ദ.കൊറിയക്കെതിരെ സൈനിക മുന്നേറ്റം നടത്തും: കിം ജോംഗ്‌

Posted on: March 13, 2013 12:56 am | Last updated: March 13, 2013 at 12:56 am
SHARE

സിയോള്‍: അന്താരാഷ്ട്ര സമ്മര്‍ദവും ഉപരോധങ്ങളും വകവെക്കാതെ ദക്ഷിണ കൊറിയക്കും അമേരിക്കക്കുമെതിരെ ശക്തമായി നീങ്ങുമെന്ന് ഉത്തര കൊറിയ. യു എസും ദക്ഷിണ കൊറിയയും അതിര്‍ത്തി പ്രദേശത്ത് സംയുക്ത സൈനിക അഭ്യാസം നടത്തുന്നതിനിടെയാണ് കനത്ത മുന്നറിയിപ്പുമായി ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ രംഗത്തെത്തിയത്. അതിര്‍ത്തി പ്രദേശത്തെ തര്‍ക്കത്തിലിരിക്കുന്ന ദ്വീപിന് നേരെ ആക്രമണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തര കൊറിയന്‍ മുന്‍നിര പോരാളികളെയും സൈനിക ഉദ്യോഗസ്ഥരെയും സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ദക്ഷിണ കൊറിയയുടെ ബയേംഗ്‌യോംഗ് ദ്വീപിലേക്ക് സൈനിക മുന്നേറ്റം നടത്താനും ദ്വീപിനെ യുദ്ധഭൂമിയാക്കാനും ഉന്‍ ആഹ്വാനം ചെയ്തതായി സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ ഉത്തര കൊറിയക്കെതിരെ രൂക്ഷമായ പരാമര്‍ശവുമായി ദക്ഷിണ കൊറിയയും രംഗത്തെത്തി. വാചക കസര്‍ത്ത് അവസാനിപ്പിച്ച് യുദ്ധ രംഗത്ത് നിന്ന് പിന്‍മാറുന്നതാണ് ഉത്തര കൊറിയക്ക് നല്ലതെന്നും ദ. കൊറിയന്‍ വിദേശകാര്യ വക്താവ് അറിയിച്ചു.
അമേരിക്കന്‍ സഹായത്തോടെ ദക്ഷിണ കൊറിയ നടത്തുന്ന സൈനിക അഭ്യാസം 1950കളിലെ യുദ്ധ കാലഘടത്തിലുണ്ടാക്കിയ കരാറിന്റെ ലംഘനമാണെന്ന് വ്യക്തമാക്കിയ ഉത്തര കൊറിയ കഴിഞ്ഞ ദിവസം ഹോട്ട്‌ലൈന്‍ സംവിധാനം വിച്ഛേദിച്ചിരുന്നു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാന്‍ 1971ലാണ് ഹോട്ട്‌ലൈന്‍ സംവിധാനം തുടങ്ങിയത്. സംയുക്ത സൈനിക അഭ്യാസം തങ്ങള്‍ക്കെതിരെയുള്ള യുദ്ധ പ്രഖ്യാപനമായി കരുതുന്നുവെന്നും ഉത്തര കൊറിയ വ്യക്തമാക്കിയിരുന്നു. അതേസമയം, സംയുക്ത സൈനിക അഭ്യാസം യുദ്ധവിരാമ കരാറിന്റെ ലംഘനമാകില്ലെന്ന വാദവുമായി ദക്ഷിണ കൊറിയ രംഗത്തെത്തി. ‘അന്താരാഷ്ട്ര നിയമലംഘനമാണ് അതിര്‍ത്തി മേഖലയില്‍ ഉത്തര കൊറിയ നടത്തിയത്. മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്ക് വേണ്ടി തങ്ങള്‍ നിരവധി തവണ ശ്രമിച്ചിട്ടുണ്ടെങ്കിലും ഉത്തര കൊറിയയുടെ ഭാഗത്ത് നിന്ന് അത്തരത്തിലൊരു പരിശ്രമം ഉണ്ടായിട്ടില്ല.’ ദക്ഷിണ കൊറിയന്‍ വിദേശകാര്യ വക്താവ് ഷൊ തായ് യോംഗ് വ്യക്തമാക്കി.
സൈനിക ആക്രമണം അവസാനിപ്പിച്ച് അതിര്‍ത്തി മേഖല ശാന്തമാക്കാനും ഹോട്ട്‌ലൈന്‍ സംവിധാനം പുനഃസ്ഥാപിക്കാനും യോംഗ് ആവശ്യപ്പെട്ടു. അതിനിടെ, ദക്ഷിണ കൊറിയയുടെ സംയുക്ത സൈനിക പരിശീലനത്തിനെതിരെ തലസ്ഥാനമായ സിയോളില്‍ വന്‍ യുദ്ധ വിരുദ്ധ പ്രക്ഷോഭം നടന്നു. രണ്ടാഴ്ച നീളുന്ന സൈനിക പരിശീലനം കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്.
ഉത്തര കൊറിയയുടെ മൂന്നാം ആണവ പരീക്ഷണത്തെ തുടര്‍ന്ന് യു എന്‍ മുന്നോട്ട് വെച്ച ഉപരോധത്തെ തുടര്‍ന്നാണ് ഇപ്പോള്‍ ഇരുരാജ്യങ്ങള്‍ക്കുമിടില്‍ ഏറ്റുമുട്ടല്‍ അവസ്ഥ ഉണ്ടായത്. ഇരുരാജ്യങ്ങള്‍ക്കുമിടില്‍ ഏത് സമയവും ഏറ്റുമുട്ടല്‍ സംഭവിക്കാന്‍ ഇടയുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.