ബാഴ്‌സ തിരിച്ചടിക്കുമോ?

Posted on: March 12, 2013 10:08 am | Last updated: March 13, 2013 at 8:29 am

14iht-soccer14-messi-articleLargeമാഡ്രിഡ്: ലയണല്‍ മെസിയുടെ പ്രതിഭയും ബാഴ്‌സലോണയുടെ ക്ലാസും യൂറോപ്പില്‍ ഇന്ന് പരീക്ഷിക്കപ്പെടും. യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ ബാഴ്‌സലോണ അവരുടെ തട്ടകമായ നൗകാംപില്‍ ഇറ്റാലിയന്‍ ക്ലബ്ബ് എ സി മിലാനെ നേരിടുമ്പോള്‍ ഏതര്‍ഥത്തിലും ക്ലാസിക് ആയി മാറും. ഫെബ്രുവരി ഇരുപതിന് സാന്‍സിറോയില്‍ നടന്ന ആദ്യ പാദം മിലാന്‍ 2-0ന് ജയിച്ചിരുന്നു. യൂറോപ്പ് അടക്കിവാണ ബാഴ്‌സലോണയുടെ ശക്തിക്ഷയമായിട്ടാണ് സാന്‍സിറോയിലെ പരാജയം ചര്‍ച്ചചെയ്യപ്പെട്ടത്. ഇത് ശരിവെക്കും വിധം, തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബാഴ്‌സലോണ അവരുടെ ബദ്ധശത്രുവായ റയല്‍മാഡ്രിഡിനോട് രണ്ട് തവണയാണ് പരാജയപ്പെട്ടത്. സ്പാനിഷ് കിംഗ്‌സ് കപ്പില്‍ റയലിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ലാ ലിഗയിലും ബാഴ്‌സലോണ റയലിന്റെ കരുത്തിന് മുന്നില്‍ പതറി. മരിയോ ബലോടെല്ലിയുടെ വരവോടെ, ഊര്‍ജസ്വലത കൈവരിച്ച മിലാന്‍ ഇറ്റലിയില്‍ തുടര്‍ജയങ്ങള്‍ ശീലമാക്കിയിരിക്കുന്നു. ഇതിനിടെയാണ്, ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയെ മറിച്ചിട്ടത്.
ഇന്ന് നൗകാംപില്‍ എന്ത് സംഭവിക്കും? ബാഴ്‌സ യുടെ തിരിച്ചുവരവ് സാധ്യത തള്ളിക്കളയാനാകില്ല. കാരണം, സ്വന്തം തട്ടകത്തില്‍ മെസിക്കും സംഘത്തിനും വീര്യമേറും. ഗോള്‍ വഴങ്ങാതെ മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചാലേ ബാഴ്‌സക്ക് ചാമ്പ്യന്‍സ് ലീഗില്‍ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. മിലാന്റെ പ്രതിരോധനിരയുടെ നിലവാരം ബാഴ്‌സയെ ചിന്തിപ്പിക്കുന്നു. കൗണ്ടര്‍ അറ്റാക്കിംഗിലൂടെ എതിരാളിയുടെ നിലതെറ്റിക്കാന്‍ മിലാന് സാധിക്കും. മെസിയുടെ ഫോമിനെ കുറിച്ചുള്ള ആശങ്ക ബാഴ്‌സ ആരാധകര്‍ക്കിടയിലുണ്ട്. അതേസമയം, ഈ ആശങ്കക്ക് അടിസ്ഥാനമില്ലെന്ന് മെസിയുടെ റെക്കോര്‍ഡുകള്‍ വ്യക്തമാക്കും. തുടരെ പതിനേഴ് മത്സരങ്ങളില്‍ ഗോളടിച്ച് പുതിയൊരു റെക്കോര്‍ഡ് മെസി സൃഷ്ടിച്ചത് കഴിഞ്ഞ ദിവസമാണ്.
മൂന്ന് വര്‍ഷത്തിനിടെ ഹോംഗ്രൗണ്ടില്‍ യൂറോ ചാമ്പ്യന്‍ഷിപ് മത്സരങ്ങള്‍ തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് ബാഴ്‌സക്ക് ആത്മവിശ്വാസമേകുന്നു. മിലാനെ കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലും 2005-06 ല്‍ സെമിയിലും പുറത്താക്കിയത് ബാഴ്‌സയുടെ ക്രെഡിറ്റിലുണ്ട്.
അതേ സമയം മറ്റൊരു ചരിത്രഘടം ബാഴ്‌സക്കെതിരായി നില്‍ക്കുന്നു. എവേ ഗോള്‍ നേടാതെ, ആദ്യ പാദത്തില്‍ രണ്ട് ഗോള്‍ മാര്‍ജിനില്‍ പരാജയപ്പെട്ട ഒരു ടീമും ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് ഘട്ടത്തില്‍ തിരിച്ചുവരവ് നടത്തിയിട്ടില്ല. മിലാനോട് 2-0നാണ് ബാഴ്‌സ ആദ്യ പാദം തോറ്റത്.
ബാഴ്‌സലോണക്ക് പ്രചോദനമേകുന്ന ഒരു തിരിച്ചുവരവ് ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലുണ്ട്. 2003-04 സീസണില്‍ സ്പാനിഷ് ക്ലബ്ബായ ഡിപോര്‍ട്ടീവോ ലാ കൊരുണയുടെത്. മിലാനില്‍ 4-1ന് ക്വാര്‍ട്ടറിന്റെ ആദ്യം പാദം തോറ്റ ഡിപോര്‍ട്ടീവോ സ്വന്തം തട്ടകത്തില്‍ 4-0ന് ജയിച്ച് സെമിയിലേക്ക് മുന്നേറി.