Connect with us

Gulf

വ്യാവസായിക വികസനം ലക്ഷ്യംവെച്ച് വിദേശ നിക്ഷേപ നിയമം പരിഷ്‌കരിക്കുന്നു

Published

|

Last Updated

മസ്‌കത്ത്: ഒമാനിലെ വ്യാവസായിക മേഖലക്ക് ശക്തി പകരുന്നതിന്റെ ഭാഗമായി വിദേശ നിക്ഷേപ നിയമം സര്‍ക്കാര്‍ പരിഷ്‌കരിക്കുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വ്യാവസയി സംരംഭങ്ങള്‍ക്ക് കൂടുതല്‍ ഉയര്‍ച്ച നേടിയെടുക്കുന്നതിനും പുതിയ വ്യവസായങ്ങള്‍ തുടങ്ങുന്നതിനുമായി വിദേശ മൂലധന നിക്ഷേപ നിയമം പരിഷ്‌കരിക്കുമെന്ന് വ്യവസായ മന്ത്രി ഡോ. അലി ബിന്‍ മസൂദ് അല്‍ സുനൈദി പറഞ്ഞു. ശൂറ കൗണ്‍സിലിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കൂടുതല്‍ ആകര്‍ഷകവും ലാഭകരവുമായ പദ്ദതികള്‍ തുടക്കം കുറിക്കുന്നതിന് സഹായകമാകുന്ന രീതിയിലാണ് നിയമ പരിഷ്‌കാരം നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു. വിദേശ നിക്ഷേപം വര്‍ധിക്കുന്നതിലൂടെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്ന ഉത്പന്നങ്ങള്‍ സ്വയം നിര്‍മിച്ചെടുക്കുന്നതിന് സാധിക്കും. രാജ്യത്ത് നിര്‍മിക്കുന്ന വസ്തുക്കള്‍ വിലകുറഞ്ഞ് ജനങ്ങള്‍ക്ക് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. പുതുതായി സര്‍ക്കാറിന് കീഴില്‍ ഇബ്രി, മുദൈബി വിലായത്തുകളില്‍ പുതിയ ഇന്‍ഡ്രസ്ട്രിയല്‍ എസ്റ്റേറ്റ് നിര്‍മിക്കും. നിയമ പരിഷ്‌കാരങ്ങള്‍ നടപ്പിലാകുന്നതോടെ ചെറുകിട വ്യവസായങ്ങല്‍ കൂടുതലായി രാജ്യത്ത് തുടങ്ങാനാകും. പുതുതായി തുടങ്ങുന്ന കമ്പനികളില്‍ ചെറിയ തുകയുടെ നിക്ഷേപം നടത്താന്‍ സാധിക്കും.
പുതിയ സാങ്കേതികവിദ്യകളുടെ വ്യവസായങ്ങളുടെ കുറവ് രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് വലിയ കോട്ടം സൃഷ്ടിക്കുന്നുണ്ടെന്ന് അലി ബിന്‍ മസൂദ് അല്‍ സുനൈദി പറഞ്ഞു. സര്‍ക്കാറുമായി സഹകരിച്ചുകൊണ്ടുള്ള പദ്ധതികള്‍ ആരംഭിക്കുന്നതിന് വ്യവസായികള്‍ക്ക് സാഹചര്യമൊരുങ്ങും. സര്‍ക്കാര്‍ തുടങ്ങുന്ന വ്യവസായങ്ങളിലും വിദേശ നിക്ഷേപം നടത്താനാകുന്ന രീതിയിലാകും നിയമ പരിഷ്‌കരണം. രാജ്യത്തെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ കൂടുതല്‍ വിദേശ നിക്ഷേപം ഉണ്ടാകുന്നതോടെ പുരോഗതി കൈവരിക്കാനാകും. കഴിഞ്ഞ കാലങ്ങളില്‍ സര്‍ക്കാര്‍ സമിതി നടത്തിവന്ന പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമ പരിഷ്‌കരണം നടപ്പിലാക്കുന്നത്. വ്യാവസ മന്ത്രി ഡോ. അലി ബിന്‍ മസൂദ് അല്‍ സുനൈദി ശൂറ കൗണ്‍സിലില്‍ സമര്‍പ്പിച്ച വിദേശ മൂലധന നിക്ഷേപ നിയമ പരിഷ്‌കരണ റിപ്പോര്‍ട്ട് ശൂറ ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ മവാലി അംഗീകരിച്ചു.
നിയമ പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്തുന്നത് ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ലോക സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും രാജ്യത്തിന് കരകയറാന്‍ സാധിച്ചിട്ടുണ്ടെന്നും രാജ്യത്തിന്റെ സാമ്പത്തിക നയങ്ങള്‍ ഇതിന് മുതല്‍കൂട്ടായെന്നും മന്ത്രി പറഞ്ഞു. വിദേശ നിക്ഷേപം വര്‍ധിച്ചതും ഇതിന് സഹായകമായെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ മാര്‍ക്കറ്റുകളിലെ വില്‍പന വര്‍ധിച്ചിട്ടുണ്ട്. 2010ല്‍ 1.735 ദശലക്ഷം ഒമാന്‍ റിയാലിന്റെ കച്ചവടമാണ് മാര്‍ക്കറ്റുകളില്‍ നടന്നത്. എന്നാല്‍ 2012ല്‍ ഇത് 1.945 ദശലക്ഷം റിയാലായി വര്‍ധിച്ചു. പന്ത്രണ്ട് ശതമാനം വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായിട്ടുള്ളത്. ഈ വര്‍ഷം മുതല്‍ കൂടുതല്‍ വ്യവസായങ്ങള്‍ രാജ്യത്തെത്തുന്നതോടെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും നിക്ഷേപം നടത്തുന്നതിന് അവസരമൊരുങ്ങും.

 

---- facebook comment plugin here -----

Latest