Connect with us

Kerala

മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട; നാല് പേര്‍ പിടിയില്‍

Published

|

Last Updated

robbersപെരിന്തല്‍മണ്ണ/കാളികാവ്: പെരിന്തല്‍മണ്ണയിലും കാളികാവിലുമായി നാല് പേര്‍ കഞ്ചാവുമായി പിടിയില്‍. പെരിന്തല്‍മണ്ണ ടൗണിനോട് ചേര്‍ന്ന് ബാര്‍ പരിസരങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന ചെറിയ കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ മൂന്ന് പേരെ പെരിന്തല്‍മണ്ണ എസ് ഐ ഗിരീഷും സംഘവും പിടികൂടി. ഇരിങ്ങാട്ടിരി തോണിക്കര ജമാലുദ്ദീന്‍ (41), മോങ്ങം തോപ്പില്‍ അബ്ദുല്‍ ബഷീര്‍ (48), മോങ്ങം ചേനാട്ടുകുഴിയില്‍ അസ്ഗറലി (24) എന്നിവരെയാണ് ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് രഹസ്യ വിവരത്തെ തുടര്‍ന്നുള്ള റെയ്ഡില്‍ വലയിലാക്കിയത്. ഇവരില്‍ നിന്ന് 20 കിലോ കഞ്ചാവ് കണ്ടെടുത്തു.പൊള്ളാച്ചി, പഴനി എന്നിവിടങ്ങളിലായി റൂമെടുത്ത് ആന്ധ്രയില്‍ നിന്നും കഞ്ചാവ് ശേഖരിച്ച് വെക്കുന്ന സംഘത്തില്‍ നിന്നും ബസുകളിലാണ് പാലക്കാട് വരെ കഞ്ചാവ് എത്തിക്കുന്നത്. ഏജന്റുമാര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ വെച്ച് ബിഗ് ഷോപ്പറുകളിലും ബാഗിലുമായി കൊണ്ട് വരുന്ന കഞ്ചാവ് വിതരണം ചെയ്തു വരുന്നതായി പ്രതികള്‍ പോലീസിനോട് പറഞ്ഞു. 2012ലും 13 ലും പെരിന്തല്‍മണ്ണ ഡി വൈ എസ് പി കെ പി വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മലപ്പുറം, കോഴിക്കോട് ഭാഗങ്ങളിലേക്ക് കഞ്ചാവെത്തിക്കുന്ന തമിഴ്‌നാട്ടുകാരായ ഏജന്റുമാരെ തുടര്‍ച്ചയായി പിടികൂടിയതോടെ നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാകുമെന്ന് ഡി വൈ എസ് പി പറഞ്ഞു. അറസ്റ്റിലായ പ്രതികള്‍ മൂന്ന് പേരും ആദ്യമായാണ് പോലീസിന്റെ വലയിലാകുന്നത്. അസ്‌കര്‍ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ വിവിധ സ്റ്റേഷനുകളില്‍ കളവ് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് കഞ്ചാവ് കേസില്‍ കുടുങ്ങിയത്. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ പി മോഹന്‍ദാസ്, സി പി മുരളീധരന്‍, സി പി സന്തോഷ് കുമാര്‍, രഞ്ജിത് കൈമള്‍, അനില്‍ ചാക്കോ, അഭിലാഷ്, എന്‍ ടി കൃഷ്ണകുമാര്‍, പി രാജശേഖരന്‍, സ്മിത എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കാളികാവില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കേരള എസ്‌റ്റേറ്റ് കേലംപറ്റയിലെ വാക്കയില്‍ ഫൈസല്‍(37) നെയാണ് കാളികാവ് പോലീസ് അറസ്റ്റ് ചെയ്തത്.

Latest