്. ആദ്യ മത്സരത്തില്‍ കരുത്തരായ ആസ്‌ത്രേലിയക്കെതിരെ പോരാട്ടം കാഴ്ചവെച്ച ശേഷമായിരുന്നു ഇന്ത്യ കീഴടങ്ങിയത്. പാക്കിസ്ഥാനെതിരെ പന്ത് നിയന്ത്രണത്തിലും പാസിംഗിലും ഇന്ത്യ മികച്ചു നിന്നു. തുടക്കത്തില്‍ ഇന്ത്യന്‍ പ്രതിരോധത്തിന് അങ്കലാപ്പുണ്ടാക്കിയതൊഴിച്ചാല്‍ പാക്കിസ്ഥാന് മത്സരത്തില്‍ വലിയ റോള്‍ ഇല്ലായിരുന്നു. പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കിയാണ് മുഹമ്മദ് ഫഖാസ് പാക്കിസ്ഥാന് ലീഡൊരുക്കിയത്. രുപീന്ദര്‍ ഇന്ത്യക്ക് സമനില നേടിയത് മറ്റൊരു പെനാല്‍റ്റി കോര്‍ണറിലൂടെ. പാക് ഗോളി ഇമ്രാന്‍ ബട്ടിനെ കീഴടക്കി രുപീന്ദര്‍ വല കുലുക്കി. രണ്ട് ഗോളുകള്‍ കൂടി നേടി മത്സരം പിടിച്ചെടുത്ത ഇന്ത്യക്ക് ഏറെ നിര്‍ണായകമായത് മലയാളി ഗോളി ശ്രീജേഷിന്റെ മിന്നും പ്രകടനമായിരുന്നു. എട്ട് പെനാല്‍റ്റി കോര്‍ണറുകള്‍ നേടിയ പാക്കിസ്ഥാന്റെ ഏഴ് കിക്കും ശ്രീജേഷ് തടഞ്ഞു. ഗോളിന് മുന്നില്‍ മലപോലെ നിന്ന ശ്രീജേഷില്ലായിരുന്നെങ്കില്‍ ഇന്ത്യ അരഡസന്‍ ഗോളിന് തോല്‍ക്കുമായിരുന്നു. പാഴാക്കിയ അവസരങ്ങള്‍ മത്സരഗതി നിര്‍ണയിച്ചുവെന്ന് പാക്കിസ്ഥാന്റെ കോച്ച് അക്തര്‍ റസൂല്‍ പറഞ്ഞു. ടീം മെച്ചപ്പെട്ടു വരികയാണ്. എന്നാല്‍, ടീം നന്ദി പറയേണ്ടത് ഗോളി ശ്രീജേഷിനോടാണ്. അയാളാണ് താരം- മൈക്കല്‍ നോബ്‌സ് പറഞ്ഞു.
ഇന്ത്യ അടുത്ത മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ന്യൂസിലാന്‍ഡിനെ നേരിടും. ഇന്നലെ അവര്‍ 3-0ന് ദക്ഷിണകൊറിയയെ തോല്‍പ്പിച്ചു. പാക്കിസ്ഥാന്റെ അടുത്ത മത്സരം മലേഷ്യക്കെതിരെ.
ആസ്‌ത്രേലിയ, മലേഷ്യ, ന്യൂസിലാന്‍ഡ്, ഇന്ത്യ, പാക്കിസ്ഥാന്‍, ദ.കൊറിയ എന്നിങ്ങനെ ആറ് ടീമുകളാണ് ടൂര്‍ണമെന്റില്‍. ഗ്രൂപ്പ് ലീഗില്‍ കൂടുതല്‍ പോയിന്റുകളുമായി ആദ്യ രണ്ട് സ്ഥാനത്തെത്തുന്നവര്‍ ഗോള്‍ഡ് മെഡല്‍ മത്സരത്തിന് യോഗ്യത നേടും. മൂന്നും നാലും സ്ഥാനക്കാര്‍ വെങ്കലമെഡല്‍ മത്സരത്തിനും അവസാന രണ്ട് സ്ഥാനക്കാര്‍ അഞ്ചാം സ്ഥാനത്തിനുള്ള പ്ലേ ഓഫും കളിക്കും. ആദ്യ രണ്ട് കളിയും ജയിച്ച് ആറ് പോയിന്റുകള്‍ സ്വന്തമാക്കിയ ആസ്‌ത്രേലിയയും മലേഷ്യയുമാണ് മുന്നില്‍. മൂന്ന് മത്സരങ്ങളില്‍ ന്യൂസിലാന്‍ഡിനും ഇന്ത്യക്കും മൂന്ന് പോയിന്റ്. ഗോള്‍ ശരാശരിയില്‍ ന്യൂസിലാന്‍ഡ് ഇന്ത്യയെ പിന്തള്ളുന്നു. മൂന്ന് മത്സരങ്ങളില്‍ പാക്കിസ്ഥാനും കൊറിയക്കും മൂന്ന് പോയിന്റ് വീതം. ഗോള്‍ ശരാശരിയില്‍ ഇവര്‍ പിറകിലാണ്.