Connect with us

Editorial

ഇറ്റലിയുടെ ധിക്കാരം

Published

|

Last Updated

ഇന്ത്യയുടെ പരമോന്നത കോടതിക്ക് നല്‍കിയ വാക്ക് ഇറ്റലി ലംഘിച്ചിരിക്കുന്നു. ജസ്റ്റിസ് കൃഷ്ണയ്യരുടെ വാക്കുകള്‍ കടമെടുത്താല്‍ കടല്‍ കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരുടെ കാര്യത്തില്‍ പോപ്പിന്റെ നാട് ഇന്ത്യയെ വഞ്ചിച്ചിരിക്കുന്നു. ഫെബ്രുവരി 24നും 25നും നടന്ന ഇറ്റാലിയന്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെന്ന പേരില്‍ നാട്ടിലേക്ക് തിരിച്ച ഇറ്റാലിയന്‍ നാവികര്‍, ലസ്‌തോറെ മാര്‍സിമിലാനോയെയും സാല്‍വതോറെ ഗിറോണിനെയും ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ ഇന്ത്യയെ അറിയിച്ചിരിക്കയാണ്. തിങ്കളാഴ്ച രാത്രി ഇതുസംബന്ധിച്ച ഇറ്റലി സര്‍ക്കാറിന്റെ കത്ത് ഇന്ത്യന്‍ വിദേശ മന്ത്രാലയത്തിന് ലഭിക്കുകയുണ്ടായി.
ഫെബ്രുവരി 22നാണ് ചീഫ് ജസ്റ്റിസ് അല്‍തമസ് കബീര്‍, ജസ്റ്റിസ് വിക്രംജിത് സെന്‍, ജസ്റ്റിസ് അനില്‍ ആര്‍ ഡാവെ എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് നാലാഴ്ചക്കകം തിരിച്ചെത്തണമെന്ന വ്യവസ്ഥയില്‍ നാട്ടില്‍ പോകാന്‍ അനുമതി നല്‍കിയത്. ജാമ്യം ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രതികളുടെ ഹരജിയെ കേരള സര്‍ക്കാര്‍ അഭിഭാഷകന്‍ അഡ്വ. വി ഗിരി സുപ്രീം കോടതിയില്‍ അന്ന് ശക്തമായി എതിര്‍ക്കുകയും കേരളത്തില്‍ നടന്ന കൊലക്കേസിലെ പ്രതികളായ നാവികര്‍ക്കെതിരെ കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ നിലവിലുണ്ടെന്ന് ഉണര്‍ത്തുകയും ചെയ്തിരുന്നു. പ്രശ്‌നം കേരളത്തിന്റെ അധികാര പരിധിയില്‍ വരുന്നതല്ലെന്നും കേരളത്തിന് ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ അധികാരമില്ലെന്നുമുള്ള നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്. പ്രതികളുടെ പാസ്‌പോര്‍ട്ട് അന്ന് കൊല്ലം കോടതിയില്‍ നിന്ന് ഡല്‍ഹിയിലെ ആഭ്യന്തര മന്ത്രാലയത്തില്‍ എത്തിയിട്ടില്ലാത്തതിനാല്‍ താത്കാലിക പാസ്‌പോര്‍ട്ട് നല്‍കാനും സുപ്രീംകോടതി ഇറ്റലിയെ അനുവദിക്കുകയുണ്ടായി. ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസഡറുടെ ഉത്തരവാദിത്വത്തിലായിരുന്നു സുപ്രീംകോടതിയുടെ അനുമതി.
കഴിഞ്ഞ ഡിസംബറില്‍ ക്രിസ്മസ് ആഘോഷത്തിന് നാട്ടില്‍ പോകാന്‍ ഇരുവര്‍ക്കും കോടതി അനുമതി നല്‍കിയിരുന്നു. അന്ന് നിശ്ചിത തീയതിക്ക് മുമ്പേ തന്നെ തിരിച്ചെത്തി “സത്യസന്ധത തെളിയിച്ച”തിനെ തുടര്‍ന്നായിരിക്കണം തിരഞ്ഞെടുപ്പില്‍ പങ്കാളികളാകാനായി നാട്ടിലേക്ക് തിരിക്കാന്‍ സുപ്രീംകോടതി കേരളത്തിന്റെ തടസ്സവാദങ്ങളെയെല്ലാം അവഗണിച്ച് പെട്ടെന്ന് അനുമതി നല്‍കിയത്. എന്നാല്‍ ക്രിസ്മസ് അവധിയിലെ കൃത്യമായ മടങ്ങിവരവ് ഒരു തന്ത്രമായിരുന്നുവെന്ന് ഇപ്പോള്‍ ബോധ്യമായിരിക്കയാണ്. ഇറ്റാലിയന്‍ സ്ഥാനപതിയുടെ വാക്കുകളെ മുഖവിലക്കെടുത്ത ഇന്ത്യന്‍ നീതിപീഠത്തിന്റെയും ഭരണകൂടത്തിന്റെയും മാന്യമായ നിലപാടിനോടുള്ള അവഹേളനവും കൊടിയ വഞ്ചനയുമാണ് ഇറ്റലി കാണിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഇറ്റാലിയന്‍ ബന്ധങ്ങളാണ് അവര്‍ക്ക് ഇത്തരമൊരു ധിക്കാരപരമായ നിലപാടിന് ധൈര്യം പകര്‍ന്നതെന്നാണ് ബി ജെ പിയുടെ ആരോപണം.
രാജ്യത്തിന് സംഭവിക്കുന്ന ആദ്യത്തെ അമളിയല്ല ഇറ്റാലിയന്‍ നാവികരുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. 1996-ലെ ഫ്രഞ്ച് ചാരക്കേസിലെ പ്രതികളുടെ വിഷയവും സമാനമായിരുന്നു. അന്ന് കോടതി അനുമതിയോടെ തിരിച്ചു വരാമെന്ന വ്യവസ്ഥയില്‍ വീട്ടുകാരെ കാണാനെന്ന വ്യാജേന ഫ്രാന്‍സിലേക്ക് പോയ രണ്ട് പ്രതികള്‍ പിന്നീട് മടങ്ങി വന്നില്ല. ഇന്ത്യന്‍ വിദേശ കാര്യ സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി നല്‍കിയ ഉറപ്പിന്റെ ബലത്തിലാണ് കോടതി അവര്‍ക്ക് അനുമതി നല്‍കിയത്. ഫ്രാന്‍സ് ആ ഉറപ്പ് “മാന്യമായി” ലംഘിക്കുകയായിരുന്നു.
കോടതി അനുമതിയെ തുടര്‍ന്നാണ് ഇറ്റാലിയന്‍ നാവികര്‍ നാട്ടിലേക്ക് തിരിച്ചതെങ്കിലും അവരെ തിരിച്ചയക്കില്ലെന്ന ഇറ്റലിയുടെ നിലപാട് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കടുത്ത തലവേദനയായിത്തിരും. പ്രശ്‌നവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ആദ്യത്തെ നിലപാടും പിന്നീടുള്ള മലക്കം മറിച്ചിലും പ്രതിപക്ഷത്തിന് നല്ലൊരു ആയുധമായിത്തീരും. ഇറ്റലിയുടെ നിലപാട് മാറ്റം സ്വീകാര്യമല്ലെന്നും പ്രശ്‌നത്തില്‍ ആവശ്യമായി നപടികള്‍ കൈക്കൊള്ളാന്‍ വിദേശ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും തുടക്കത്തില്‍ പറഞ്ഞ മന്‍മോഹന്‍ സിംഗ് താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും പ്രശ്‌നം പരിശോധിക്കാമെന്ന് തന്നെ കണ്ട കേരള എം പിമാര്‍ക്ക് ഉറപ്പ് നല്‍കുക മാത്രമാണുണ്ടായതെന്നും പിന്നീട് തിരുത്തിപ്പറയുകയുണ്ടായി. ആരെ തൃപ്തിപ്പെടുത്താനാണാവോ മന്‍മോഹന്റെ ഈ ഒളച്ചുകളി?
നാവികര്‍ക്ക് ജാമ്യം നല്‍കുന്നതിനെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ എതിര്‍ക്കുകയും അവരെ കേരളത്തില്‍ വിചാരണ ചെയ്യണമെന്ന നിലപാട് ഉന്നയിക്കകുയും ചെയ്തിട്ടുണ്ടെങ്കിലും ഇറ്റലിയുടെ വാഗ്ദത്ത ലംഘനത്തിനെതിരായ പ്രതിഷേധം സംസ്ഥാനത്തും രൂക്ഷമാണ്. നാവികരെ വിട്ടയച്ചതും ഇറ്റലിയുടെ നിലപാട് മാറ്റവും ഇരു സര്‍ക്കാറുകളും തമ്മിലുള്ള ഒത്തുകളിയാണെന്നാണ് നാവികരുടെ വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളി ജലസ്റ്റിന്റെ വിധവ ആരോപിക്കുന്നത്. നഷ്ട പരിഹാരം നല്‍കിയത് കൊണ്ടായില്ലെന്നും കുറ്റവാളികളായ നാവികരെ ശിക്ഷിക്കന്നത് വരെ അടങ്ങിയിരിക്കില്ലെന്നും അവര്‍ തറപ്പിച്ചു പറയുന്നു. കേരളത്തിന്റെ പ്രതിഷേധം ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് മാത്രമായില്ല, നാവികരെ തിരിച്ചുകൊണ്ടു വരാന്‍ നിയമപരമായി ആകുന്നതൊക്കെ ചെയ്യുകയും ഇതിനായി കേന്ദ്രത്തില്‍ ശകതമായ സമ്മര്‍ദ്ദം ചെലുത്തുകയും വേണം.