വിശദീകരണത്തിന്റെ അകമ്പടി ആവശ്യമില്ലാത്ത വാക്കുകള്‍

Posted on: March 13, 2013 12:44 am | Last updated: March 13, 2013 at 12:44 am
SHARE

തീര്‍ച്ച, ഇതു ചില വഴിത്തിരിവുകളാണ്. ചില സുപ്രധാന മുന്നേറ്റങ്ങളാണ് ഈയടുത്ത് ഇന്ത്യയുടെ കുറ്റാന്വേണഷണ- നിയമരംഗത്തുണ്ടായത്. ചിലര്‍ പുറത്തുകടക്കുകയും മറ്റു ചിലര്‍ ഉള്ളിലാകുകയും ചെയ്യുന്നു. രാജ്യത്തെ ഞെട്ടിച്ച പല സ്‌ഫോടനങ്ങളുമായും പദ്ധതികളുമായും ബന്ധപ്പെട്ടവരാണ് പുറത്തുകടന്നവരും ഉള്ളിലായവരും. അന്വേഷണ ഏജന്‍സികളുടെ ഈ പ്രവര്‍ത്തന മാറ്റം ഏറെ ശുഭോദര്‍ക്കവും പ്രശംസനീയവുമാണ്.
അകത്തായവര്‍
കഴിഞ്ഞയാഴ്ച നടന്ന രണ്ട് അറസ്റ്റുകള്‍ ചര്‍ച്ച ചെയ്യുന്നത് യോജ്യമായിരിക്കും. 2007 ഒക്‌ടോബര്‍ 11ന് രാജ്യത്തെ ഞെട്ടിച്ച ഒരു സ്‌ഫോടനമാണ് രാജസ്ഥാനിലെ അജ്മീറില്‍ നടന്നത്. അജ്മീരില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഖ്വാജാ മുഈനുദ്ദീന്‍ ചിശ്തി (റ)യുടെ ദര്‍ഗാ ശരീഫിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 20ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇസ്‌ലാമിക നാഗരികതക്ക് നിസ്തുല സംഭാവനകള്‍ അര്‍പ്പിക്കുകയും ജീവിതത്തിലൂടെ മതം എന്തെന്ന് പഠിപ്പിക്കുകയും തദ്വാരാ, ഇതരവിശ്വാസികളടക്കം ഇസ്‌ലാമിലേക്ക് കടന്നുവരാനും ഇടയാക്കിയ മഹാരഥന്‍മാരുടെ അന്ത്യവിശ്രമ സ്ഥലങ്ങള്‍ തകര്‍ത്തുകൊണ്ട് ഇസ്‌ലാമിന്റെ പ്രക്ഷേപകരെന്ന് നടിക്കുന്ന ശക്തികളാണോ ഇതിന് പിന്നിലെന്ന് രാജ്യത്തെ മുഖ്യധാരാ മുസ്‌ലിംകള്‍ ന്യായമായും സംശയിച്ചു. കാരണം വീരപരിവേഷം ലഭിക്കണമെന്ന മൂഢോദ്ദേശ്യത്തോടെ അത്തരം വിധ്വംസക പ്രവര്‍ത്തനങ്ങളിലൂടെ മേല്‍വിലാസം കണ്ടെത്തിയ പ്രസ്ഥാനങ്ങള്‍ ഭൂഖണ്ഡങ്ങളിലടക്കം സജീവമാണല്ലോ. ആഫ്രിക്കയില്‍ അത്തരക്കാര്‍ കസര്‍ത്ത് നടത്തുകയും ചെയ്യുന്നു. തീവ്രവാദ സംഘടനകളുടെ വേരുകളെല്ലാം ചെന്നെത്തുന്നത് ഒരു കേന്ദ്രത്തിലേക്കാണെന്നതും അജ്മീരില്‍ ഭീകരത സൃഷ്ടിച്ച നിക്ഷിപ്ത താത്പര്യക്കാര്‍ക്ക് വളമായി തീരുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മക്കയിലും മദീനയിലും നിഷ്‌കളങ്കരായ വിശ്വാസികളുടെ രക്തമൊഴുക്കിയതിന്റെയും കൊള്ളയടിച്ച സമ്പത്തുകളുടെയും മറ്റും ആവേശത്തില്‍ രൂപം പ്രാപിച്ച വഹാബി പ്രസ്ഥാനങ്ങളുടെ ശാഖോപശാഖകളായി വിവിധയിടങ്ങളില്‍ ചിതറിക്കിടക്കുന്ന തമസ്സിന്റെ ശക്തികളുടെ ‘പ്രവര്‍ത്തന മേഖല’ പകല്‍ പോലെ വെളിച്ചത്തുവന്ന സ്ഥിതിക്ക് ആ സ്‌ഫോടനത്തിന്റെ പിതൃത്വം അത്തരം സംഘടനകളുടെ ചുമലിലേക്ക് തന്നെയാണ് വന്നുവീണത്. എന്നാല്‍, ചില അറസ്റ്റുകളും മൊഴികളും കുറ്റസമ്മതവുമെല്ലാം വന്‍ വഴിത്തിരിവുകളാകുകയായിരുന്നു. ചെയ്യാത്ത കുറ്റത്തിന് വര്‍ഷങ്ങളോളം ജീവന്‍ മാത്രമുള്ള വെറും ശരീരമായി ജീവിക്കേണ്ടി വരുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ വിധി നിര്‍ണയിക്കുന്നതായിരുന്നു അത്. എന്തിനെയും ചുട്ടെരിക്കാന്‍ പോന്ന അഗ്നിസ്ഫുലിംഗമായി നിരപരാധികളുടെ കണ്ണുനീര്‍ വീഴുന്ന അഴികളുടെ എണ്ണം കുറക്കുന്നതുമായിരുന്നു.
നര്‍മദാ നദിക്കരയിലുള്ള ആശ്രമങ്ങളില്‍ ധര്‍മോപദേശം പകരുന്ന സാത്വികാചാര്യനായിരുന്നു ഒരാഴ്ച മുമ്പ് വരെ ഭവേശ് പട്ടേല്‍ എന്ന യുവാവ്. മൂന്ന് നാല് വര്‍ഷമായി ഇവിടെ കഴിയുന്നതിനിടെയാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) നോയിഡയില്‍ വെച്ച് ഭവേശിനെ അറസ്റ്റ് ചെയ്യുന്നത്. ഭവേശിന്റെ ഒടുവിലത്തെ ഫോട്ടോയില്‍ നിന്ന് തികച്ചും വ്യത്യസ്തനായിരുന്നു ‘ആ ഭവേശ’്. അജ്മീര്‍ ദര്‍ഗാ സ്‌ഫോടനത്തില്‍ തങ്ങള്‍ വര്‍ഷങ്ങളായി തിരയുന്ന ഭവേശാണ് ഇതെന്ന് ഉറപ്പിക്കാന്‍ ഒരു മണിക്കൂറാണ് എന്‍ ഐ എ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി വന്നത്. ഏറെ രസകരം അന്വേഷണോദ്യോഗസ്ഥന്‍മാരുടെ കണ്ണും കാതും എല്ലായ്‌പോഴുമെത്തുന്ന ഡല്‍ഹിയില്‍ നിന്ന് ഏറെ അകലെയല്ലാത്ത നോയിഡയില്‍ നിന്നാണ് ഭവേശിനെ പൊക്കിയത് എന്നതാണ്. അജ്മീറില്‍ ബോംബ് സ്ഥാപിച്ച സംഘത്തില്‍ പെട്ടയാളായിരുന്നു ഭവേശ്. ഹര്‍ഷദ് സോളങ്കി, മുകേഷ് വസാനി മലയാളിയായ സുരേഷ് നായര്‍, മഫത് ലാല്‍ എന്നീ അഞ്ചംഗ സംഘമാണ് ബോംബ് സ്ഥാപിച്ചത്. ഒക്‌ടോബര്‍ പത്തിന് സുരേഷ് നായര്‍, മെഹുല്‍, ഭവേഷ് പട്ടേല്‍ എന്നിവര്‍ക്ക് ആര്‍ എസ് എസിന്റെ ഉത്തരവാദ സ്ഥാനം വഹിക്കുന്ന സുനില്‍ ജോഷിയാണ് സ്‌ഫോടന വസ്തുക്കളടങ്ങിയ പാഴ്‌സല്‍ അയച്ചുനല്‍കിയത്. ജോഷിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തി. എന്തായാലും ഭവേശിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്നും കേസില്‍ വന്‍ പുരോഗതിയുണ്ടാകുമെന്നുമാണ് എന്‍ ഐ എയുടെ കണക്കുകൂട്ടല്‍. ആ കൂട്ടല്‍ പിഴച്ചില്ലെങ്കില്‍, പിഴപ്പിച്ചില്ലെങ്കില്‍ ചില സത്യങ്ങള്‍ തീര്‍ച്ചയായും പുറത്തുവരും. ഭവേശിനെ അറസ്റ്റ് ചെയ്ത് രണ്ടാം ദിവസം അജ്മീരില്‍ ബോംബ് സ്ഥാപിച്ച സംഘത്തിലെ പ്രധാനിയും അറസ്റ്റിലായി. ബോംബ് പൊട്ടിക്കാനുള്ള ടൈമറില്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും സിം കാര്‍ഡും എത്തിച്ച ‘ബോംബ് സ്‌ക്വാഡി’ലെ പ്രമുഖന്‍ മഫത്‌ലാലിനെയാണ് എന്‍ ഐ എ പിടികൂടിയത്.
ഇതിനോട് ചേര്‍ത്തുവായിക്കേണ്ട മറ്റൊരു വിഷയമാണ് ലോകേഷ് ശര്‍മയുടെ മൊഴികള്‍. ആര്‍ എസ് എസിന്റെ ഉറക്കം കെടുത്തുന്ന പേരുകളിലൊന്നായി, തങ്ങളുടെ ആശയസംഹിതകള്‍ പ്രവൃത്തിമണ്ഡലത്തില്‍ കൊണ്ടുവരാന്‍ യത്‌നിച്ച ലോകേഷ് ശര്‍മയുടെ പേരും മാറിയിരിക്കുന്നു. സുനില്‍ ജോഷിയുടെ നിര്‍ദേശ പ്രകാരം ഗുജറാത്ത് വംശഹത്യാ കാലയളവില്‍ കശാപ്പിന് സഹായിച്ചതും 2001ല്‍ മധ്യപ്രദേശിലെ ഉജ്ജൈന്‍- ദേവാസ് റോഡില്‍ മോട്ടോര്‍ ബൈക്കിലെത്തി ഒരു കന്യാസ്ത്രീയുടെ മുഖത്തേക്ക് വെടിവെച്ചതും 2004ല്‍ ജമ്മുവിലെ പള്ളിയില്‍ വെള്ളിയാഴ്ച ജുമുഅ നടന്നുകൊണ്ടിരിക്കെ ഗ്രനേഡ് പൊട്ടിച്ചതും തുടങ്ങി ചെറുതും വലുതുമായ നിരവധി സ്‌ഫോടനങ്ങളുടെ പിതൃത്വം താന്‍ നിലകൊള്ളുന്ന പ്രസ്ഥാനത്തിന്റെയോ സഹപ്രസ്ഥാനങ്ങളുടെയോ അറിവോടും പിന്തുണയോടുമാണ് നടത്തിയതെന്ന വിവരങ്ങളാണ് ലോകേഷ് ശര്‍മ തുറന്നുപറഞ്ഞത്. മധ്യപ്രദേശ് കേന്ദ്രമാക്കി ഒറ്റക്കും തെറ്റക്കും ആക്രമണങ്ങള്‍ നടത്തുകയും മറ്റ് വന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്ത ഇവരെ 2004ല്‍ സാധ്വി പ്രഗ്യ സിംഗ് ഠാക്കൂറാണ് ഒന്നാക്കിയത്. ‘ഉജ്ജൈന്‍ കുംഭമേള’യെന്നാണ് സംഘത്തെ പ്രഗ്യാ സിംഗ് വിളിച്ചത്. ന്യൂനപക്ഷങ്ങളുടെ പ്രത്യേകിച്ച് മുസ്‌ലിംകളുടെ മതപ്രാധാന്യമുള്ള സ്ഥലങ്ങളിലും ഒത്തുകൂടുന്നയിടത്തും സംഘടിത ആക്രമണങ്ങള്‍ നടത്തുന്നതിനെ സംബന്ധിച്ച് ഇവര്‍ ചര്‍ച്ച ചെയ്തു. 2001ല പാര്‍ലിമെന്റ് ആക്രമണ കേസില്‍ പിടിക്കപ്പെട്ട് ശേഷം നിരപരാധിയാണെന്ന് കണ്ട് എസ് എ ആര്‍ ഗീലാനിയെ കോടതി വെറുതെവിട്ടതില്‍ രോഷം പ്രകടിപ്പിച്ച് 2005 മുതല്‍ നിരവധിയിടങ്ങളില്‍ ഇവര്‍ സ്‌ഫോടനങ്ങള്‍ നടത്തി. ഇവയെല്ലാം ലോകേഷിന്റെ മൊഴിയാണ്. അതുകൊണ്ടാണ് ആര്‍ എസ് എസിന്റെ ഉറക്കം കെടുത്തുന്ന ഒന്നായി ഇയാളുടെ പേരും ഭവിച്ചത്.
ജയ്പൂര്‍ ചിന്തന്‍ ശിബിരില്‍ വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ വെളിപ്പെടുത്തിയ സത്യത്തിന് ശക്തി പകരുന്ന ജീവനുള്ള തെളിവുകളാണിവ. ആശയപ്രചാരണത്തിന് മനുഷ്യധ്വംസനം ഉപജീവനമാക്കിയ സംഘങ്ങളുടെ പട്ടികയില്‍ എന്നേ ആര്‍ എസ് എസ് സ്ഥാനം പിടിച്ചിട്ടുണ്ട്. അതിന്റെ വണ്ണം ഇനിയെത്ര കണ്ട് വ്യാപിക്കുമെന്നാണ് കണ്ടറിയേണ്ടത്.
പുറത്തായവര്‍
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 30ന് ഇറങ്ങിയ പത്രങ്ങള്‍ കണ്ട് പലരും ഞെട്ടിയിട്ടുണ്ടാകും. പോലീസ് സംവിധാനത്തിന്റെ കാര്യക്ഷമതയെയും ജാഗ്രതയെയും പലരും പുകഴ്ത്തിയിട്ടുമുണ്ടാകും. ചുരുങ്ങിയ പക്ഷം ബംഗളൂരുകാരെങ്കിലും അന്ന് ഈ മാനസികാവസ്ഥ അനുഭവിച്ചിട്ടുണ്ടാകും. രാഷ്ട്രീയക്കാര്‍ ഹിന്ദു മതനേതാക്കള്‍, ഹൈന്ദവ സംഘടനാ നേതാക്കള്‍ തുടങ്ങിയവരെ ലക്ഷ്യമിട്ട് വന്‍ ആക്രമണങ്ങള്‍ നടത്താന്‍ ബംഗളൂരിലെത്തിയ തീവ്രവാദി സംഘത്തെ പിടികൂടിയെന്നായിരുന്നു ആ വാര്‍ത്ത. പത്രപ്രവര്‍ത്തകര്‍, ശാസ്ത്രജ്ഞന്‍, അധ്യാപകര്‍ തുടങ്ങി വിദ്യാസമ്പന്നരായ 13 യുവസംഘത്തെ വിലങ്ങുവെച്ച് പോലീസുകാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. മുസ്‌ലിം ചെറുപ്പക്കാര്‍ ഉന്നത വിദ്യാഭ്യാസം നേടിയാല്‍ വിധ്വംസക പ്രവര്‍ത്തനങ്ങളിലേക്കാണ് തിരിയുകയെന്ന സന്ദേശം പ്രചരിപ്പിക്കാനുള്ള കുത്സിത ശക്തികളുടെ പ്രചണ്ഡവേലയാണ് ഇതെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ രണ്ട് പേര്‍ പുറത്തിറങ്ങിയതോടെയാണിത്. ഏറെ രസകരം, മഹാവിപത്തില്‍ നിന്ന് രാജ്യത്തെ രക്ഷിച്ചുവെന്ന് അവകാശവാദം മുഴക്കിയ കര്‍ണാടക പോലീസ് സേനക്ക് ഇവര്‍ ചെയ്ത കുറ്റമെന്താണെന്ന് പോലും തീര്‍ച്ചപ്പെടുത്താനായിട്ടില്ല. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് ചട്ടമെങ്കിലും ദിവസം ഇരട്ടിയായിട്ടും അതിനായിട്ടില്ല. പോലീസിനും മാധ്യമങ്ങള്‍ക്കും ഒന്നും സംഭവിച്ചിട്ടില്ലെങ്കിലും ആ യുവാക്കള്‍ക്ക് നഷ്ടപ്പെട്ട ഒന്നുണ്ടായിരുന്നു. സ്വപ്‌നങ്ങളും പ്രതീക്ഷകളും വെച്ച് തുന്നിക്കൂട്ടിയ ജീവിതം. 13 യുവജീവിതങ്ങളാണ് കഴിഞ്ഞ ആഗസ്റ്റ് 29ന് വീണുടഞ്ഞത്. മാധ്യമപ്രവര്‍ത്തകന്‍ മുതീഉര്‍റഹ്മാന്‍, ഡി ആര്‍ ഡി ഒ ശാസ്ത്രജ്ഞന്‍ ഇജാസ് മുഹമ്മദ് മിര്‍സ എന്നിവരാണ് പുറത്തിറങ്ങിയത്. രാജ്യ സേവനത്തിന് ഇറങ്ങിപ്പുറപ്പെട്ട മിര്‍സക്ക് വ്യവസ്ഥിതി സമ്മാനിച്ചത് രാജ്യദ്രോഹിയെന്ന വിശേഷണം. കണ്ണടച്ച് തുറക്കും മുമ്പായിരുന്നു രാജ്യസേവകനില്‍ നിന്ന് രാജ്യദ്രോഹിയിലേക്ക് മിര്‍സയെ മാധ്യമങ്ങള്‍ എത്തിച്ചത്. ആ ദൂരത്തിന് ഒരു പകലിന്റെ ദൈര്‍ഘ്യം പോലുമില്ലായിരുന്നു. കൈകളില്‍ വിലങ്ങ് വീഴും വരെ ആ യുവാക്കള്‍ അറിഞ്ഞിരുന്നില്ല തങ്ങളുടെ കുറ്റം. ഹൈദരാബാദിലെ മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയക്കപ്പെട്ട യുവാക്കളുടെ സമാന സ്ഥിതിയാണ് ഇവര്‍ക്കും. ലക്ഷം രൂപയും ഓട്ടോറിക്ഷയും നല്‍കി സര്‍ക്കാര്‍ മുഖം രക്ഷിച്ചെങ്കിലും ഹൈദരാബാദിലെ ആ യുവാക്കളുടെ ജീവിതങ്ങളെ വഹിക്കാന്‍ ആ മുച്ചക്രങ്ങള്‍ക്ക് സാധിച്ചില്ല. അവരുടെ സ്വപ്‌നങ്ങള്‍, പ്രതീക്ഷകള്‍ എല്ലാം നശിച്ചിരുന്നു. സന്ദര്‍ഭാനുസരണം ഇത്തരം ബിഗ് സ്റ്റോറികള്‍ പടച്ചുണ്ടാക്കാന്‍ കരുവാകുന്ന നിരപരാധികളുടെ ഭാവിജീവിതം വ്യവസ്ഥിതിക്ക് നോക്കേണ്ടതില്ലല്ലോ. അഴിമതികളും ജനദ്രോഹ നയങ്ങളും സാമ്രാജ്യത്വ ശക്തികളുടെ അതൃപ്തിയും കൂട്ടുകക്ഷികളുടെ കലാപവും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത തലവേദനകള്‍ ഒന്നിന് പിറകെ ഒന്നൊന്നായി കടന്നുവരുമ്പോള്‍ ചില പൊട്ടലും ചീറ്റലും അറസ്റ്റ് പരമ്പരകളും മറ്റ് സാധാരണ നാടകങ്ങളും ഉണ്ടാകുന്നത് പുത്തരിയല്ലാത്തത് കൊണ്ടും വരാനിരിക്കുന്ന സര്‍ക്കാറുകളും ഈ പറഞ്ഞ പ്രതിസന്ധികളില്‍ നിന്ന് മുക്തരാകുകയില്ല എന്ന് തീര്‍ച്ചയുള്ളതുകൊണ്ടും ഇതിനിയും നിര്‍ബാധം തുടരുമെന്ന് തന്നെയാണ് കരുതേണ്ടത്. തന്നെയും അന്താരാഷ്ട്ര ഭീകരവാദ സംഘടനകള്‍ ലക്ഷ്യം വെക്കുന്നുവെന്ന സന്ദേശം പ്രചരിപ്പിക്കാന്‍ ഗുജറാത്ത് മുഖ്യന്‍ നരേന്ദ്ര മോഡി കശാപ്പ് ചെയ്ത അറവുമാടുകളായിരുന്നല്ലോ, ഇശ്‌റത്ത് ജഹാനും ജാവേദ് ശൈഖെന്ന പ്രാണേഷ് പിള്ളയും മറ്റ് നിരവധി പേരും. ഇവരെയും തീവ്രവാദികളെന്ന വിശേഷണം ചാര്‍ത്തിയാണ് കണ്ണുകള്‍ മൂടിക്കെട്ടി നടുറോഡില്‍ നിരനിരയായി ഇരുത്തി വെടിവെച്ചു കൊന്നത്. ശേഷം എ കെ 47 തോക്കുകള്‍ ഇവര്‍ക്കരികില്‍ വെച്ചതോടെ തീവ്രവാദികള്‍ റെഡി!. നിരപരാധികളുടെ ചോര കൊണ്ട് പേരും പെരുമയും സ്ഥാനക്കയറ്റവും ലഭിച്ചവര്‍ പക്ഷെ പില്‍ക്കാലത്ത് നിയമത്തിന്റെ പൂട്ടുകളിലായെന്നത് മറ്റൊരു സത്യം.
തങ്ങളനുഭവിച്ച മാനസിക പീഡനങ്ങളും വിചാരണക്കു മുമ്പെയുള്ള ‘വലിയ കോടതികളായ’ മാധ്യമങ്ങളുടെ വിചാരണയും മുദ്ര ചാര്‍ത്തലുകളും കശക്കിയെറിയുന്നത് ജീവിതത്തിന്റെ നിറച്ചാര്‍ത്തുകളെയാണെന്ന് മുതീഉര്‍റഹ്മാന്റെ വാക്കുകളില്‍ നിന്ന് സ്പഷ്ടം. ആ വാക്കുകള്‍ക്ക് പീഡിത വര്‍ഗത്തിന്റെ സ്വരമുണ്ട്, ഒരു സമൂഹത്തിന്റെ കണ്ണീരിന്റെ രുചിയുണ്ട്. ‘എന്റെത് മുസ്‌ലിം പേരായിരുന്നില്ലെങ്കില്‍, തീവ്രവാദ അച്ചില്‍ എന്നെ വാര്‍ത്തെടുക്കുമായിരുന്നില്ല. സമൂഹത്തിലെ താഴെക്കിടയിലുള്ളവര്‍, ദളിതുകള്‍, മുസ്‌ലിംകള്‍ എന്നിവരെ അഡ്രസ് ചെയ്യുമ്പോള്‍ മാധ്യമ ലോകവും പോലീസും കൂടുതല്‍ ശ്രദ്ധ പാലിക്കണം. മുസ്‌ലിംകളോടുള്ള ഈ രണ്ട് പേരുടെയും മനോഭാവം പരിശോധിക്കപ്പെടുന്നത് നിരവധി ചോദ്യചിഹ്നങ്ങളുടെ അകമ്പടിയോടെയാണ്. ഈ മനോഭാവം ചില വാര്‍പ്പുമാതൃകകള്‍ സൃഷ്ടിക്കും. വ്യവസ്ഥിതിയുടെ പക്ഷപാതിത്വം ചില കേസുകളില്‍ മുഴച്ചുനില്‍ക്കുന്നു. എന്റെ മാത്രം കാര്യമല്ല ഇത്. രാജ്യത്തുടനീളം ജയിലുകളില്‍ കഴിയുന്ന നിരവധി പേരുടെ അവസ്ഥയാണിത്. മാധ്യമപ്രവര്‍ത്തനത്തിന്റെ എ ബി സി (അക്ക്യുറസി, ബ്രെവിറ്റി, ക്ലാരിറ്റി) പലപ്പോഴും മാധ്യമങ്ങള്‍ മറക്കുന്നു. ബന്ധുക്കളെ അറിയിക്കണമെന്ന മര്യാദ ഞങ്ങളുടെ കാര്യത്തില്‍ പോലീസ് കാണിച്ചില്ല. എന്തിനാണ് അറസ്റ്റെന്നത് ഞങ്ങളോട് പോലും പറഞ്ഞില്ല. ഒപ്പിടണമെന്നാവശ്യപ്പെട്ട് 30- 40 പേജുകള്‍ വരുന്ന ഒഴിഞ്ഞ പേപ്പര്‍ തരികയാണ് ആകെ ചെയ്തത്. ഈ പേപ്പറുകള്‍ ദുരുപയോഗം ചെയ്യുകയുമുണ്ടായി. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാന്‍ സാധിച്ചിട്ടില്ല. പലവിധ ചിന്തകളായിരുന്നു. പോലീസ് എന്തിന് ഇത് ചെയ്തുവെന്ന് ഇപ്പോഴും എനിക്കറിയില്ല. ജീവിതം ഇനി അറസ്റ്റിന് മുമ്പത്തേത് പോലെയാകുമെന്ന് യാതൊരു പ്രതീക്ഷയുമില്ല.’ മുതീഉര്‍റഹ്മാന്റെ ഈ വാക്കകള്‍ക്ക് വിശദീകരണത്തിന്റെ അകമ്പടി ആവശ്യമില്ല.