കല്ലൂര്‍ക്കുന്ന് തുടര്‍വിദ്യാകേന്ദ്രം നിര്‍മിക്കാന്‍ മൂന്ന് ലക്ഷം രൂപ അനുവദിക്കും

Posted on: March 13, 2013 12:31 am | Last updated: March 13, 2013 at 12:31 am
SHARE

മീനങ്ങാടി: പൂതാടി ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന വാകേരി തുടര്‍വിദ്യാ കേന്ദ്രത്തിന് കല്ലൂര്‍ക്കുന്ന് കോളനിയില്‍ സ്വന്തം ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിന് മൂന്നു ലക്ഷം രൂപ അനുവദിക്കുമെന്ന് സുല്‍ത്താന്‍ ബത്തേരി എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ അറിയിച്ചു. നിലവില്‍ എന്‍ ആര്‍ സി ക്ലബ്ബില്‍ പ്രവര്‍ത്തിച്ചുവരുന്ന തുടര്‍വിദ്യാകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന് വേണ്ടിയാണ് സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നത്.
സാക്ഷരതാ ക്ലാസുകള്‍, നാല്, ഏഴ് തുല്യതാ ക്ലാസുകള്‍ എന്നിവയും പത്താംതരം തുല്യതയും നടത്തുന്ന കേന്ദ്രത്തില്‍ ബോധവല്‍ക്കരണ പരിപാടികളും തൊഴില്‍ പരിശീലനങ്ങളും ഏറ്റെടുക്കാന്‍ സാധിക്കും.
വാകേരി കല്ലൂര്‍ക്കുന്ന് കോളനിയില്‍ നടന്ന കോളനി വികസന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടാണ് എം എല്‍ എ തുടര്‍വിദ്യാ കേന്ദ്രത്തിന് കെട്ടിട നിര്‍മ്മാണ സഹായം പ്രഖ്യാപിച്ചത്. പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ ബി മൃണാളിനി, മെമ്പര്‍ കെ എം ഷിബി, തുടര്‍വിദ്യാകേന്ദ്രം പ്രേരക് സാജിറ ഹനീഫ തുടങ്ങിയവര്‍ പങ്കെടുത്തു