Connect with us

Gulf

റാസ് അല്‍ മര്‍കസില്‍ വരുന്നത് മിഡില്‍ ഈസ്റ്റിലെ വലിയ എണ്ണ സംഭരണി

Published

|

Last Updated

മസ്‌കത്ത്:മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ എണ്ണ സംഭരണി ഒമാനില്‍ വരുന്നു. റാസല്‍ മര്‍കസിലാണ് ഗള്‍ഫിലെ പെട്രോളിയം വ്യവസായ രംഗത്തെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നായി എണ്ണപ്പെടുന്ന ഓയല്‍ ടാങ്ക് നിലവില്‍ വരുന്നത്. ഒമാന്‍ ടാങ്ക് ടെര്‍മിനല്‍ കമ്പനിയാണ് സംഭരണി നിര്‍മിക്കുന്നത്. ദുകം വ്യവസായ വികസന പദ്ധതികളുടെ ഭാഗമായാണ് റാസല്‍ അല്‍ മര്‍കസിലെ എണ്ണ സംഭരണിയും ശ്രദ്ധ നേടുക.

200 ദശലക്ഷം ബാരല്‍ എണ്ണ സംഭരിക്കുന്നതിനൊപ്പം 440 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള പൈപ്പ്‌ലൈനുമായി ബന്ധിപ്പിക്കുന്നതുമായിരിക്കും പദ്ധതി. രണ്ടാമതൊരു പൈപ്പ് ലൈന്‍ ദുകം എണ്ണ കയറ്റുമതി ടെര്‍മിനലുമായും ബന്ധിപ്പിക്കും. 2017ലാണ് സംഭരണിയുടെ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാകുമെന്നു പ്രതീക്ഷിക്കുന്നത്. ഒമാന്റെ എണ്ണ സംഭരിക്കുന്നതിനാണ് ഒന്നാം ഘട്ടത്തില്‍ ഇവിടെ ഉപയോഗിക്കുക. പിന്നീട് രാജ്യവുമായി എണ്ണയിടപാട് നടത്തുന്ന കമ്പനികള്‍ക്കും സേവനം നല്‍കുമെന്ന് ഓയില്‍ ആന്‍ഡ് ഗ്യാസ് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി നാസര്‍ ബിന്‍ ഖമീസ് അല്‍ ജാശ്മി പറഞ്ഞു.
ലോകത്തു തന്നെ പ്രധാന എണ്ണ കയറ്റുമതി മേഖലയായി മാറിയ മിഡില്‍ ഈസ്റ്റില്‍ ഒമാന്റെ സംഭരണിക്കു വലിയ പ്രധാന്യം കണക്കാക്കുന്നു. വരും വര്‍ഷങ്ങളില്‍ വ്യവസായം വര്‍ധിക്കുന്നതിനും ഇതു വഴിയൊരുക്കുമെന്നാണ് കണക്കു കൂട്ടല്‍. ടെര്‍മിനല്‍ പ്രാദേശികകമ്പനികളെയും രാജ്യാന്തര എണ്ണ കമ്പനികളെയും ഒമാനിലേക്കു കൂടുതല്‍ ആകര്‍ഷിക്കുന്നതിനും പദ്ധതി വഴിതെളിക്കും. അസംസ്‌കൃത എണ്ണയുടെ സംഭരണത്തിന് ഒമാന്‍ പ്രധാന കേന്ദ്രമായി മാറും. മേഖലയിലെ എണ്ണ കയറ്റുമതിയുടെ ഹബ്ബായി മാറുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പുതുതായി വികസിപ്പിക്കുന്ന ദുകം തുറമുഖത്തോട് ചേര്‍ന്ന് എണ്ണ കയറ്റുമതിക്ക് വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണക്കപ്പലുകളുടെ സഞ്ചാരം ഗള്‍ഫ് നാടുകള്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ്. ഹോര്‍മുസ് കടലിടുക്കിനെ പരമാവധി ഒഴിവാക്കുന്നതിന് സഊദി ഉള്‍പെടെയുള്ള രാജ്യങ്ങള്‍ ഇതിനകം തയാറായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest