Connect with us

Kerala

കേരള കോണ്‍ഗ്രസില്‍ ജോസഫ്- ജോര്‍ജ് ചേരിപ്പോര് ശക്തമാകുന്നു

Published

|

Last Updated

കോട്ടയം:കേരള കോണ്‍ഗ്രസ് എമ്മില്‍ പി ജെ ജോസഫ്- പി സി ജോര്‍ജ് വിഭാഗങ്ങള്‍ തമ്മിലുള്ള ചേരിപ്പോര് മൂര്‍ച്ഛിക്കുന്നു. കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാനും ഗവ. ചീഫ് വിപ്പുമായ പി സി ജോര്‍ജിനെതിരെ ഉയര്‍ന്ന ആരോപണത്തിന് പിന്നില്‍ പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാനും മന്ത്രിയുമായ പി ജെ ജോസഫിനെ അനുകൂലിക്കുന്നവരാണെന്ന അച്ചാമ്മയുടെ വെളിപ്പെടുത്തലോടെയാണ് കേരള കോണ്‍ഗ്രസില്‍ ഒന്നാം നിര നേതാക്കള്‍ തമ്മിലുള്ള ഭിന്നത പരസ്യമായിരിക്കുന്നത്. എന്നാല്‍ പാര്‍ട്ടിയില്‍ ഉടലെടുത്ത ആഭ്യന്തര പ്രശ്‌നം പരിഹരിക്കുന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി തുടരുന്ന മൗനം പാര്‍ട്ടി കീഴ്ഘടകങ്ങളിലേക്ക് പ്രശ്‌നങ്ങള്‍ വ്യാപിക്കാന്‍ ഇടയാക്കുമെന്ന വിലയിരുത്തലാണ് ഒരു വിഭാഗം നേതാക്കള്‍ക്കുള്ളത്. കെ ആര്‍ ഗൗരിയമ്മയുടെ വിവാദ വെളിപ്പെടുത്തലിന് പിന്നാലെ പി സി ജോര്‍ജ് ഡി എന്‍ എ ടെസ്റ്റിന് വിധേയനാകണമെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആന്റണി രാജുവിന്റെ പ്രസ്താവനയാണ് ജോര്‍ജ് അനുകൂലികളെ രോഷാകുലരാക്കിയത്. ആന്റണി രാജുവിന്റെ പ്രസ്താവന പി ജെ ജോസഫിന്റെ അനുമതിയോടെയാണെന്ന ആരോപണവും നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നു. കേരള കോണ്‍ഗ്രസിലും യു ഡി എഫിലും ഒറ്റയാനായി വിലസുന്ന പി സി ജോര്‍ജിനെ ഒതുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ത്രീവിഷയം ആരോപിച്ച് ജോര്‍ജിനെതിരെ നീങ്ങാന്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം രഹസ്യനീക്കം തുടങ്ങിയതെന്നാണ് ജോര്‍ജ് അനുകൂലികളുടെ ആരോപണം. ജോര്‍ജിനെതിരായ നീക്കത്തില്‍ പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തിന്റെ മൗനസമ്മതവും ജോസഫ് അനുകൂലികള്‍ക്കുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍, പാര്‍ട്ടിക്കുള്ളില്‍ ഉടലെടുത്ത ഭിന്നത എങ്ങനെ പരിഹരിക്കുമെന്നറിയാതെ കെ എം മാണി നിസ്സാഹയത പ്രകടിപ്പിക്കുന്നത് വരും ദിവസങ്ങളില്‍ കൂടുതല്‍ ആരോപണപ്രത്യാരോപണങ്ങള്‍ക്ക് വഴിവെച്ചേക്കും. കെ എം മാണിയും പി ജെ ജോസഫും നിശ്ശബ്ദത പാലിക്കുമ്പോള്‍ കേരള കോണ്‍ഗ്രസിലെ രണ്ടാം നിര നേതാക്കളാണ് ജോര്‍ജിനെതിരെ പരസ്യ നിലപാടുകളുമായി രംഗത്തുള്ളത്. മന്ത്രി പി ജെ ജോസഫ് ചെയര്‍മാനായ തൊടുപുഴയിലെ ഗാന്ധിജി സ്റ്റഡീ സെന്ററിന്റെ ജനറല്‍ സെക്രട്ടറി മാത്തച്ചന്‍ പുരക്കലിന്റെ ബന്ധുവായ ജോയി, ജോസഫ് ഗ്രൂപ്പുകാരനായ വിന്‍സന്റ് എന്നിവര്‍ 20 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് തന്നെ സമീപിച്ചതായാണ് എരുമേലി സ്വദേശിനി അച്ചാമ്മ വെളിപ്പെടുത്തിയത്. ജോര്‍ജിനെതിരെ കേസ് നല്‍കണമെന്നും ഇരുവരും ആവശ്യപ്പെട്ടതായും കഴിഞ്ഞ ദിവസം ഒരു ചാനലിനോട് അച്ചാമ്മ വെളിപ്പെടുത്തിയിരുന്നു. പി സി ജോര്‍ജിനെയും അച്ചാമ്മയെയും ചേര്‍ത്ത് കെ ആര്‍ ഗൗരിയമ്മയാണ് ആരോപണം ഉന്നയിച്ചതെങ്കിലും വിവാദം സജീവമാക്കിയത് ജോസഫ് വിഭാഗം നേതാക്കളാണ്. ഈ നേതാക്കള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചില ചാനലുകള്‍ അച്ചാമ്മയെയും കുടുംബത്തെയും തേടി എരുമേലിയില്‍ എത്തിയതെന്നും സൂചനയുണ്ട്. കെ ബി ഗണേഷ് കുമാറിനെതിരെ ഉയര്‍ന്ന വിവാദത്തിലൂടെ അച്ഛനും മകനും ഒന്നായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയപ്പോള്‍ പുതിയ പ്രതിസന്ധി മാണി ഗ്രൂപ്പിനെ വെട്ടിലാക്കുകയും ചെയ്തു.

അതേസമയം ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റ വേളയില്‍ മന്ത്രി പി ജെ ജോസഫിനെതിരെ അടിമാലി സ്വദേശിനി കോടതിയില്‍ നല്‍കിയ എസ് എം എസ് വിവാദത്തിന് പിന്നില്‍ ജോര്‍ജിന്റെ കരങ്ങളായിരുന്നുവെന്ന് അക്കാലത്ത് ആരോപണം ഉയര്‍ന്നിരുന്നു. വിമാനയാത്രക്കിടെ സഹയാത്രികയെ അപമാനിച്ചെന്ന കേസില്‍ മന്ത്രിസ്ഥാനം രാജിവെച്ച ജോസഫിനെ, എസ് എം എസ് വിവാദത്തില്‍ പ്രതിചേര്‍ത്ത് യു ഡി എഫ് സര്‍ക്കാറില്‍ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്താനാണ് കേരള കോണ്‍ഗ്രസില്‍ ഒരുവിഭാഗം ശ്രമിച്ചതെന്നും ജോസഫ് അനുകൂലികള്‍ ആരോപിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയ വേളയില്‍ കേരള കോണ്‍ഗ്രസില്‍ ഉയരുന്ന ഭിന്നതകള്‍ കെ എം മാണിക്ക് ചില്ലറ തലവേദനയല്ല സൃഷ്ടിക്കാന്‍ പോകുക. മന്ത്രി ഗണേശ്കുമാറിനെതിരെ പി സി ജോര്‍ജ് നടത്തിയ വെളിപ്പെടുത്തലോടെ സജീവ ചര്‍ച്ചയിലായിരുന്ന കേരള കോണ്‍ഗ്രസ്- ഇടതു ഐക്യ ചര്‍ച്ചകള്‍ തത്കാലത്തേക്ക് സ്തംഭനാവസ്ഥയിലുമായി.
അതേസമയം മാണി ഗ്രൂപ്പില്‍ ഉയരുന്ന പടലപ്പിണക്കങ്ങള്‍ പരമാവധി മുതലെടുക്കുക എന്ന തന്ത്രമാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുകയെന്ന് അറിയുന്നു. പാമോലിന്‍ കേസില്‍ ഉള്‍പ്പെടെ വിഷയങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം പ്രമുഖര്‍ക്കു വേണ്ടി പരസ്യ നിലപാടുകളെടുത്ത വിവാദ നായകന്‍ പി സി ജോര്‍ജിനെ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ പിന്തുണക്കുന്നത് ഈ നീക്കത്തിന്റെ ഭാഗമാണെന്ന വിലയിരുത്തലുമുണ്ട്.

 

Latest