Connect with us

Kerala

അംബാസഡറെ ജയിലിലടക്കണം: കോടിയേരി

Published

|

Last Updated

തിരുവന്തപുരം: ഇറ്റാലിയന്‍ നാവികര്‍ക്ക് രക്ഷപ്പെടാനുള്ള സൗകര്യം ഒരുക്കിയത് കേന്ദ്ര സര്‍ക്കാറാണെന്ന് പ്രതിപക്ഷ ഉപ നേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. നാവികര്‍ ജാമ്യവ്യവസ്ഥ ലംഘിച്ച സാഹചര്യത്തില്‍ ജാമ്യവ്യവസ്ഥയില്‍ ഒപ്പിട്ട ഇറ്റാലിയന്‍ അംബാസഡറെ ജയിലില്‍ അടക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരഞ്ഞടുപ്പില്‍ വോട്ട് രേഖപ്പെടുത്താനാണ് ഇറ്റാലിയന്‍ നാവികര്‍ക്ക് ഒരു മാസം ജാമ്യം അനുവദിച്ചത്. രണ്ട് മത്സ്യത്തൊഴിലാളികളെ വധിച്ച കേസില്‍ വിചാരണ നേരിടുന്ന ഇറ്റാലിയന്‍ നാവികരെ വളഞ്ഞ വഴിയിലൂടെ സുപ്രീം കോടതിയില്‍ എത്തിച്ച് രക്ഷപ്പെടുത്തിയത് കേന്ദ്ര സര്‍ക്കാറാണ്. നാവികരെ വിട്ടുതരാന്‍ ഇറ്റാലിയന്‍ ഭരണാധികാരികളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടണം. നിയമം സാധാരണക്കാര്‍ക്ക് മാത്രമല്ല ഇറ്റലിക്കാര്‍ക്കും ബാധകമാണ്. അതിനാല്‍ സുപ്രീം കോടതി ശക്തമായ നിയമ നടപടിയെടുക്കണം. ശിക്ഷ വിധിച്ചാല്‍ മാത്രമേ ഇറ്റാലിയന്‍ നാവികരെ കൈമാറാന്‍ ധാരണയുള്ളൂ. നിയമത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് രക്ഷപ്പെടാനുള്ള ശ്രമമാണ് നടക്കുന്നത്. കേസിന്റെ വിചാരണ ഇന്ത്യയില്‍ തന്നെ നടത്തണം. ഇതിനായി കേന്ദ്രത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണമെന്നും കോടിയേരി പറഞ്ഞു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടത്തുന്നതില്‍ വകുപ്പുകള്‍ തമ്മില്‍ മത്സരമാണ്. ജീവനക്കാരെ സര്‍ക്കാറിനെ അനുകൂലിക്കുന്നവരെന്നും പ്രതികൂലിക്കുന്നവരെന്നും വ്യാഖ്യാനിച്ച് അഴിമതിക്ക് രംഗമൊരുക്കുകയാണ്. അഴിമതിക്ക് കൂട്ട് നില്‍ക്കാത്ത ഉദ്യോഗസ്ഥരെ മര്‍മപ്രധാനമായ സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കുകയാണ് ചെയ്യുന്നത്. അസംതൃപ്തരായ ജീവനക്കാരെ കൊണ്ട് എങ്ങനെ ഭരിക്കാനാണ്? സമ്പൂര്‍ണ അരാജകത്വമാണ് സംസ്ഥാനത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.