Connect with us

Kerala

മുഖ്യമന്ത്രി ഇന്ന്‌ പ്രധാനമന്ത്രിയെ കാണും

Published

|

Last Updated

oommen chandl
തിരുവനന്തപുരം;കടല്‍ക്കൊല കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയിലേക്ക് തിരിച്ചുവരില്ലെന്ന ഇറ്റലിയുടെ തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചു. തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇന്ത്യയുടെ അധികാരപരിധിയില്‍ ക്രിമിനല്‍ കുറ്റം നടത്തിയ നാവികര്‍ ഇന്ത്യന്‍ നിയമത്തിന് വിധേയരാകണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിനെയും വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെയും ഇക്കാര്യത്തിലുള്ള കേരളത്തിന്റെ പ്രതിഷേധമറിയിച്ചു. ഇന്നലെ ഡല്‍ഹിക്ക് തിരിച്ച മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയെ കാണും. കേസിന്റെ തുടര്‍നടപടികള്‍ സംബന്ധിച്ച് മുതിര്‍ന്ന അഭിഭാഷകരുമായി കേരള ഹൗസില്‍ ചര്‍ച്ച നടത്തുന്നുണ്ട്. സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ നാവികര്‍ പാലിക്കുന്നുവെന്നും വിചാരണക്കോടതിക്ക് മുമ്പാകെ ഹാജരാകുമെന്നും ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിനു കേന്ദ്ര സര്‍ക്കാറിന്റെ നയതന്ത്രതലത്തിലുള്ള ഇടപെടല്‍ ഉണ്ടാകണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.ക്രിസ്മസ് അവധിക്ക് നാട്ടില്‍ പോകാന്‍ കോടതിയില്‍ അനുമതി തേടിയപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ ഇതിനെ എതിര്‍ത്തതാണ്. ഈ വിയോജിപ്പ് കണക്കിലെടുക്കാതെയാണ് കോടതി അനുമതി നല്‍കിയത്. നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിച്ചപ്പോഴും സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. എന്നാല്‍, സംസ്ഥാനത്തിന് അഭിപ്രായം പറയാന്‍ അധികാരമില്ലെന്ന നിരീക്ഷണമാണ് സുപ്രീം കോടതി നടത്തിയത്. അംബാസഡറുടെ ജാമ്യത്തില്‍ നാട്ടില്‍ വിടാന്‍ തീരുമാനിച്ച ഘട്ടത്തിലും വിയോജിപ്പറിയിച്ചു. സുപ്രീം കോടതിക്ക് പോലും നടപടിയെടുക്കാന്‍ അധികാരമില്ലാത്ത അംബാസഡറുടെ ജാമ്യത്തില്‍ നാവികരെ നാട്ടിലേക്ക് അയക്കാന്‍ പാടില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. വിഷയത്തില്‍, സംസ്ഥാന സര്‍ക്കാറിന് നിയമപരമായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. സംസ്ഥാനത്തിന്റെ നിലപാട് കേന്ദ്രം അംഗീകരിച്ചതാണ്. എന്നാല്‍, തങ്ങള്‍ ഇറ്റലിയിലാണ് വിചാരണ നേരിടേണ്ടതെന്ന നിലപാടാണ് നാവികരുടെത്. ജാമ്യം അനുവദിച്ച കോടതി വ്യവസ്ഥകളില്‍ ഇളവ് നല്‍കിയതാണ് പ്രശ്‌നമായത്. ആദ്യം കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റാന്‍ ഉത്തരവായി. കേരളത്തിലെ പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥ ഡല്‍ഹി സ്റ്റേഷനില്‍ എന്നാക്കി. പാസ്‌പോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ നല്‍കണമെന്ന വ്യവസ്ഥയിലും ഇളവ് നല്‍കി. എല്ലാ പഴുതുകളും അടക്കുന്ന വാദഗതികളാണ് കേരളം ഉന്നയിച്ചിരുന്നത്. വ്യവസ്ഥകളില്‍ മാറ്റം വരുത്തിയപ്പോള്‍ തന്നെ അപകടം ചൂണ്ടിക്കാട്ടിയതാണ്. നാവികര്‍ വരില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അത് അവസാന വാക്കല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest