സ്വകാര്യ സെക്യൂരിറ്റി ഏജന്‍സികള്‍ക്ക് നിയന്ത്രണം; സംസ്ഥാനത്ത് നിയമം കര്‍ക്കശമാക്കുന്നു

Posted on: March 13, 2013 12:59 am | Last updated: March 13, 2013 at 9:44 am
SHARE

കണ്ണൂര്‍: സ്വകാര്യമേഖലയിലെ സെക്യൂരിറ്റി ഏജന്‍സികളെ നിയന്ത്രിക്കുന്നതിന് നിലവിലുള്ള നിയമം കര്‍ശനമാക്കുന്നു. 2005ലാണ് പ്രൈവറ്റ് സെക്യൂരിറ്റി ഏജന്‍സീസ് റഗുലേറ്ററി നിയമം ഇന്ത്യയില്‍ പ്രാബല്യത്തില്‍ വന്നത്. കര്‍ണാടകം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും നിയമം ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇത് ഇപ്പോഴും പേരില്‍ മാത്രമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി മേഖലയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്നത് കൂടി പരിഗണിച്ച് കേരളത്തില്‍ നിയമം കാര്യക്ഷമമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിയമം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി എം ഉമ്മര്‍ എം എല്‍ എ ചെയര്‍മാനായി നിയമസഭാ കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും തെളിവെടുപ്പ് നടത്തി ജൂണ്‍ മാസം ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്, ചിറ്റയം ഗോപകുമാര്‍ എന്നിവരാണ് അംഗങ്ങള്‍. നിയമസഭാ കമ്മിറ്റിയുടെ ആദ്യത്തെ തെളിവെടുപ്പ് ഇന്നലെ കണ്ണൂരില്‍ നടന്നു.
എല്ലാ ജില്ലകളിലും തെളിവെടുപ്പ് പൂര്‍ത്തിയാക്കി സംസ്ഥാന തലത്തില്‍ ബന്ധപ്പെട്ടവരുടെ കമ്മിറ്റി വിളിച്ചുചേര്‍ത്ത് ഏതൊക്കെ രീതിയിലുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് ചര്‍ച്ച ചെയ്യും. രണ്ടോ മൂന്നോ സിറ്റിംഗ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ ലഭിക്കുന്ന ഏകദേശ ധാരണ വെച്ചുതന്നെ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കും. സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന സെക്യൂരിറ്റി ഏജന്‍സികള്‍ക്ക് ലൈസന്‍സുണ്ടോയെന്നും ഏജന്‍സികള്‍ മാനദണ്ഡമനുസരിച്ചാണോ പ്രവര്‍ത്തിക്കുന്നതെന്നും ഏജന്‍സികള്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് മതിയായ ശമ്പളവും ആനുകൂല്യവും നല്‍കുന്നില്ലേയെന്നും അധികസമയം തൊഴിലെടുപ്പിക്കുന്നുണ്ടോയെന്നും നിയമസഭാ കമ്മിറ്റി പരിശോധിക്കും. സെക്യൂരിറ്റി മേഖലയില്‍ ക്രിമിനലുകള്‍ കടന്നുവരുന്നുണ്ടെന്ന സൂചന സംബന്ധിച്ചും വിലയിരുത്തും.
അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ പോലും അവരെ കുറിച്ചുള്ള വിവരങ്ങളോ ക്രിമിനല്‍ പശ്ചാത്തലമോ പരിശോധിക്കാതെ സെക്യൂരിറ്റി മേഖലയില്‍ നിയമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസം, കായികക്ഷമത തുടങ്ങിയ കാര്യങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കപ്പെടുന്നവര്‍ക്ക് നിശ്ചിത യോഗ്യത വേണമെന്ന് നിയമത്തില്‍ പറയുന്നുണ്ടെങ്കിലും പലപ്പോഴും ഇതൊന്നും പാലിക്കപ്പെടാറില്ല. തുച്ഛമായ വേതനം കൊടുക്കുന്നത് കാരണം കിട്ടിയവരെ ജോലിക്ക് വെക്കുകയെന്നതാണ് സ്ഥിതി. ജില്ലാ പോലീസ് മേധാവി അറിയാതെ ജില്ലയില്‍ ഒരു ഏജന്‍സി പോലും പ്രവര്‍ത്തിക്കരുതെന്നാണ് നിയമത്തില്‍ പറയുന്നത്. സെക്യൂരിറ്റി ഏജന്‍സി സംബന്ധിച്ച് നിയമം പ്രാബല്യത്തിലുള്ളത് പോലും പലരും അറിഞ്ഞിട്ടില്ലെന്ന് ചെയര്‍മാന്‍ കെ ഉമ്മര്‍ എം എല്‍ എ ചൂണ്ടിക്കാട്ടി. നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് നിലവില്‍ പോരായ്മകളുണ്ടെങ്കില്‍ ഭേദഗതി വരുത്തും.
സെക്യൂരിറ്റി ഏജന്‍സിക്ക് ലൈസന്‍സ് അനുവദിക്കേണ്ടത് ആഭ്യന്തര വകുപ്പിന്റെ ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കണ്‍ട്രോളിംഗ് അതോറിറ്റിയാണ്. ജില്ലാ പോലീസ് മേധാവിയാണ് എന്‍ ഒ സി നല്‍കേണ്ടത്. എന്‍ ഒ സി ലഭിച്ചാല്‍ മാത്രമെ ലൈസന്‍സ് ലഭിക്കുകയുള്ളൂ. പോലീസാണ് സെക്യൂരിറ്റി ഏജന്‍സികളെ കുറിച്ച് പരിശോധന നടത്തേണ്ടത്. എന്നാല്‍ നിയമം പ്രാബല്യത്തിലുണ്ടെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്ന് അത്തരമൊരു നടപടി ഉണ്ടാകുന്നില്ല. ഇതുകാരണം സെക്യൂരിറ്റി ഏജന്‍സികള്‍ കൂണുപോലെ മുളച്ചുപൊന്തുകയാണ്. വന്‍ലാഭ സാധ്യതയാണ് ഈ രംഗത്തേക്ക് പലരെയും ആകര്‍ഷിക്കുന്നത്. എന്നാല്‍ നിയമം കര്‍ക്കശമാക്കുന്നതോടെ കള്ളനാണയങ്ങള്‍ക്ക് രംഗം വിടേണ്ടിവരും. നിലവിലുള്ള നിയമത്തില്‍ ഏജന്‍സികളെ കുറിച്ചാണ് പറയുന്നതെങ്കിലും ചില വ്യക്തികളും സ്ഥാപനങ്ങളും സെക്യൂരിറ്റി ചുമതല വ്യക്തികളെ നേരിട്ട് ഏല്‍പ്പിക്കുന്നത് സംബന്ധിച്ച് നിയമത്തില്‍ പരാമര്‍ശമില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിയമഭേദഗതിക്ക് ആലോചിക്കുന്നുണ്ട്.