പുനഃസമാഗമം വികാര നിര്‍ഭരം; മഅ്ദനി പൊട്ടിക്കരഞ്ഞു

Posted on: March 12, 2013 1:55 pm | Last updated: March 12, 2013 at 2:06 pm
SHARE

anvar masthidiyelekk photoശാസ്താംകോട്ട: രണ്ടര വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമുള്ള അബ്ദുന്നാസിര്‍ മഅ്ദനിയുടെ മാതാപിതാക്കളും അനാഥ മക്കളുമായുള്ള ഒത്തുചേരല്‍ വികാര നിര്‍ഭരമായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. അന്‍വാര്‍ശേരി മസ്ജിദില്‍ നടന്ന ളുഹ്ര്‍ നിസ്‌കാരത്തിനും പ്രാര്‍ഥനക്കും നേതൃത്വം നല്‍കിയ മഅ്ദനി വികാരാധീനനായി പൊട്ടിക്കരഞ്ഞു. താന്‍ വന്നത് രോഗികളായ മാതാപിതാക്കളെയും അനാഥരായ മക്കളെയും കാണാനാണെന്നും തന്റെ അസാന്നിധ്യത്തില്‍ അന്‍വാര്‍ശേരി അനാഥമാകരുതെന്നും മഅ്ദനി അഭ്യര്‍ഥിച്ചു. മതത്തിന്റെ വേലികള്‍ തകര്‍ത്ത് നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്തിയതെന്നും തന്റെ പേരില്‍ ജാതി ചേരിതിരിവ് ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. പിറന്ന മണ്ണിനെ സ്‌നേഹിക്കാനാണ് തിരുനബി പഠിപ്പിച്ചത്. അതിന് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും മഅ്ദനി പറഞ്ഞു.
2010 ആഗസ്റ്റ് 17നാണ് മഅ്ദനിയെ അന്‍വാര്‍ശേരിയില്‍ നിന്നും അറസ്റ്റ് ചെയ്ത് ബംഗളൂരു സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയത്. മകള്‍ ഷമീറയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ച അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യത്തിലാണ് മഅ്ദനി ഇന്നലെ ഇവിടെ എത്തിയത്. വന്‍ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ ഇന്നലെ ഉച്ചക്ക് 12.30ഓടെ എത്തിയ മഅ്ദനിയെ കാണാന്‍ സമൂഹത്തിന്റെ നാനാ തുറകളിലുള്ള ജനങ്ങളാണ് പൊരിവെയിലത്ത് പോലും തടിച്ചുകൂടിയിരുന്നത്. മകനെ കാണാന്‍ 11.30 ഓടെ മാതാപിതാക്കളും അന്‍വാര്‍ശേരിയിലെത്തിയിരുന്നു. പോലീസ് അകമ്പടിയിലാണ് മഅ്ദനി മാതാപിതാക്കളെ കണ്ടത്.
ഒരു മണിയോടെ അന്‍വാര്‍ മസ്ജിദിലേക്ക് എത്തിയ മഅ്ദനി ളുഹ്ര്‍ നിസ്‌കാരത്തിനും പ്രാര്‍ഥനക്കും നേതൃത്വം നല്‍കി. തുടര്‍ന്ന് ഉച്ചക്ക് 2.40 വരെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുമായി മഅ്ദനി സ്‌നേഹാന്വേഷണങ്ങള്‍ പങ്ക് വെച്ചു. പിന്നീട് കുണ്ടറ വഴി അസീസിയ മെഡിക്കല്‍ കോളജിലേക്ക് മടങ്ങി. പി ഡി പി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ്, വര്‍ക്കല രാജ്, മൈലക്കാട് ഷാ എന്നിവരോടൊപ്പമാണ് മഅ്ദനി അന്‍വാര്‍ശേരിയിലെത്തിയത്.