പാലത്തിന് വീതിയില്ല; അപകടങ്ങള്‍ പതിവാകുന്നു

Posted on: March 13, 2013 12:32 am | Last updated: March 13, 2013 at 12:32 am
SHARE

മാനന്തവാടി: കേരള-കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന തെറ്റ് റോഡ്-നായ്ക്കട്ടി പാലം പുതുക്കി പണിയണമെന്ന ആവശ്യം ശക്തമായി.മാനന്തവാടി കാട്ടിക്കുളം തോല്‍പ്പെട്ടി കുട്ട അന്തര്‍ സംസ്ഥാന റോഡ് ഏറെ വീതി കൂട്ടി കോടികള്‍ മുടക്കി പുതുക്കി നിര്‍മിച്ചിട്ടും നായ്ക്കട്ടി പാലം പുതുക്കി പണിയാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. ഒരുവാഹനത്തിന് മാത്രം കടന്ന് പോകാന്‍ വീതിയുള്ള പാലത്തിന്റെ കൈവരികള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണുള്ളത്. പാലത്തിന്റെ ഇരുഭാഗവും വലിയ എസ് മാതൃകയിലുള്ള വളവുകളുമാണ്. വളവ് കാരണം അടുത്തെത്തിയാല്‍ മാത്രമെ പാലം കാണാന്‍ കഴിയു. ദൂരസ്ഥലങ്ങളില്‍ നിന്നും ആദ്യമായി തോല്‍പ്പെട്ടി -മാനന്തവാടി റൂട്ടില്‍ സഞ്ചരിച്ച വാഹനങ്ങളാണ് പാലത്തിന് മുകളില്‍ നിന്നും താഴേക്ക് പതിച്ച വാഹനങ്ങളിലേറെയും. ടൂറസ്റ്റ് ബസ്, കാര്‍, ജീപ്പ്, ബൈക്ക് തുടങ്ങിയ നിരവധി വാഹനങ്ങളാണ് പാലത്തില്‍ നിന്നും താഴേക്ക് മറിഞ്ഞത്. നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ച തലശേരിയില്‍ നിന്നും തോല്‍പ്പെട്ടിയിലേക്ക് പോവുകയായിരുന്ന കുട്ടികളടക്കമുള്ള കുടുംബം സഞ്ചരിച്ച മാരുതികാറാണ് പാലത്തിന് താഴേക്ക് മറിഞ്ഞത്. നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അന്തര്‍ സംസ്ഥാന റൂട്ടിലെ ഇടുങ്ങിയതും അപകടാവസ്ഥയിലുമായ പാലം പുതുക്കി പണിയുന്നതിന് വനം വകുപ്പാണ്. പാലത്തിന്റെ ഇരുവിഭാഗവും തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തില്‍പ്പെട്ട വനഭൂമിയാണ്. പാലം പുതുക്കി പണിയണമെങ്കില്‍ വനഭൂമിയില്‍ കൂടി മാത്രമെ കഴിയൂ. വനഭൂമി വിട്ടു നല്‍കിയില്ലെങ്കില്‍ പാലം പുതുക്കി പണിയാന്‍ കഴിയില്ല. പാലത്തില്‍ നിന്നും താഴേക്ക് മറിയുന്ന വാഹനങ്ങള്‍ മുകളിലെത്തിക്കാനായി ഏത് സമയത്തും സന്നദ്ധരായി ഒരു സംഘം തന്നെ തോല്‍പ്പെട്ടിയിലുണ്ട്. പാലത്തില്‍ നിന്നും വാഹനം താഴേക്ക് മറിഞ്ഞെന്നറിഞ്ഞാല്‍ സംഘം ട്രാക്ടറുമായി എത്തി മറിഞ്ഞ വാഹനം പാലത്തിന് മുകളിലേക്ക് വലിച്ച് കയറ്റും. വാഹനം സഞ്ചാര യോഗ്യമല്ലാത്ത അവസ്ഥയിലാണെങ്കില്‍ വര്‍ക്ക് ഷോപ്പ് വരെ വാഹനം എത്തിക്കാനും സംഘം സഹായം നല്‍കുന്നുണ്ട്.