Connect with us

Wayanad

അധ്യാപകരെ തിരിച്ചെടുക്കണം: ആക്ഷന്‍ കമ്മിറ്റി മാനേജറുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി

Published

|

Last Updated

വെള്ളമുണ്ട: വെള്ളമുണ്ട എ യു പി സ്‌കൂളില്‍ നിന്നും മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്ത അധ്യാപകരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാനേജറുടെ വീട്ടിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കഴിഞ്ഞ ദിവസം കലക്ടര്‍ വിളിച്ചു ചേര്‍ത്ത അനുരഞ്ജന ചര്‍ച്ചയില്‍ ഇന്നലെ രാവിലെ തീരുമാനം അറിയിക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ ജില്ലാകലക്ടര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ മാനേജര്‍ വിട്ടുവീഴ്ചക്ക് തയ്യാറാവാത്ത സാഹചര്യത്തിലാണ് സമരസമിതി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.
കല ക്ടര്‍ അനുരഞ്ജന ചര്‍ച്ച വിളിച്ചിട്ടും തീരുമാനമുണ്ടാകുന്നതിന് മുന്‍പെ മാനേജര്‍ക്കെതിരേ ആക്ഷന്‍കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനം നടത്തിയതിനാലാണ് കലക്ടര്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിച്ചതെന്നാണ് മാനേജ്‌മെന്റ് പ്രതിനിധികളുടെ വാദം. എന്നാല്‍ ഇന്ന് മുതല്‍ മാനേജറുടെ വീടിന് മുന്നില്‍ കുടില്‍ കെട്ടി സമരം ആരംഭിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ധര്‍ണക്ക് ഷുക്കൂര്‍ തരുവണ, ഷാജി ജേക്കബ്, സിദ്ദീഖ് പീച്ചങ്കോട് നേതൃത്വം നല്‍കി. അതിനിടെ, സി.പി.എം നേതൃത്വത്തില്‍ മാനേജ്‌മെന്റുമായി ഇന്ന് ചര്‍ച്ച നടന്നേക്കുമെന്നറിയുന്നു.