Connect with us

Thiruvananthapuram

മൂന്നാര്‍ കൈയേറ്റ രേഖകള്‍ കത്തിച്ച സംഭവം: ഉന്നതതല അന്വേഷണം വേണമെന്ന് വി എസ്

Published

|

Last Updated

തിരുവനന്തപുരം: ഉടുമ്പന്‍ചോല താലൂക്ക് ഓഫീസില്‍ സൂക്ഷിച്ചിരുന്ന മൂന്നാര്‍ ഭൂമികൈയേറ്റവുമായി ബന്ധപ്പെട്ട രേഖകളും ഫയലുകളും കത്തിനശിച്ച സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കൈയേറ്റക്കാര്‍ക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് റവന്യൂ വകുപ്പിന്റേത്. കൈയേറ്റം രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിയമസഭാ സമിതി മൂന്നാര്‍ സന്ദര്‍ശിക്കണമെന്നും വി എസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ചിന്നക്കനാല്‍ മേഖലയില്‍ ഭൂമി കൈയേറി റിസോര്‍ട്ടുകള്‍ കെട്ടിപ്പൊക്കിയ മാഫിയകള്‍ക്ക് വേണ്ടിയാണ് ഫയലുകള്‍ തീയിട്ടത്്. കൈയേറ്റം ഒഴിപ്പിക്കാന്‍ നിയോഗിച്ച ദൗത്യ സംഘത്തിന്റെ ഒത്താശയോടെയാണ് കത്തിക്കല്‍ നടന്നതെന്ന് സംശയിക്കുന്നു. ചെലാന്‍ രജിസ്റ്ററുകള്‍ ഉള്‍പ്പെടെ കത്തിനശിച്ചതായാണ് വിവരം. സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചവര്‍ ഭൂമാഫിയകള്‍ക്ക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ദേവികുളം ആര്‍ ഡി ഒ സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള കൈയേറ്റമൊഴിപ്പിക്കല്‍ പ്രഹസനത്തിന്റെ ദൗത്യസംഘത്തലവനാണ്. സംഘത്തിലുള്ള ഉടുമ്പന്‍ചോല തഹസീല്‍ദാര്‍ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് നേരെത്തേ സസ്‌പെന്‍ഷനിലായിരുന്നു. കൈയേറ്റങ്ങള്‍ നിയമവിധേയമാക്കാനുള്ള പണിയാണ് റവന്യൂവകുപ്പും ദൗത്യസംഘവും ചെയ്യുന്നത്.
ആരോപണ വിധേയരായ ഇത്തരം ഉദ്യോഗസ്ഥരുള്‍പ്പെട്ട 12അംഗ ദൗത്യസംഘത്തെ പിരിച്ചുവിട്ട് മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ സമഗ്രമായ കര്‍മപദ്ധതി തയാറാക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.
വ്യാജ പട്ടയമുണ്ടാക്കി തട്ടിയെടുത്ത 22 ഏക്കര്‍ സ്ഥലത്ത് തച്ചങ്കരി കുടുംബം നടത്തുന്ന കാറ്ററിംഗ് കോളജ് ഒഴിപ്പിക്കുന്നത് തടയാന്‍ റവന്യൂ വകുപ്പ് ശ്രമിക്കുകയാണ്. ടോമിന്‍ ജെ തച്ചങ്കരി ഇടുക്കി പോലീസ് സൂപ്രണ്ടായിരുന്നപ്പോള്‍ ഭൂമികൈയേറ്റക്കാര്‍ക്ക് കൂട്ട് നിന്നതിന് പ്രതിഫലമായി സംഘടിപ്പിച്ച ഭൂമിയിലാണ് ഭാര്യ ടിസി തച്ചങ്കരി കാറ്ററിംഗ് കോളജ് നടത്തുന്നത്.
വ്യാജ പട്ടയമായിരുന്നതിനാല്‍ എല്‍ ഡി എഫ് കാലത്ത് ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. അതിനെതിരേ തച്ചങ്കരി കുടുംബം കോടതിയെ സമീപിച്ചതോടെ കേസില്‍ ലാന്‍ഡ് റവന്യൂ കമ്മീഷനര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കാറ്ററിംഗ് കോളജിന്റെ പട്ടയം വ്യാജമല്ലെന്നാണ് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ടെന്നാണ് അറിയുന്നത്.
കൈയേറ്റക്കാര്‍ക്ക് സഹായകമായി റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നില്‍ ഉന്നതതല ഇടപെടല്‍ നടന്നിട്ടുണ്ട്. മൂന്നാര്‍ സന്ദര്‍ശിക്കാന്‍ താന്‍ ആലോചിക്കുന്നുണ്ടെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.

Latest