Connect with us

Kerala

ടി പി: ചാക്കില്‍ കെട്ടിയ സാധനം കാറില്‍ കയറ്റുന്നത് കണ്ടെന്ന് സാക്ഷി മൊഴി

Published

|

Last Updated

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കെ പി ദിപിനും പി എം രമീഷും ചാക്കില്‍കെട്ടിയ സാധനം റോഡരികിലെ കുറ്റിക്കാട്ടില്‍ നിന്ന് കൊലയാളി സംഘം സഞ്ചരിച്ച ഇന്നോവ കാറില്‍ കയറ്റുന്നത് കണ്ടെന്ന് സാക്ഷി മൊഴി. കേസിലെ 15 ാം സാക്ഷി അഴിയൂര്‍ കോറോത്ത് റോഡ് ചിറമീത്തന്‍ ഹൗസില്‍ സി എം രാജീവനാണ് മാറാട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ പ്രോസിക്യൂഷന്റെ സാക്ഷി വിസ്താരത്തിനിടെ മൊഴി നല്‍കിയത്. ദിപിനെയും രമേഷിനെയും കാറിലുണ്ടായിരുന്ന മുഹമ്മദ് ഷാഫിയെയും കിര്‍മാണി മനോജിനെയും കോടതിയില്‍ വെച്ച് ഇയാള്‍ തിരിച്ചറിയുകയും ചെയ്തു. ചാക്കില്‍ പൊതിഞ്ഞ് നല്‍കിയത് നീളമുള്ള അറ്റം വളഞ്ഞ അഞ്ച് വടിവാളുകളായിരുന്നു എന്നത് പോലീസ് കുറ്റപത്രത്തില്‍ ഉണ്ടായിരുന്നു.
സി പി എം അനുഭാവിയായിരുന്ന താന്‍ ഇപ്പോള്‍ ആര്‍ എം പി ആനുഭാവിയാണ്. ടി പി ചന്ദ്രശേഖരനെ പത്ത് വര്‍ഷത്തോളമായി അറിയാം. വ്യക്തിപരമായി അടുപ്പമില്ല. തന്റെ വീട്ടില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് ചന്ദ്രശേഖരന്റെ വീടെന്നും ഇയാള്‍ മൊഴി നല്‍കി. രാജീവന്‍ ഒരു സ്ത്രീയെ ഉപദ്രവിച്ച കേസില്‍ പ്രതിയാണെന്ന് പ്രതിഭാഗം ആരോപിച്ചു. എന്നാല്‍ ഇത് നിഷേധിച്ച ഇയാള്‍ പത്ത് വര്‍ഷം മുമ്പ് നടന്ന ഒരു അടിപിടി കേസില്‍ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് തന്നെ വെറുതെ വിട്ടെന്നും പറഞ്ഞു.

 

Latest