കോടതിയില്‍ നിന്ന് വരുമ്പോള്‍ രക്ഷപ്പെട്ട മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി

Posted on: March 13, 2013 12:20 am | Last updated: March 13, 2013 at 12:20 am
SHARE

മലപ്പുറം: കോടതിയില്‍ ഹാജരാക്കി തിരികെ കൊണ്ടു പോകുകയായിരുന്ന പ്രതി പോലീസിനെ വെട്ടിച്ച് കുതറിയോടി. പോലീസും നാട്ടുകാരും ചേര്‍ന്ന് ഇരുപത് മിനുട്ടിനകം ഇയാളെ പിടികൂടി. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലായിരുന്നു സംഭവം.
മലപ്പുറം വാറങ്കോട്ടെ മൊബൈല്‍ ഫോണ്‍ കടയില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ മോഷണം പോയ കേസില്‍ മലപ്പുറം പോലീസ് പിടികൂടിയ മുണ്ടക്കോട് പഴമള്ളൂര്‍ വരിക്കോടന്‍ മന്‍സൂറാണ് (28) രക്ഷപ്പെടാന്‍ ശ്രമിച്ചത്. സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന കോടതിയില്‍ ഹാജരാക്കി തിരിച്ച് നടത്തിക്കൊണ്ടുവരുമ്പോഴായിരുന്നു സംഭവം.
രണ്ട് പോലീസുകാരാണ് ഇയാളോടൊപ്പം ഉണ്ടായിരുന്നത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിനടുത്തെത്തിയപ്പോള്‍ ഇയാള്‍ കുതറിയോടുകയായിരുന്നു. പോലീസുകാരും സംഭവമറിഞ്ഞെത്തിയ നാട്ടുകാരും പിറകെയോടി. കടലുണ്ടിപ്പുഴയോരത്തെ കുറ്റിക്കാട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. 18,000 രൂപയുടെ മൂന്ന് മൊബൈല്‍ ഫോണുകള്‍ മോഷണം പോയ സംഭവത്തില്‍ ഇന്നലെയാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ മാസം 16 നായിരുന്നു മോഷണം.