Connect with us

Kannur

ബിറ്റി മൊഹന്തിയുമായി കേരളാ പോലീസ് രാജസ്ഥാനിലേക്ക്

Published

|

Last Updated

കണ്ണൂര്‍;അല്‍വാര്‍ പീഡനക്കേസിലെ പിടികിട്ടാപ്പുള്ളി ബിറ്റി മൊഹന്തി (29)യുമായി കേരളാ പോലീസ് രാജസ്ഥാനിലേക്ക് തിരിച്ചു. ഇന്നലെ രാത്രി എട്ടോടെ പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മംഗള എക്‌സ്പ്രസിലാണ് സംഘം യാത്രയായത്. തളിപ്പറമ്പ് സി ഐ. ജോണ്‍, പഴയങ്ങാടി എസ് ഐ. അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബിറ്റിക്കൊപ്പമുള്ളത്.രാജസ്ഥാനില്‍ ബിറ്റിയെ ബലാത്സംഗക്കേസില്‍ അറസ്റ്റ് ചെയ്ത പോലീസ് സ്റ്റേഷനിലും തടവില്‍ കഴിഞ്ഞിരുന്ന ജയ്പൂരിലെ ജയിലിലുമടക്കം സംഘം പ്രതിയുമായി തെളിവെടുപ്പ് നടത്തും. ഇവിടങ്ങളില്‍ ഇയാളുടെ വിരലടയാളം, ഒപ്പ് തുടങ്ങിയവ ലഭ്യമാകുമെങ്കില്‍ അതുമായി ഒത്തുനോക്കി പിടിയിലായത് ബിറ്റിയാണെന്ന് ഔദ്യോഗികമായി ഉറപ്പ് വരുത്തും. അതിനിടെ, പയ്യന്നൂര്‍ സി ഐ. സി എ അബ്ദുര്‍റഹീമിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്നലെ ആന്ധ്രയിലെത്തി. ജയ്പൂര്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടശേഷം ബിറ്റി ഏറെക്കാലം ഒളിവില്‍ കഴിഞ്ഞിരുന്നത് ആന്ധ്രയിലെ പുട്ടപര്‍ത്തിയിലായിരുന്നു. അനന്തപൂര്‍ എസ് പി. ഷാനവാസ് കാട്ടിയുമായി പോലീസ് സംഘം ചര്‍ച്ച നടത്തി. പുട്ടപര്‍ത്തിയിലാണ് സംഘം പ്രധാനമായും അന്വേഷണം നടത്തുക. അന്വേഷണത്തിന് എല്ലാ സഹായവും അനന്തപൂര്‍ എസ് പി വാഗ്ദാനം ചെയ്തതായി സി ഐ. അബ്ദുര്‍റഹിം പറഞ്ഞു. ബിറ്റിയുടെ ജന്മനാടായ ഒഡീഷയില്‍ തിരച്ചില്‍ നടത്താന്‍ ശ്രീകണ്ഠപുരം സി ഐ. ജോഷി ജോസിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം ഇന്നലെ രാത്രി പുറപ്പെട്ടു. ബംഗളൂരു വഴിയാണ് ഈ സംഘം പോയിരിക്കുന്നത്. രാജസ്ഥാനില്‍നിന്ന് തിരിച്ചു കൊണ്ടുവരുന്ന വഴി ആന്ധ്ര, ഒഡീഷ എന്നിവിടങ്ങളില്‍ കൊണ്ടുപോയി തെളിവെടുക്കാനായി ബിറ്റിയെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ നീക്കമുണ്ട്. അതിനു കഴിഞ്ഞില്ലെങ്കില്‍ കേരളത്തില്‍ തിരിച്ചെത്തിച്ച ശേഷം മറ്റ് സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോകും.തളിപ്പറമ്പ് ഡി വൈ എസ് പി. കെ എസ് സുദര്‍ശനാണ് അന്വേഷണങ്ങള്‍ക്ക് നേതൃത്വം വഹിക്കുക. പയ്യന്നൂര്‍ കോടതി പത്ത് ദിവസത്തേക്കാണ് ബിറ്റിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരിക്കുന്നത്. തിങ്കളാഴ്ച രാത്രിയിലും ഇന്നലെ പകലും പഴയങ്ങാടി പോലീസ് സ്റ്റേഷനിലാണ് ബിറ്റിയെ പാര്‍പ്പിച്ചിരുന്നത്. ഇന്നലെ പയ്യന്നൂര്‍ ഗവ. ആശുപത്രിയില്‍ കൊണ്ടുപോയി ഇയാളെ മെഡിക്കല്‍ പരിശോധനക്ക് വിധേയനാക്കി. ബിറ്റി വ്യാജ പേരില്‍ കോഴിക്കോട്ട് നിന്ന് പാസ്‌പോര്‍ട്ടും കണ്ണൂരില്‍ നിന്ന് ഡ്രൈവിംഗ് ലൈസന്‍സും സംഘടിപ്പിച്ചതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഡി വൈ എസ് പി. സുദര്‍ശന്‍ പറഞ്ഞു.

Latest