ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 38 കിലോ ചന്ദനം പിടികൂടി

Posted on: March 13, 2013 12:10 am | Last updated: March 13, 2013 at 12:10 am
SHARE

കൊല്ലങ്കോട്: കൊല്ലങ്കോട്-പുതുനഗരം പ്രധാനപാതയില്‍ കരിപ്പോട് വെച്ച് പാസഞ്ചര്‍ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 38 കിലോ ചന്ദനം പുതുനഗരം പോലിസ് പിടികൂടി. ഞായറാഴ്ച രാത്രി ആറരയോടെ ആലത്തൂര്‍ ഡി വൈ എസ് പി ശങ്കരനാരായണന് രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കുഴല്‍മന്ദം സി ഐ കെ പി ഹരിദാസിന്റെ നിര്‍ദ്ദേശപ്രകാരം പുതുനഗരം എസ് ഐ പി യു സേതുമാധവന്‍, ഗ്രേഡ് എസ്.ഐ സദാനന്ദന്‍, സി പി ഒമാരായ തോംസണ്‍, സുരേഷ് എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്. കൊല്ലങ്കോട് ഭാഗത്തുനിന്നും പുതുനഗരത്തേയ്ക്ക് വരികയായിരുന്ന ഓട്ടോറിക്ഷയില്‍ പ്രത്യേകം തയ്യാറാക്കിയ ഡിക്കിക്കുള്‌ലില്‍ വെച്ചാണ് ചന്ദന മരത്തിന്റെ മുട്ടികളും കഷ്ണങ്ങളുമായി 3 പ്ലാസ്റ്റിക് ചാക്കുകളിലായി സൂക്ഷിച്ചിരുന്നത്. വാഹന പരിശോധനയ്ക്ക് ശേഷം തൊണ്ടി മുതലും ഓട്ടോറിക്ഷയും പ്രതികളേയും പോലിസ് കസ്റ്റഡിയിലെടുത്തു. ശ്രീകൃഷ്ണപുരം ആറ്റാശ്ശേരി ഏറാന്‍ വീട്ടില്‍ സെയ്തലവി (38), വല്ലപ്പുഴ ചെറുകോട് മഞ്ഞളുങ്ങല്‍ നിസാര്‍ (29) എന്നിവരാണ് ചന്ദനം കടത്തുമ്പോള്‍ പിടിയിലായത്. പിടികൂടിയ സാധനങ്ങള്‍ കൂടുതല്‍ അന്വേഷണത്തിനായി കൊല്ലങ്കോട് റേയ്ഞ്ച് ഫോറസ്റ്റ് വകുപ്പിന് കൈമാറി. പ്രതികളെ ചിറ്റൂര്‍ ജെ സി എം കോടതി 15 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു.