പ്രധാനമന്ത്രിയുടെ നിലപാട് മാറ്റം മുട്ട് വിറക്കുന്നത് മൂലമെന്ന് വി എസ്

Posted on: March 13, 2013 12:53 am | Last updated: March 13, 2013 at 9:41 am
SHARE

തിരുവനന്തപുരം: ഇറ്റലിയെന്ന് കേട്ടാല്‍ പ്രധാമന്ത്രിയുള്‍പ്പെടെ മന്ത്രിമാര്‍ക്ക് മുട്ട് വിറക്കുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഈ വിഷയത്തില്‍ പ്രധാമന്ത്രിയുടെ നിലപാട് മാറ്റം ഇതിന്റെ ഭാഗമാണ്. ഇറ്റാലിയന്‍ നാവികര്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയത് സോണിയാ ഗാന്ധിയുടെ ഇറ്റലി ബന്ധമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു. സുപ്രീം കോടതിയില്‍ സോളിസിറ്റര്‍ ജനറലിന്റെ നിലപാട് ഇത് സാധൂകരിക്കുന്നതാണ്.
കടല്‍ക്കൊലപാതക കേസിലെ കുറ്റവാളികളായ മറീനുകള്‍ മടങ്ങിവരില്ലെന്ന് ഇറ്റലി അറിയിച്ച സാഹചര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം. സംസ്ഥാന സര്‍ക്കാറിന്റെ രഹസ്യമായ ഒത്താശയോടെ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചനയാണ് കൊലയാളികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതൊരുക്കിയത്. കേരളത്തിന് കേസെടുക്കാന്‍ അവകാശമില്ലെന്ന് പറഞ്ഞ് ഇറ്റലിക്ക് അനുകൂലമായ നിലപാടാണ് സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ചത്. കുറ്റവാളികള്‍ തിരിച്ചുവരില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇവരുടെ ജാമ്യം റദ്ദാക്കി തിരികെ എത്തിച്ച് ജയിലിലടക്കാന്‍ നടപടി സ്വീകരിക്കണം. ആവശ്യമെങ്കില്‍ ഇതിനായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.