എയര്‍ കേരള ചാപിള്ളയാകുന്നു

Posted on: March 12, 2013 4:18 pm | Last updated: March 13, 2013 at 6:24 pm
SHARE

air keralaദുബൈ:പ്രസവിക്കുന്നതിനു മുമ്പേ ചാപിള്ളയായി, എയര്‍കേരള വിസ്മൃതിയിലേക്ക്. 200 കോടി രൂപ മൂലധനത്തില്‍ വിഷുദിനത്തില്‍ ആരംഭിക്കാന്‍ ലക്ഷ്യമിട്ട എയര്‍ കേരളക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ പദ്ധതി സമര്‍പ്പിച്ചില്ല. നിക്ഷേപം നടത്താന്‍ പ്രവാസികളായ നിരവധി വ്യവസായികള്‍ മുന്നോട്ടുവന്നിരുന്നുവെങ്കിലും സംസ്ഥാന സര്‍ക്കാറിന്റെ താല്‍പര്യമില്ലായ്മ മനസിലാക്കി പലരും പിറകോട്ടു പോയി. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്താണ് എയര്‍ കേരളക്ക് തുടക്കമിട്ടതെങ്കിലും ചില തല്‍പരകക്ഷികളുടെ എതിര്‍പ്പ് മൂലം പദ്ധതി വെളിച്ചംകണ്ടില്ല.

എയര്‍ ഇന്ത്യയുടെ ക്രൂരത കൂടിയത് മൂലമാണ് വീണ്ടും എയര്‍ കേരള സ്വപ്‌നം ആവിഷ്‌കരിച്ചത്. എയര്‍ കേരളക്ക് നേതൃത്വം നല്‍കുന്നതിനായി എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം രാജിവെച്ച് പ്രമുഖ വ്യവസായി എം എ യൂസുഫലിയും രംഗത്ത് വന്നിരുന്നു. എയര്‍ കേരളക്കു വേണ്ടി മുഖ്യമന്ത്രി ചെയര്‍മാനായി പ്രത്യേകം ഡയറക്ടര്‍ ബോര്‍ഡ് രൂപവത്കരിച്ചിരുന്നെങ്കിലും ആവശ്യമായ നടപടികളൊന്നും കൈക്കൊണ്ടില്ല. കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉറപ്പുനല്‍കിയാല്‍ മാത്രമേ അപേക്ഷ നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.
കേന്ദ്ര സിവില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് അപേക്ഷ നല്‍കാതെ എന്ത് ഉറപ്പാണ് നല്‍കുവാന്‍ കഴിയുകയെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ സി വേണുഗോപാലും ചോദിക്കുന്നു. പദ്ധതി സമര്‍പ്പിക്കാതെ, പദ്ധതിയെ കുറിച്ച് വാചാലമായിട്ട് എന്താണ് കാര്യമെന്നാണ് കേന്ദ്ര വ്യോമയാന വകുപ്പ് അധികൃതര്‍ പറയുന്നത്.
ആഭ്യന്തര സര്‍വീസായാലും അന്താരാഷ്ട്ര സര്‍വീസായാലും വിഷുദിനത്തില്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വിഷുവിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ എയര്‍ കേരള എവിടെയെന്നാണ് പ്രവാസികള്‍ ചോദിക്കുന്നത്. എയര്‍ കേരളയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും വാചാലമായതല്ലാതെ ഒരു നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല. കേന്ദ്രത്തിന്റെ ചുമലില്‍ പഴിചാരി രക്ഷപ്പെടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന എയര്‍ കേരളക്ക് അന്താരാഷ്ട്ര സര്‍വീസിനുള്ള അനുമതി നല്‍കുന്നില്ലെങ്കില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഓഹരി നല്‍കണമെന്ന ആവശ്യവും മുഖ്യമന്ത്രി മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഇതിനുള്ള അപേക്ഷയും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടില്ല.