Connect with us

Kerala

കൊച്ചി മെട്രോ: ത്രികക്ഷി ധാരണാപത്രത്തിന് അംഗീകാരം

Published

|

Last Updated

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷനും തുല്യ ഓഹരി പങ്കാളിത്തമുള്ള കൊച്ചി മെട്രോയുടെ ത്രികക്ഷി ധാരണാപത്രത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡും സംയുക്തമായാണ് ധാരണാപത്രം ഒപ്പുവെക്കേണ്ടത്. സാധാരണ ഗതിയില്‍ 30 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളില്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ഓഹരിയോടു കൂടിയ മെട്രോ റെയില്‍ നടപ്പാക്കാന്‍ അനുമതി നല്‍കുന്നത്. ആദ്യമായാണ് ഇതില്‍ താഴെ ജനസംഖ്യയുള്ള ഒരു നഗരത്തിന് അനുമതി ലഭിക്കുന്നതെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
കോഴിക്കോട് റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട മൂന്നു പ്രവൃത്തികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പണം അനുവദിച്ചു. എലത്തൂര്‍ അണ്ടര്‍പാസിന് 1.7 കോടിയും പാവങ്ങാട് റോഡിലെ മേല്‍പ്പാല നിര്‍മാണത്തിനു 3.66 കോടിയും വടക്കുംപാട് അടിപ്പാലത്തിനു 1.98കോടിയും ചേര്‍ത്ത് ആകെ 7.34 കോടിയാണ് അനുവദിച്ചത്. തളിപ്പറമ്പ് നെടിയങ്ങ വില്ലേജില്‍ 1.2145 ഹെക്ടര്‍ ഭൂമി സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള കലാഗ്രാമത്തിനു നല്‍കാനും തീരുമാനിച്ചു. പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷനില്‍ നിന്നെടുത്ത വായ്പകളുടെ തിരിച്ചടവ് കാലാവധി ജൂണ്‍ 30വരെ നീട്ടി.
സംസ്ഥാനത്തെ രണ്ട് മത്സ്യബന്ധന തുറമുഖങ്ങളുടെ നവീകരണത്തിനും രണ്ടു മത്സ്യം കരയ്ക്കടുപ്പിക്കല്‍ കേന്ദ്രങ്ങളുടെ നിര്‍മാണത്തിനുമായി 40.07 കോടി രൂപ അനുവദിച്ചു. കാസര്‍കോട്, തിരുവനന്തപുരത്തെ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖങ്ങളാണു നവീകരിക്കുന്നത്. കീഴുന്നപ്പാറ, ആലപ്പുഴ വലിയഴീക്കല്‍ എന്നിവിടങ്ങളില്‍ മത്സ്യം കരയ്ക്കടിപ്പിക്കല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും. പ്രകൃതിക്ഷോഭത്തില്‍ പൂര്‍ണമായി തകര്‍ന്ന കടവൂര്‍- മഞ്ഞിപ്പാറ റോഡിന്റെ പുനരുദ്ധാരണത്തിന് 1.22 കോടി അനുവദിച്ചു. എറണാകുളം ഹഡ്‌കോ കുടിവെള്ള പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കുള്ള പ്രത്യേക പുനരധിവാസ പാക്കേജ് മന്ത്രിസഭ അംഗീകരിച്ചു. കാസര്‍കോട് ട്രാഫിക് പോലീസ് സ്റ്റേഷനില്‍ 35 പുതിയ തസ്തികകളും ആലപ്പുഴ പ്രവര്‍ത്തനം ആരംഭിക്കുന്ന കയര്‍ മെഷിനറി ആന്‍ഡ് മെയിന്റനന്‍സ് ഫാക്ടറിയില്‍ 34 തസ്തികകളും അനുവദിക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തി 36 തസ്തികകള്‍ കൂടി അനുവദിച്ചു.

 

Latest